''ആ രണ്ടു രാപകലുകൾ ഉറങ്ങി ഞാൻ ജീവിതത്തിലേക്ക് ഉണർന്നു'': '41' വരെയുള്ള സിനിമാ യാത്ര: ലാൽജോസ്

ഒറ്റപ്പാലത്തെ വേലായുധൻ വൈദ്യന് മുന്നിലിരുന്ന ആ രോഗി സിനിമാ സംവിധായകനാണ്. അയാളുടെ രോഗത്തിന് ഒരു ഹേതുവുണ്ടായിരുന്നു. അയാളുടെ ആറാമത്തെ ചിത്രം വൻ പരാജയമായി. എല്ലാ കോണിൽ നിന്നും വിമർശനങ്ങൾ ഉണ്ടായി. അങ്ങനെ ഉറക്കം നഷ്ടമായി. തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ഇറങ്ങുന്നതിന് തൊട്ടു മുമ്പ് സംവിധായകൻ ലാൽ ജോസ്,  ചന്ദ്രകാന്ത് വിശ്വനാഥിനോട് ആ കഥ പറഞ്ഞു....

Chandrakanth viswanath | news18-malayalam
Updated: November 8, 2019, 10:27 AM IST
''ആ രണ്ടു രാപകലുകൾ ഉറങ്ങി ഞാൻ ജീവിതത്തിലേക്ക് ഉണർന്നു'': '41' വരെയുള്ള സിനിമാ യാത്ര: ലാൽജോസ്
സംവിധായകൻ ലാൽ ജോസ്
  • Share this:
'വല്ല വയ്യാത്ത കേസിലും പെട്ടോ ?'..
അധ്യാപകനായ അപ്പനെ ഞെട്ടിച്ച് വേലായുധൻ വൈദ്യരുടെ ആദ്യ ചോദ്യം ഇതായിരുന്നു. കാരണം ഉണ്ട്. മൂന്നു നാളായി മകന് ഉറക്കമില്ല എന്ന് അവന്റെ ഭാര്യ പറഞ്ഞതു കൊണ്ടാണ് അപ്പൻ വൈദ്യരുടെ അടുത്തു കൊണ്ടുവന്നത്.

മകൻ പറഞ്ഞു . 'ഇല്ല '
പിന്നെ കാശു പോയോ ?
ഇത്തവണ മറുപടി പറഞ്ഞത് അപ്പനാണ്.' നഷ്ട്ടപ്പെടാൻ അവന്റെ കയ്യിൽ കാശൊന്നുമില്ല.പക്ഷെ അവൻ കാരണം മറ്റൊരാളുടെ പണം പോയി.'
ഉവ്വോ ? കണ്ണുകൾ വിടർത്തി വൈദ്യർ ചോദിച്ചു. 'അതിന്റെ വിഷമമാണോ ?
'അതേ'. രോഗി മറുപടി പറഞ്ഞു.

Also Read- 'അയ്യനയ്യനയ്യൻ'; ഭക്തിസാന്ദ്രമായി നാൽപ്പത്തിയൊന്നിലെ ഗാനം

'ഉം. മനുഷ്യന്മാരാകുമ്പോ അങ്ങനെ ഉണ്ടാകും'. എന്നിട്ട് അപ്പനോട് പറഞ്ഞു. 'അപ്പൊ മാഷ്ടെ മകൻ ഒരു മനുഷ്യനാണ്. അതാണ് ഈ വിഷമം'. എന്നിട്ട് രോഗിയെ നോക്കി. ' അപ്പൊ മനുഷ്യന്മാരെന്തു ചെയ്യണം ? ഉത്തരവും വൈദ്യർ തന്നെ പറഞ്ഞു. ' പാലു കുടിക്കണം. ഞാൻ ഒരു ചൂർണം തരാം. അത് പാലിൽ ചേർത്തു കൊടുക്കണം'.

