കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബു (Vijay Babu) സമർപ്പിച്ച കത്തിൻ മേൽ കാര്യമായ ചർച്ചക്കോ കടുത്ത നടപടിക്കോ മുതിരാതെ അതേപടി അംഗീകരിച്ച് താരസംഘടനയായ AMMA (Association of Malayalam Movie Artists). ലൈംഗിക പീഡനപരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ വിജയ് ബാബുവിനെതിരെ കടുത്ത നടപടി വേണം എന്ന് വനിതാ അംഗങ്ങൾ ഉൾപ്പെടെ ഉള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആവശ്യം ഉയർന്നിരുന്ന സാഹചര്യത്തിലാണ് കത്തിലെ ആവശ്യം അംഗീകരിച്ചു നൽകിയുള്ള നടപടി.
ബലാത്സംഗക്കേസിൽ തനിക്ക് എതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ താൻ അംഗമായ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്റെ നിരപരധിത്വം തെളിയുന്നത് വരെ 'അമ്മയുടെ' എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും തൽക്കാലം മാറി നിൽക്കുവാൻ അനുവദിക്കണമെന്നായിരുന്നു വിജയ് ബാബു അമ്മയ്ക്ക് നൽകിയ കത്തിലെ ഉള്ളടക്കം. തുടർന്ന് വിജയ് ബാബുവിന് മാറി നിൽക്കാൻ അവസരം നൽകി.
അമ്മ നേതൃത്വം വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയടക്കം വിജയ് ബാബുവിനെതിരെ നടപടിക്ക് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. നടപടി ചർച്ച ചെയ്യാൻ ഉച്ചയ്ക്ക് ശേഷം അമ്മ ആസ്ഥാനത്ത് യോഗവും ചേർന്നു. ഒടുവിലാണ് കത്ത് അംഗീകരിച്ചുകൊണ്ടുള്ള വർത്താകുറിപ്പ് പുറത്ത് വന്നത്.
മുൻകൂർ ജാമ്യപേക്ഷ നൽകിയ വിജയ് ബാബു ഒളിവിൽ തുടരുകയാണ്. വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതിനിടെ, അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെ യോഗ നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയിൽ അച്ചടക്ക സമിതിക്ക് മുന്നിൽ അദ്ദേഹം 17 ന് ഹാജരാകണമെന്ന് നേതൃത്വം നിർദ്ദേശിച്ചു. ഞായറാഴ്ച ഹാജരാകാൻ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാജരാകുന്നതിന് കൂടുതൽ സമയം ഷമ്മി തിലകൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഈ മാസം 17 ന് ഹാജരാകാൻ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം താര സംഘടനയായ അമ്മയ്ക്ക് എതിരെ ഡബ്ല്യുസിസി രംഗത്ത് വന്നിരുന്നു. പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആൾക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താൻ വനിതാ കമ്മീഷനും സൈബർ പോലീസും തയ്യാറാകണമെന്ന് ഡബ്ല്യു. സി. സി ആവശ്യപ്പെടുന്നു.
ഭയാനകമായ വിധത്തിലാണ് അവളുടെ പേരും ചിത്രങ്ങളും അക്രമിയുടെ ചിത്രത്തോടൊപ്പം വച്ച് ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ വന്നുകൊണ്ടിരിക്കുന്ന അവളുടെ പേരും ചിത്രങ്ങളും പൂർണ്ണമായും എടുത്തുകളായാനും അവർക്കെതിരെ നടപടി എടുക്കാനും അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നുമാണ് ഡബ്ല്യു. സി. സി ഫേസ്ബുക്കിൽ കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.