കണ്ണൂരിലെ തികഞ്ഞ കമ്യൂണിസ്റ്റു പ്രസ്ഥാനക്കാർക്കിടയിൽ നടക്കുന്ന കഥയാണ് 41. കടുത്ത നിരീശ്വര വാദിയാണ് പാരലൽ കോളേജ് അധ്യാപകനായ സഖാവ് ഉല്ലാസ് മാഷ്. സന്യാസികൾ കാട്ടിക്കൂട്ടുന്നത് മാജിക് ആണെന്നും, ജീവിതം നിയന്ത്രിക്കുന്നത് മനുഷ്യന്റെ യുക്തിയാണെന്നും അഗാധമായി വിശ്വസിച്ച് ജീവിക്കുന്ന വ്യക്തി. എന്തിനേറെ പറയുന്നു, ഇഷ്ടപെട്ട പെണ്ണിനെ പാർട്ടി തത്വങ്ങൾ അനുസരിച്ചേ കെട്ടൂ എന്ന പിടിവാശി കൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞ വ്യക്തിയാണ് ഇദ്ദേഹം.
advertisement
ഒരു പ്രത്യേക സാഹചര്യത്തിൽ, അഥവാ തന്റേതല്ലാത്ത കാരണത്താൽ, യുക്തിവാദിയായ ഉല്ലാസ് മാഷിന് മല കയറേണ്ടി വരുന്നു. ഇവിടെ മുതൽ പ്രേക്ഷകരുടെയും സമൂഹത്തിന്റെയും പല ചോദ്യങ്ങൾക്കും തന്ത്രപരമായ ഉത്തരങ്ങൾ നൽകി മുന്നേറുന്ന ഒരു തിരക്കഥാകൃത്തിനെയും സംവിധായകനെയും കണ്ടു തുടങ്ങുന്നു.
ഇപ്പറഞ്ഞ മല കയറാനുള്ള കാരണം തന്റേതല്ലാത്തത് കൊണ്ട് തന്നെ, മാലയിടുന്നത് മുതൽ, മല കയറ്റം വരെ ഉല്ലാസ് മാഷിന് അത്ര രസിക്കുന്നില്ല. എന്നിരുന്നാലും സാഹചര്യ സമ്മർദ്ദം മൂലം പിന്തിരിയാനുമാവില്ല.
പ്രേക്ഷകരുടെ മനസ്സിൽ തീർത്തും സ്വാഭാവികമായ ചോദ്യമാണ് യുക്തിവാദി മല കയറി മനസ്സ് മാറി തിരികെ വരുമോ എന്നത്. സിനിമക്കുള്ളിലും ഒരു കഥാപാത്രത്തിന്റെ ഡയലോഗിൽ ഈ ചിന്ത ഉടലെടുക്കുന്നുണ്ട്. ശ്രീനിവാസൻ ചിത്രം 'ചിന്താവിഷ്ടയായ ശ്യാമള' കണ്ടത് മുതലുള്ള 'വിജയൻ മാഷ് എഫ്ഫക്റ്റ്' എന്നും ഇതിനെ വ്യാഖ്യാനിക്കാം.
തൊഴിലിൽ രണ്ടു പേരും മാഷുമാരെന്നതൊഴിച്ചാൽ ഈ കഥാപാത്രങ്ങൾ രണ്ടും വ്യത്യസ്ത ധ്രുവങ്ങൾ തന്നെ. അത് കൊണ്ട് ആ താരതമ്യം ഇവിടെ ഉപേക്ഷിക്കാം.
ഗ്രാമത്തിലെ അമ്പലത്തിൽ മാലയിടുന്നത് മുതൽ പുൽമേട്ടിൽ മകര ജ്യോതി ദർശനം വരെ ഉല്ലാസ് മാഷ് എന്ന സഖാവ് എത്തുമ്പോൾ, ഇയാളുടെ മാനറിസങ്ങൾ യുക്തിവാദിയുടേതായി നിലനിൽക്കുന്നതാവും സ്‌ക്രീനിങ്ങിൽ കാണുക. എന്നാൽ ഭാവ ചലനങ്ങളിലൂടെ പ്രേക്ഷകർക്ക് വായിച്ചെടുക്കാൻ എന്തൊക്കെയോ ബാക്കിയുണ്ടാവും.
Also read: 41 movie review: first half: 'യുക്തി സ്വാമി'യുടെ മലകയറ്റം ഇതുവരെ
കൃത്യമായ നിരീക്ഷണ പാടവം വെളിവാകുന്നത്, ഈ ചിത്രത്തിൽ ഭക്തിയും യുക്തിയും തമ്മിലെ അതിർവരമ്പ് തീർത്തിരിക്കുന്നിടത്താണ്. അണിയറക്കാരും അഭിനേതാക്കളും ഇക്കാര്യത്തിൽ പുലർത്തിയ ജാഗ്രത കാണാതെ പോകരുത്. സിനിമയിൽ കാണുന്ന പാർട്ടി വൃത്തങ്ങളിൽ തന്നെയുള്ള ഭക്തരുടെ സാന്നിധ്യവും ഈ നിരീക്ഷണത്തിന്റെയും ചിന്തയുടെയും ഉത്പ്പന്നമെന്ന് തീർച്ച.
ഉല്ലാസ് മാഷിന്റെ 'ഭാഗ്യം' ആയി എത്തുന്ന കാമുകിയുടെ വേഷത്തിൽ നിമിഷ സജയൻ ഒരിക്കൽ കൂടി വെള്ളിത്തിരയിലെ തന്റെ ഇരിപ്പിടം ഉറപ്പിച്ചിരിക്കുന്നു. നാട്ടിൻപുറത്തിന്റെ നന്മയോതുന്ന നായികാ കഥാപാത്രങ്ങൾക്ക് പകരക്കാരില്ലാതെയുള്ള ജൈത്രയാത്രയാണ് നിമിഷയുടേതെന്ന് ഒരിക്കൽക്കൂടി വെളിവായിരിക്കുന്നു.
വളരെ മികച്ച അഭിനയം കാഴ്ച വച്ച രണ്ടു പേർ സിനിമയുടെ മൊത്തത്തിലെ പ്രകടനത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. വാവച്ചി കണ്ണൻ എന്ന ഉല്ലാസ് മാഷിന്റെ സന്തത സഹചാരിയുടെ റോൾ അഭിനയിച്ചു തകർത്ത ശരൺജിത്തിന്റെ പ്രകടനം സിനിമയിൽ ഉടനീളം ശ്രദ്ധേയമാണ്. കണ്ണന്റെ ഭാര്യ സുമയുടെ വേഷം കൈകാര്യം ചെയ്ത ധന്യ അനന്യയും തന്റെ വേഷം മിഴിവുറ്റതാക്കി. തിയേറ്റർ മേഖലയിൽ നിന്നുള്ള കണ്ടെത്തലുകളാണ് ഇരുവരും.
ഇനി, ശബരിമല സ്ത്രീപ്രവേശന വിഷയത്തോടുള്ള പ്രതികരണമാണോ ഈ ചിത്രം എന്ന ചോദ്യത്തിനും ഒറ്റവാക്കിൽ ഉത്തരം ഉണ്ട്. അല്ല. സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയത്തെ മികച്ച ഒരു കുടുംബ ചിത്രം കൂടിയായി അവതരിപ്പിക്കുന്ന 41ന് മുഴുവൻ മാർക്കും നൽകാം.