ഒറ്റപ്പാലത്തെ വേലായുധൻ വൈദ്യന് മുന്നിലിരുന്ന ആ രോഗി സിനിമാ സംവിധായകനാണ്. അയാളുടെ രോഗത്തിന് ഒരു ഹേതുവുണ്ടായിരുന്നു. അയാളുടെ ആറാമത്തെ ചിത്രം വൻ പരാജയമായി. എല്ലാ കോണിൽ നിന്നും വിമർശനങ്ങൾ ഉണ്ടായി. അങ്ങനെ ഉറക്കം നഷ്ടമായി. തന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ഇറങ്ങുന്നതിന് തൊട്ടു മുമ്പ് സംവിധായകൻ ലാൽ ജോസ്,  ചന്ദ്രകാന്ത് വിശ്വനാഥിനോട് ആ കഥ പറഞ്ഞു. തന്റെ ജീവിതമായി മാറിയ സിനിമയേ കുറിച്ച്. തന്നെ മാറ്റിയെടുത്ത മുപ്പതു വർഷത്തെ ജീവിതത്തിൽ മറക്കാനാവാത്ത കുറച്ചു മനുഷ്യരെക്കുറിച്ച് ലാൽ ജോസ് പറയുന്നു....

Also Read- ചലച്ചിത്ര പ്രേമികൾക്ക് ഇന്ന് ഗോൾഡൻ ഫ്രൈഡേ; റിലീസാകുന്നത് നാലു സിനിമകൾ

പതിനഞ്ചു വർഷം മുമ്പാണ് സംഭവം. രസികൻ ഇറങ്ങി. ആകെ നിരാശ. വീട്ടിലായിരുന്നു. മൂന്ന് ദിവസത്തിലേറെയായി ഞാൻ ഉറങ്ങുന്നില്ല എന്ന് ഭാര്യ ലീനയ്ക്ക് തോന്നി. പത്രം എടുത്ത് വായിക്കാനിരുന്നാലും അതിലൊന്നിലും ശ്രദ്ധയില്ല. ലീന അപ്പനോട് പറഞ്ഞു. പുള്ളിയാണ് വേലായുധൻ വൈദ്യനടുത്തേക്ക് കൊണ്ടുപോയത്. ആൾക്ക് എന്നെ അറിയില്ല. എന്റെ തൊഴിലും അറിയില്ല. മീശ മാധവനിൽ ജഗതി ചേട്ടന്റെ രൂപം പരുവപ്പെടുത്തിയത് വൈദ്യന്റെ സാമ്യത്തിലാണ്.പ്രത്യേകിച്ച് ആ ചെവിയിലെ രോമങ്ങൾ.

പ്രത്യേക രീതിയിലാണ് അദ്ദേഹത്തിന്റെ ചികിത്സ. കുറെ മരുന്നുകളുടെ പേര് പറഞ്ഞിട്ട് നമ്മളോട് ചോദിക്കും . ഇത് മതിയോ ? മതി എന്നാവുമല്ലോ നമ്മുടെ ഉത്തരം . അപ്പൊ പുള്ളി പറയും. ഏയ് അത് ശരിയാവില്ല. പിന്നേം കുറെ മരുന്നുകളുടെ പേര് പറയും. പിന്നെയും ചോദിക്കും. ഇതായാലോ ? ആവാം എന്നാവുമല്ലോ നമ്മുടെ ഉത്തരം. അപ്പൊ വൈദ്യർ പറയും. അത് വേണ്ട. നമുക്ക് മറ്റേത് തന്നെ മതി. ഇതാണ് ഒരു സ്റ്റൈൽ.

