2007-ും ‘അന്തക്കാലമായി’ എന്ന് ഓർമ്മപ്പെടുത്തി, ക്രിസ്റ്റി എന്ന ട്യൂഷൻ ടീച്ചറോട് പ്ലസ് ടു വിദ്യാർത്ഥിയായ റോയ്ക്ക് തോന്നുന്ന പ്രണയം പ്രേമേയമാക്കി ഒരു ചിത്രം. ഇതേ തീമുകൾ ഫ്ലാഷ്ബാക്ക് അടിച്ചു പോയാലും, ഇത്രയും പ്രായം കുറഞ്ഞ ‘കാമുകൻ’ സമാന ചിത്രങ്ങളിൽ കാണില്ല. അല്ലെങ്കിൽ ഈ പ്രായക്കാർ പലരും സ്കൂൾ യൂണിഫോം ഇട്ടു നടക്കുന്ന തരുണീമണികളെ ഒന്ന് ‘സെറ്റാക്കാൻ’ പാടുപെടുന്ന കാഴ്ചയാവും മുന്നിൽ.
90s കിഡ്സ് ആയി വളർന്ന്, 2000ങ്ങളിൽ സ്കൂൾ ജീവിതം അവസാനിപ്പിച്ചവർക്ക് ഒരു കുഞ്ഞി ടൈം ട്രാവൽ ചെയ്ത് മടങ്ങാം. ഉള്ളംകൈയിൽ പിടിച്ചാലൊതുങ്ങുന്ന മൊബൈൽ ഫോൺ ഏറ്റവും വലിയ അത്ഭുതമായി കണ്ട്, പോക്കറ്റിലെ പൊട്ടും പൊടിയും അരിച്ചുപെറുക്കി റീചാർജ് ചെയ്ത്, പഠനം എന്നാൽ വീട്ടുകാരുടെ ആവശ്യം മാത്രമായി കണ്ട്, ഉഴപ്പിന്റെ എവറെസ്റ് കേറി, കൂട്ടുകാരുമൊത്ത് ജോളിയടിച്ചു നടന്ന് പരീക്ഷയ്ക്ക് മുന്നിൽ പകച്ചു നിൽക്കുന്ന കൗമാരം ഒരു വശത്ത്.
advertisement
വിവാഹമോചനം എന്ന വാക്കിനെ ഉൾക്കൊള്ളാൻ പൂർണമായും സാധിക്കുന്നില്ല എങ്കിലും, മകൾ വരുമ്പോൾ പുരികം ചുളിച്ചു കൊണ്ടാണെങ്കിലും, കൂടുതൽ അപകടം ക്ഷണിച്ചു വരുത്താതിരിക്കാൻ വീടിന്റെ വാതിൽ തുറന്നു കൊടുക്കുത്തിരുന്ന കുടുംബ- സാമൂഹിക സാഹചര്യത്തിൽ നിൽക്കുന്ന യുവ അധ്യാപിക അപ്പുറത്ത്. ഇത്തിരി തണലിനു വേണ്ടി മകൾ കുടുംബത്തേക്ക് തിരികെ നൽകേണ്ടി വരുന്ന വില എന്തെന്നും സിനിമ ഗഹനമായി ചിന്തിച്ചിരിക്കുന്നു.
ഒരേ നാട്ടിൽ തന്നെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ഇവർ ഒന്നിക്കുമ്പോൾ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സാഹചര്യങ്ങളാണ് ചിത്രം. അടുപ്പമേറുമ്പോൾ റോയ്ക്കും ക്രിസ്റ്റിക്കുമിടയിൽ വന്നു ഭവിക്കുന്ന പ്രവാസത്തിൽ സിനിമയുടെ ഒഴുക്ക് കാലഹരണപ്പെടാത്ത പഥങ്ങളിലേക്കു വഴിമാറും. ഇതിൽ കൂടുതലും ‘ആടുജീവിതം’ എഴുതിയ പേനയുടെ ഉടമയായ ബെന്യാമിൻ എഫ്ഫക്റ്റ് ഭംഗിയായി കാണാം.
