ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞത്. ഡബ്ല്യൂസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. കമ്മിഷന്‍ എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിറ്റി. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ബന്ധമില്ലെന്നും അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പിന്നീട് പ്രതികരിച്ചു. രഹസ്യാത്മകമായി സൂക്ഷിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പലരും കമ്മിറ്റിക്ക് മൊഴി നല്‍കിയിരിക്കുന്നത്. കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
advertisement
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് wcc നിലപാട് എടുത്തിട്ടില്ല. ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു.ഇത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തത്. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്. ഇത് പരസ്യമാക്കാൻ പലരും താത്‌പര്യപ്പെടുന്നില്ല. ഹേമ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിൻ്റെ ശ്രമം - മന്ത്രി വ്യക്തമാക്കി.
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് ഡബ്ല്യൂസിസി എന്ന കൂട്ടായ്മ രൂപീകരിക്കുകയും അവരുടെകൂടി അഭ്യർഥനയുടെ പശ്ചാത്തലത്തിലാണ് സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ കമ്മീഷനെ നിയോഗിച്ചത്. 2012 ഡിസംബർ 31നാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ശുപാർശകളിൽ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ഡബ്ല്യൂസിസി രംഗത്തു വന്നിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഒട്ടേറെ പേരുടെ സ്വകാര്യ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ പുറത്തു വിടാൻ കഴിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞത്.
Also Read- Suresh Gopi | കൊച്ചിയിലെ ഗതാഗത കുരുക്ക്; കാർ ഉപേക്ഷിച്ച് സുരേഷ് ഗോപി ചടങ്ങിനെത്തിയത് ഓട്ടോയിൽ
നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ കടുത്ത ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ നിയമനടപടികൾ വേഗത്തിലാക്കാൻ സർക്കാർ ശ്രമം ആരംഭിച്ചിരുന്നു. നിയമനിർമാണത്തിന്‍റെ ഭാഗമായി എല്ലാ സിനിമാ സംഘടനകളുടെ യോഗം മേയ് നാലിന് വിളിച്ചു ചേർക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡബ്ല്യൂസിസിക്കെതിരെ വെളിപ്പെടുത്തലുമായി നിയമമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