ഉറക്കത്തിനു മരുന്ന് തരുന്നതിന് മുമ്പ് പുള്ളി ലീനയോട് ചോദിച്ചു . ജോലി എന്തെങ്കിലും ഉണ്ടോ ? ഉണ്ടെന്നു പറഞ്ഞപ്പോ രണ്ടു ദിവസം അവധി എടുത്തോളൂ എന്നായിരുന്നു മറുപടി. അതിന് കാരണമുണ്ടായിരുന്നു. അങ്ങനെ ചൂർണവും ഒരു എണ്ണയുമായി വീട്ടിലെത്തി. തലയിൽ വെള്ളമൊഴിക്കുന്നതു പോലെ എണ്ണ തേക്കാനായിരുന്നു വൈദ്യരുടെ നിർദേശം. അങ്ങനെ ചെയ്തു. കുളിച്ചു. പറഞ്ഞ പ്രകാരം നിറയെ ഭക്ഷണം കഴിച്ചു. അപ്പോൾ തന്നെ ഉറക്കം വന്നു തുടങ്ങി. പാലിൽ ചൂർണം കലക്കി കഴിച്ചു. പിന്നെ രണ്ടു ദിവസം നടന്നതൊക്കെ വീട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. കാരണം ആ രണ്ടു രാപകലുകൾ കഴിഞ്ഞാണ് ഞാൻ ഉണർന്നത്. അതിനിടയിൽ വെള്ളം ചേർത്ത പാൽ സ്പൂണിലാക്കി തരാനായിരുന്നു ലീനയോട് ലീവെടുക്കാൻ പറഞ്ഞത്. എന്തായാലും ഉണർന്നപ്പോൾ ജീവിതം മാറി. പരാജയങ്ങളെ നേരിടാൻ കഴിവുള്ള മനസുമായി.

ഗൂഗിളിനും മൊബൈലിനും മുമ്പ് ലൊക്കേഷന് വേണ്ടി രണ്ടായിരം കിലോമീറ്റർ ഓട്ടം

രണ്ടാമത്തെ ചിത്രത്തിന് ലൊക്കേഷൻ പ്രധാനമായിരുന്നു. മനോഹരമായ ആ ദൃശ്യങ്ങൾക്കായി ക്യാമറാമാനായി എസ്. കുമാറിനെ നിശ്ചയിച്ചു. നിറയെ പശുക്കളുള്ള ഒരു ഗ്രാമം. കുന്നുകളും പുഴയുമുള്ള നാട്. ശ്രീകൃഷ്ണന്റെ അമ്പാടിയായിരുന്നു മനസ്സിൽ.  ഇതിനു വേണ്ടി ഒട്ടേറെ ഗ്രാമങ്ങൾ കണ്ടു. പക്ഷെ ശരിയായില്ല. അങ്ങനെ ആ യാത്ര തുടർന്നു.

പലേടത്തും പലതായിരുന്നു പ്രശ്‍നം. പശുക്കളെ വണ്ടിയിൽ കയറ്റി കൊണ്ടു പോയാലൊന്നും ശരിയാവില്ല. അങ്ങനെ ഹൊഗെനക്കൽ പോകാമെന്നു വെച്ച്. നിർമാതാവ് സുബൈറിന്റെ സുമോയാണ് വണ്ടി. അത് ഞങ്ങൾ കുറേപ്പേര് ഉണ്ട്. ഈ ഓട്ടത്തിനിടെയിൽ ഞാൻ ശരിക്കും ചീത്തയും കേൾക്കുന്നുണ്ട്. ഹൊഗെനക്കൽ എത്തി. കഥയ്ക്ക് ചേരുന്നില്ല. ആകെ നിരാശനായി. സുബൈറിന്റെ ചീത്ത വേറെയും.

രാത്രി ഒരു ടെലിഫോൺ ബൂത്തിൽ നിന്ന് ലീനയെ വിളിച്ചു. അപ്പൊ അവൾ പറഞ്ഞു ശരത് ചന്ദ്രൻ എന്നൊരാൾ വിളിച്ചിരുന്നു. എന്തോ സ്ഥലത്തിന്റെ കാര്യത്തിനാണ്. അന്ന് സംവിധായകനായിട്ടില്ലാത്ത ശരത് ചന്ദ്രൻ വയനാട് ആണ്.പശുക്കൾ ഉള്ള ലൊക്കേഷന്റെ കാര്യം പലരോടും പറഞ്ഞിരുന്നു. ഏതോ ഒരു നമ്പർ കൊടുത്തിരുന്നു. അതിലേക്ക് അപ്പൊ തന്നെ വിളിച്ചു. ചേട്ടാ കക്കിലതുണ്ടി എന്നൊരു സ്ഥലമുണ്ട്. അവിടെ അയ്യായിരം പശുക്കൾ ഉണ്ടാകും. ആയിരത്തോളം വീടുണ്ട്. ഓരോരോരുത്തർക്കും നാലഞ്ച് പശുവെങ്കിലും ഉണ്ട്. ശരത് ചന്ദ്രൻ പറഞ്ഞു.