തിരുവനന്തപുരം ജില്ലയിലെ പൂവാർ എന്ന തീരദേശം കേന്ദ്രീകരിച്ചാണ് കഥയുടെ വികാസം. തരക്കേടില്ലാത്ത മിഡിൽ ക്ലാസ് പശ്ചാത്തലം നയിച്ച് പോകുന്നവരാണ് ശ്രദ്ധാകേന്ദ്രം. നാടൻ ശൈലിയിലെ വേഷഭൂഷാദികളും സംസാരരീതിയും ആവശ്യമാകുന്നിടത്ത് ഡയലോഗുകൾ കേരളത്തിന്റെ തെക്കും വടക്കും നടുക്കും പോയിവരാതെ ശ്രദ്ധിക്കാമായിരുന്നു. പ്രധാനകഥാപാത്രങ്ങളേക്കാൾ ഈ ജോലി ഭംഗിയായി നിർവഹിച്ചത് സിനിമയിൽ പലപ്പോഴായി വന്നു പോകുന്ന സപ്പോർട്ടിങ് ആർട്ടിസ്റ്റുമാരെന്ന് ഉറപ്പ്. അതോടൊപ്പം മാളവികയുടെ ശരീരഭാഷയും അവതരണവും കൂടുതലും ഉത്തരാധുനികമായി തോന്നാനിടയുണ്ട്. ഇത്രയും മാറ്റിനിർത്തിയാൽ സിനിമ കണ്ടിരിക്കാൻ തടസ്സമേതുമില്ല.
‘കൺഫ്യൂസ്ഡ് യൂത്തിന്റെ’ പ്രതീകമായ മാത്യു പ്രതീക്ഷ കൈവിട്ടില്ല. വിവേകത്തിനു പകരം വികാരത്തിന് പ്രാമുഖ്യം കൊടുത്ത് തീരുമാനം കൈക്കൊള്ളുന്ന വിദ്യാർത്ഥിയായ റോയ് മാത്യുവിന്റെ കൈകളിൽ ഭദ്രം.
‘കമിംഗ് ഓഫ് ഏജ്’ സിനിമകളെ എരിയും പുളിയും ചേർക്കാതെ, അതിന്റെ അസ്ഥിരതയും, ചാഞ്ചാട്ടങ്ങളും, അനന്തരഫലങ്ങളും പറയേണ്ട രീതിയിൽ പറഞ്ഞു പ്രതിഫലിപ്പിച്ചു ഈ ചിത്രം. പഴയ ചിത്രങ്ങളിലെ സ്ത്രീ സാന്നിധ്യങ്ങളെ കാമുകി എന്ന് വിളിക്കാമെങ്കിൽ, ക്രിസ്റ്റി ജോസെഫ് (മാളവികാ മോഹനൻ) എന്ന ഈ അധ്യാപികയ്ക്ക് സിനിമയിലെങ്ങും കൃത്യമായ ഡെഫിനിഷൻ നൽകിയിട്ടില്ല, അതുമല്ലെങ്കിൽ, പ്രയാസപ്പെട്ട് ഓരോ മുക്കിലും മൂലയിലും വച്ച് കണ്ടെത്തി എന്ന് ആശ്വസിച്ചു തുടങ്ങുമ്പോഴേക്കും കാഴ്ചക്കാരനും ആശയക്കുഴപ്പത്തിലായിക്കഴിയും. നാട്ടുക്കൂട്ടവും സദാചാര കമ്മറ്റിയും ചേരാതെ, ബെന്യാമിനും ഇന്ദുഗോപനും ചേർന്ന് ഇത്തരമൊരു സാഹചര്യത്തെ പക്വതയാർന്ന ചിന്തയിൽ വാർത്തെടുത്ത ചിത്രമാണ് ‘ക്രിസ്റ്റി’.
