ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിൽ ഭയം നിറഞ്ഞ കണ്ണുകളുമായാണ് പാപ്പച്ചനുള്ളത്. പാപ്പച്ചനെ കാണ്മാനില്ലെന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസമെത്തിയ പോസ്റ്ററിന് പിന്നാലെ ‘പാപ്പച്ചൻ ഒളിവിലാണ്’ എന്നു പറഞ്ഞുകൊണ്ടാണ് സൈജു കുറുപ്പിന്റെ പുതിയ സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.
ഈ വ്യത്യസ്തമായ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കട്ടത്താടിയിൽ ഭയചകിതനായാണ് പോസ്റ്ററിൽ പാപ്പച്ചൻ എന്ന നായക കഥാപാത്രമായെത്തുന്ന സൈജു കുറുപ്പാണുള്ളത്. ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന സിനിമയിൽ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു കുറുപ്പ് അഭിനയിക്കുന്നത്.
advertisement
Also read: Saiju Kurup | ലോറി ഡ്രൈവർ പാപ്പച്ചനും കടമുണ്ടോ? സൈജു കുറുപ്പിന്റെ പുതിയ ചിത്രം ‘പാപ്പച്ചൻ ഒളിവിലാണ്’
ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിൽ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന ഈ സിനിമയിൽ പാപ്പച്ചന്‍റെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.
‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’, നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്നു. സിനിമാലോകത്ത് ഏതാനും വർഷങ്ങളായി സജീവ സാന്നിധ്യമായുള്ള തോമസ് തിരുവല്ല, സംവിധായകൻ ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് സിനിമാലോകത്തേക്കെത്തിയത്. ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ സിനിമകളുടെ നിര്‍മ്മാതാവും തോമസ് തിരുവല്ലയാണ്.
പാപ്പച്ചൻ ഒളിവിലാണ് എന്ന സിനിമയിൽ ശ്രിന്ദ, സോളമൻ്റെ തേനീച്ചകൾ ഫെയിം ദർശന എന്നിവർ നായികമാരായെത്തുന്നു. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകരുന്നു.
എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം- വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, മേക്കപ്പ്- മനോജ്- കിരൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോബി സത്യശീലൻ, പ്രൊഡക്ഷൻ- മാനേജർ ലിബിൻ വർഗീസ്, സ്റ്റിൽസ്- അജീഷ് സുഗതൻ, മാര്‍ക്കറ്റിംഗ്- സ്നേക്ക്പ്ലാന്‍റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്. കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.