കേട്ടപ്പോതന്നെ സന്തോഷം തോന്നി. പെട്ടെന്ന് വന്നാൽ നന്നായിരിക്കും.അവൻ പറഞ്ഞു. നിങ്ങൾ എവിടെയാ ഉള്ളത് ? ഹൊഗെനക്കൽ എന്ന് പറഞ്ഞതോടെ പുള്ളി ആകെ ഡൌൺ ആയി. രണ്ടു ദിവസം പിടിക്കുമല്ലോ. പിന്നെ വേറെയൊരു വഴിയുണ്ട്. സത്യമംഗലം വനം വഴി.അത് വഴിയാണെങ്കിൽ ഒരു പകൽ കൊണ്ട് എത്താം. വീണ്ടും തകർന്നു. വീരപ്പൻ ഉള്ള കാലമാണ്.പുള്ളീടെ ഏരിയ ആണല്ലോ അത്. രാവിലെ പുറപ്പെട്ടു. അധികം വണ്ടി വരാത്ത വനത്തിലെ വഴി. അങ്ങനെ സൂര്യൻ അസ്തമിക്കാറായപ്പോ കക്കിലതുണ്ടി എത്തി. പ്രധാന വഴി കേറിയപ്പോ തന്നെ മനസ് നിറഞ്ഞു. മനസ്സിൽ കണ്ട അതെ ദൃശ്യങ്ങൾ. അസ്തമന സൂര്യനൊപ്പം കുന്നിറങ്ങി വരുന്ന പശുക്കൾ. റോഡിൽ മുട്ടു കുത്തി നിന്ന് കുരിശു വരച്ചു. പിന്നെ കുമാറേട്ടനെ വിളിച്ചു. ചേട്ടാ, ഉഗ്രൻ സ്ഥലം. ഇവിടെ ഒരു അയ്യായിരം പശു എങ്കിലും കാണും. എണ്ണം കുറച്ച് കുറയ്ക്കാൻ പറ്റുമോ ?ഇങ്ങനെയായിയിരുന്നു മറുപടി. ഗുണ്ടൽപെട്ടിനടുത്തായിരുന്നു അത്. അങ്ങനെ അതും ദൃശ്യങ്ങളിലേക്ക് എത്തി.മനോഹരമായ ദൃശ്യങ്ങൾ എടുത്തു വീട്ടിലെത്തിയപ്പോൾ വീട്ടുകാർ ഞെട്ടി.ആകെ കറുത്തു കരുവാളിച്ചിരുന്നു. അത്ര വെയിലായിരുന്നു അവിടെ.

പഴയ കൂട്ടുകാലം തിരിച്ചു കൊണ്ടുവന്ന സിനിമ

സിനിമയിലെ വലിയ തിരിച്ചടിക്ക് ശേഷമാണ് ക്‌ളാസ് മേറ്റ്സ് ഉണ്ടാകുന്നത്. ഷാജി വർഗീസിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ഇരുന്നാണ് ജെയിംസ് ആൽബർട്ടിന്റെ കഥ കേൾക്കുന്നത്. പ്രേക്ഷകന് ഏതെങ്കിലും തരത്തിൽ സംശയം തോന്നിയാൽ പാളിപ്പോകുമായിരുന്ന ചിത്രം. അതിനാൽ ഏറ്റവും എഫേർട് എടുത്തു ചെയ്ത ചിത്രമായിരുന്നു. അതിന്റെ റിസൾട്ടും കിട്ടി. ലോകമെമ്പാടും മലയാളികളുടെ കലാലയ സൗഹൃദങ്ങൾ പുതുക്കാൻ വഴിയിട്ടു ആ ചിത്രം. കലാലയ കൂട്ടായ്മകൾ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി. ക്‌ളാസ് മേറ്റ്സ് ഒരു വലിയ തരംഗം സൃഷ്ടിച്ചു. അത് ലോകമറിയുകയും ചെയ്തു.

എന്നാൽ അദ്‌ഭുതപ്പെടുത്തുന്ന സിനിമ വിക്രമാദിത്യനാണ്. ഇഖ്ബാൽ കുറ്റിപ്പുറം എഴുതിയ ചിത്രം. റീലിസ് സമയത്ത് പലരും കുറ്റം പറഞ്ഞു. ക്ലൈമാക്സ് അവിശ്വസനീയമാണ് എന്നായിരുന്നു പ്രധാന ആക്ഷേപം. എങ്കിലും പടം ഹിറ്റായി. എന്നാൽ അതിന്റെ വിജയം ഇപ്പോഴും തുടരുന്നു എന്നതാണ് സത്യം. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം എനിക്കൊരു വീഡിയോ കിട്ടി. കന്നഡകാരനായ ഒരു ചെറുപ്പക്കാരൻ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന അയാളുടെ സുഹൃത്ത് ഒരു സംവിധായകന്റെ മകനാണ് എനിക്കത് അയച്ചു തന്നത് . എന്നെ അറിയാവുന്ന ആളാണ് എന്ന് കേട്ടപ്പോൾ ഉണ്ടായ സന്തോഷത്തിൽ എടുത്തയച്ചതാണ്. വിഷയം വിക്രമാദിത്യൻ തന്നെ. അത് അയാളുടെ ജീവിതത്തെ നല്ല രീതിയിൽ സ്വാധീനിച്ചു എന്നാണ് അയാൾ പറയുന്നത്.

ഇനി വേറൊരു അനുഭവം. ഡൽഹിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഒരു യുവതി. അവൾക്ക് ഡോക്ടർ ആകാമായിരുന്നു ആഗ്രഹം. എന്നാൽ വീട്ടിലെ ചുറ്റുപാടുകൾ അതിന് അനുവദിച്ചില്ല. അവൾ നഴ്‌സായി. പ്രമുഖ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്ററിൽ ജോലിയും കിട്ടി. ഒപ്പം ജോലി ചെയ്ത ഒരു ഉത്തരേന്ത്യക്കാരിയും സമാന നിലയിലായിരുന്നു. ഡോക്ടർ ആകാൻ ആഗ്രഹിച്ചു. എന്നാൽ നല്ല റാങ്ക് നേടാൻ കഴിഞ്ഞില്ല.പണം ഉള്ള വീട്ടുകാർക്ക് നഴ്‌സ് ജോലി താല്പര്യവും ഇല്ല.അവൾക്ക് ഇനി വിജയിക്കും എന്ന ആത്മവിശ്വാസവും ഇല്ല ആകെ നിരാശയായ അവൾക്ക് നമ്മുടെ മലയാളി ഒരു സമ്മാനം കൊടുത്തു. വിക്രമാദിത്യന്റെ ഇംഗ്ലീഷ് സബ് ടൈറ്റിൽ ഉള്ള ഡിവിഡി. സിനിമ അവളെ ആകെ മാറ്റി. വീണ്ടും എൻട്രൻസ് എഴുതി. അവൾ മെഡിസിന് ചേർന്നു. അവിടം കൊണ്ടും തീർന്നില്ല. നമ്മടെ മലയാളിയോടൊപ്പം ജോലി ചെയ്യുന്ന ഒരു ഡോക്ടർ അവളോട് ചോദിച്ചു. നിനക്ക് നല്ല കഴിവുണ്ടല്ലോ? ഡോക്ടർ ആയിക്കൂടെ എന്ന്. അവൾ സാഹചര്യങ്ങൾ വിശദീകരിച്ചു. ഡോക്ടർ വൈകിട്ട് അവൾക്ക് ഗിഫ്റ്റ് പേപ്പറിൽ ഒരു സമ്മാനം കൊടുത്തു. ഇത് നീ കണ്ടു നോക്കൂ എന്ന് പറഞ്ഞു. കേൾക്കുമ്പോൾ ചിരിക്കരുത്. അത് വിക്രമാദിത്യൻ ഡിവിഡി ആയിരുന്നു. കാലം കുറേ കഴിഞ്ഞു. പക്ഷെ അതിപ്പോഴും ആളുകളെ നല്ല രീതിയിൽ സ്വാധീനിക്കുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്.

അവരും ഞാനും തമ്മിൽ

എന്റെ നായകന്മാർ എനിക്ക് ഇങ്ങോട്ടാണ് സിനിമ തന്നത്.പലപ്പോഴും ജീവിതവും തരികയായിരുന്നു അവർ.. താഴെ വീണപ്പോൾ അവരാണ് കൈ തന്നത്. മമ്മൂക്കയാണ് മറവത്തൂർ കനവ് തന്നത്. ആദ്യ സിനിമയ്ക്കായി എന്റെയും ശ്രീനിയേട്ടന്റെയും മനസിലുള്ള കഥകളിൽ മമ്മുക്കയില്ലായിരുന്നു. അത് സാധ്യമാകുമായിരുന്നുവെന്ന് അന്ന് തോന്നിയിരുന്നില്ല. എന്നാൽ നിന്റെ മനസിലെ നായകന് എന്റെ ഛായ ഉണ്ടെങ്കിൽ ഞാൻ അഭിനയിക്കാൻ തയാർ എന്ന് മമ്മൂക്ക താല്പര്യം എടുത്തപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് പറ്റുന്ന കഥ ആലോചിച്ചു തുടങ്ങി. അത് കാര്യം മുഴുവൻ മാറ്റി. അങ്ങനെ ചാണ്ടിയും മറവത്തൂരും ഉണ്ടായി.

ഏറെക്കാലമെടുത്ത രണ്ടാം ഭാവത്തിന് പ്രൊമോഷൻ തരാൻ വേണ്ടി ഏറെ ബുദ്ധിമുട്ടിയത് ബിജു മേനോനാണ്. സ്വന്തം കാശു മുടക്കി തിരുവനന്തപുരത്തു വന്നു താമസിച്ച് അന്നുണ്ടായിരുന്ന ഏക പ്രൊമോഷൻ സാധ്യതയായ ചാനലുകളുമായൊക്കെ സംസാരിച്ചത് ബിജുവാണ്.
രണ്ടാം ഭാവം പരാജയപ്പെട്ട് ഒറ്റപ്പാലത്തെ കൊച്ചു വീട്ടിൽ നിന്ന എന്നെ തേടി ദിലീപ് വന്നു. എല്ലാ പടവും ഹിറ്റായിക്കൊണ്ടിരുന്ന നായകൻ എനിക്ക് ഓപ്പൺ ഡേറ്റ് തന്നിരുന്നു. അങ്ങനെ മീശ മാധവൻ ഉണ്ടായി. അന്നത്തെ കടലു പോലത്തെ വലിയ തീയറ്ററുകളെ ജനങ്ങളെക്കൊണ്ട് നിറച്ച ചിത്രം. പുരസ്‌കാരങ്ങൾ സമ്മാനിച്ച അയാളും ഞാനും തമ്മിൽ പൃഥ്വിരാജാണ് കൊണ്ടു വന്നത്. കഥ കേട്ട രാജു എന്നെയാണ് നിർദേശിച്ചത്. പിന്നെയാണ് ഞാൻ ബോബിയും സഞ്ജയും ആയി ഇരുന്നത്. രാജുവിന്റെ നല്ല സമയം കഴിഞ്ഞു എന്ന് പലരും വിധിയെഴുതിയ കാലത്താണ് ആ പടം വരുന്നത്. പക്ഷെ ജനം ആ സിനിമയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.

ആറ് എഴുത്തുകാരാണ് എന്റെ സിനിമകളിലൂടെ തിരക്കഥാകൃത്തായി വന്നത്. ഏഴാമനാണ് 41 ന്റെ എഴുത്തുകാരൻ പിജി പ്രഗീഷ്. അതിൽ രഞ്ജൻ പ്രമോദും റെജി നായരും ജെയിംസ് ആൽബെർട്ടും സംവിധായകരായി. മുരളിഗോപിയാകട്ടെ എഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും മുകളിലെ നിലയിലായി. മൂന്നു ചിത്രങ്ങൾ വീതം ബെന്നി പി നായരമ്പലം, ഇഖ്ബാൽ കുറ്റിപ്പുറം ഇവരുമൊത്ത്. സിന്ധുരാജ് നാലെണ്ണവും എഴുതി.

ഏതു കാലത്തെ യുവാവാണ് നിങ്ങൾ ?

എനിക്ക് ഇത്രയും കാലം സിനിമയിൽ നിൽക്കാൻ കഴിഞ്ഞത് എന്റെ മാത്രം കഴിവല്ല. പഴയതിനേക്കാൾ ബുദ്ധിമുട്ടാണ് സിനിമകൾ വിജയിപ്പിക്കാൻ. എന്റെ പാഷൻ, ഹോബി, തൊഴിൽ ഇതു മൂന്നും ഒന്നായി. 22-ാമത്തെ വയസിൽ സിനിമയിലെത്തിയതാണ്. ഈ കാലയളവിൽ ഞാൻ ചെയ്ത ഒരേയൊരു ജോലി സിനിമയാണ്. അസിസ്റ്റന്‍റ് ഡയറക്ടറായി, അസോസിയേറ്റ് ഡയറക്ടറായി, പിന്നീടു ഡയറക്ടറായിട്ട് 21 വർഷങ്ങൾ. പുതിയ ടെക്നോളജി വരുന്നു. വളരെ മിടുക്കന്മാരും വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നവരുമായ പുതിയ തലമുറ വരുന്നു. അവരോടൊപ്പമൊക്കെ ഇവിടെ പിടിച്ചുനിൽക്കുക എന്നതു വലിയ ദൈവാനുഗ്രഹവും വലിയ സ്കില്ലും തുടർ പഠനവും ആവശ്യമുള്ള കാര്യമാണ്. അതു ചെയ്തുകൊണ്ടിരിക്കുന്നു. പറ്റുന്നതുവരെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു.

എന്റെയൊപ്പം പടങ്ങളുമായി വന്ന മറ്റു രണ്ടു സംവിധായകർ ഇന്ന് സിനിമ ചെയ്യുന്നില്ല. പണ്ട് ഒരു കൊല്ലം നാലോ അഞ്ചോ പുതിയ സംവിധായകർ വരുമ്പോ ഇന്ന് അമ്പതോ അറുപതോ ഒക്കെ പുതിയ ആൾക്കാരാണ് വരുന്നത്. യുവാവായി നിൽക്കുന്നത് കൊണ്ടാണ് സിനിമകൾ ചെയ്യാൻ കഴിയുന്നത്. പക്ഷെ ഏതു കാലത്തേ യുവാവാണ് നിങ്ങൾ എന്നതാണ് ചോദ്യം. അറുപതുകളിലെയോ എഴുപതുകളിലെയോ യുവാവാണെങ്കിൽ ഇപ്പോഴത്തെ യുവാക്കൾക്ക് നിങ്ങളുടെ സൃഷ്ടികൾ ഇഷ്ടപ്പെടണം എന്നില്ല. ഇപ്പോഴത്തെ യുവാക്കൾക്ക് ഇഷ്ടപ്പെടുമോ എന്നത് തന്നയാണ് ചിന്തിപ്പിക്കുന്നത്.ഇവിടെ പിടിച്ചുനിൽക്കുക എന്നുള്ളതു ജീവന്മരണ പ്രശ്നമാണ് കാരണം നിലനില്പ് തന്നെ സിനിമയാണ്.

എന്താണ് 41 ?

ഒരു യുക്തിവാദിയുടെ ഭക്തിയിലൂടെയുള്ള യാത്രയാണ് ചിത്രം. വിവാദങ്ങൾക്ക് അവിടെ സ്ഥാനമില്ല. ഇതിൽ കുറെ ചോദ്യങ്ങൾ ഉണ്ട്. അത് സിനിമ കഴിയുമ്പോഴും ഉണ്ടാകും. അതിന് ഉത്തരങ്ങൾ പറയേണ്ടത് ഞാനല്ല.

41 നു ശേഷം

പുതുമുഖങ്ങളുമായൊരു ചിത്രമാണ് ഉദ്ദേശിക്കുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്ന വെബ് സീരീസും മനസിലുണ്ട്. വലിയ സിനിമകൾക്ക് പറ്റാത്ത അര മണിക്കൂർ ദൈർഘ്യമുള്ള കഥകൾ ആയിരിക്കും അതിൽ.

First published: November 8, 2019, 10:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading