ഇന്ത്യൻ സിനിമയുടെ നെടും തൂണുകളിൽ ഒന്നായ പൃഥ്വിരാജ് കപൂറിന്റെ വീട്ടിൽ എവിടെ തിരഞ്ഞു നോക്കിയാലും അവിടെ എല്ലാം സിനിമ താരങ്ങൾ എന്ന അവസ്ഥ എന്നും പറയാം. ഒരു ഒരുപാടു പ്രത്യേകതകൾ ഉണ്ടായിരുന്ന ചിത്രമായിരുന്നു രാജ് കപൂർ സംവിധാനം ചെയ്ത ‘ബോബി’(1973 ). തന്റെ മകൻ ഋഷി കപൂറിനെ ബോളിവുഡിൽ നായകനായി അവതരിപ്പിക്കാൻ രാജ് കപൂർ തിരഞ്ഞെടുത്ത ചിത്രം. എന്നാൽ അതിനു പിന്നിലെ കഥ വേറെ. പ്രശസ്തമായ 'മേരാ നാം ജോക്കർ 'വൻ നഷ്ടമായി.ആ ചിത്രത്തിന്റെ വൻ നഷ്ടം നികത്താൻ രാജ് കപൂർ നിർമിച്ച ചിത്രത്തിൽ രാജേഷ് ഖന്ന എന്ന അക്കാലത്തെ സൂപ്പർ സ്റ്റാറിന് നല്കാൻ പണമില്ലായിരുന്നു. അതിനാലാണ് പിതാവ് തന്നെ തിരഞ്ഞെടുത്തതെന്നാണ് ഋഷി കപൂർ പിന്നീട് പറഞ്ഞത്.
advertisement
ഹിന്ദി സിനിമയിലെ മാദകത്തിടമ്പ് എന്ന് പേരുകേട്ട ഡിംപിൾ കപാഡിയയുടെയും ആദ്യചിത്രം. പിന്നീട് ഒരുപാടു സിനിമകള്‍ക്കു പ്രേരണയായ ഇതിവൃത്തം. പണക്കാരനായ കാമുകനും പാവപ്പെട്ട വീട്ടിലെ കാമുകിയും. ഒരാൾ ഹിന്ദു, മറ്റേയാൾ ക്രിസ്ത്യൻ. രാജ് കപൂർ തന്റെ സ്ഥിരം സംഗീത സംവിധായകരായ ശങ്കർ- ജയ്കിഷനെ മാറ്റി ലക്ഷ്മികാന്ത്- പ്യാരേലാലിനെ പരീക്ഷിച്ച ചിത്രം. പരീക്ഷണങ്ങളെല്ലാം വൻ വിജയമായിരുന്നു. ആർകെ ഫിലിംസ് നിർമിച്ച ‘ബോബി ’ ഇന്ത്യ മുഴുവന്‍ തകർത്തോടി. അഞ്ച് ഫിലിം ഫെയർ അവാർഡും വാരിക്കൂട്ടി. പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിലും ഈ ചിത്രത്തിന് ശ്രദ്ധേയമായ സ്ഥാനമുണ്ടായി.
എല്ലാ ചേരുവകളും ഒത്തു ചേർന്ന ചിത്രം കാണാൻ യുവാക്കളുടെ പെരുമഴയായിരുന്നു. വിജയത്തിലെ ഏറ്റവും നിർണായക ഘടകമായി ഗാനങ്ങൾ. അതിൽ തന്നെ ഏറ്റവും ഹിറ്റ് ആനന്ദ് ബക്ഷിയുടെ സുന്ദരമായ രചനയില്‍ പിറന്ന ' ഹം തും ഏക് കമരേ മേം ബന്ദ് ഹോ'. തന്റെ മകന്റെ ശബ്ദത്തിനു യോജിക്കുന്ന ഒരു ഗായകനെ തിരഞ്ഞ രാജ് കപൂറാണു ശൈലേന്ദ്ര സിങ്ങിനെ കണ്ടെത്തിയത്. കൊറോണയെ തുടർന്ന് ലോകം മാർച്ച് 25 മുതൽ അടച്ചിട്ട മുറിയിൽ ഇരിക്കുമ്പോൾ സിനിമാ പ്രേമികൾ ഈ ഗാനം ഒരുവട്ടമെങ്കിലും ഓർക്കാതിരിക്കില്ല. അന്നത്തെ യുവത വികാരഭരിതമായി ഏറ്റുവാങ്ങിയ ആ ഗാനം പലരും ഇപ്പൊൾ തത്വചിന്താപരമായ തമാശയായി കാണുന്നുണ്ടാകാമെങ്കിലും.'
കശ്മീരിലെ ഗുല്‍മാര്‍ഗിലെ ഹൈലാന്‍ഡ് പാര്‍ക്കിലും പരിസരത്തും മുംബൈയിലെ ആര്‍ കെ സ്റ്റുഡിയോയിലുമൊക്കെയായി ചിത്രീകരിച്ച ആ ഒരൊറ്റ പ്രണയഗാനരംഗം ആവര്‍ത്തിച്ചു കാണാന്‍ വേണ്ടി അന്നത്തെ ലക്ഷകണക്കിന് പ്രേക്ഷകരെപോലെ സൂപ്പർ സ്റ്റാർ ഷാരുഖ് ഖാനും നിരവധി തവണ തിയേറ്ററില്‍ ഇടിച്ചുകയറിയിട്ടുണ്ട്.
'ബോബി' ആദ്യം വീട്ടിനടുത്തുള്ള തിയേറ്ററില്‍ നിന്ന് കണ്ടപ്പോഴേ ഷാരുഖ് ഖാന്റെ മനസ്സില്‍ മൊട്ടിട്ട മോഹമാണ് ഗുല്‍മാര്‍ഗില്‍ പോകണം. ഹോട്ടല്‍ ഹൈലാന്‍ഡ് പാര്‍ക്കില്‍ ഒരു രാത്രി തങ്ങണം. അങ്ങനെ നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ സ്വപ്നം സഫലമായതിന്റെ ആവേശത്തില്‍ ഷാരുഖ് ട്വിറ്ററില്‍ കുറിച്ചു: '`അവിശ്വസനീയം. റൂം നമ്പര്‍ 305 ലാണ് ഞാന്‍ ഇപ്പോള്‍. ഏറെ വർഷം മുമ്പ് ഋഷി കപൂറും ഡിംപിള്‍ കപാഡിയയും ചേര്‍ന്ന് ബോബിയിലെ പ്രശസ്തമായ `ഹം തും ഏക് കമരേ മേ ബന്ദ് ഹോ ഓര്‍ ഛാബി ഖോ ജായേ' എന്ന ഗാനം പാടി അഭിനയിച്ച അതേ മുറിയില്‍. കൂട്ടിന് സുന്ദരിമാരാരുമില്ല. പകരം മധുരമുള്ള കുറെ ഓര്‍മ്മകള്‍ മാത്രം. ആനന്ദ് ബക്ഷി എഴുതിയതു പോലെ, മുറിയുടെ താക്കോല്‍ ഒന്ന് കളഞ്ഞു പോയെങ്കില്‍ എന്നാശിച്ചു പോകുന്നു; വെറുതെ.......'
'മേ ശായർ തോ നഹിം' എന്ന അനശ്വര ഗാനമുൾപ്പെടെ ഈ പുതു ശബ്ദം ഇന്ത്യ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ലതാ മങ്കേഷ്കറുമായി ചേർന്നു പാടിയ ‘,കുച്ച് കഹനാ ഹേ...’ എന്നിവയും സൂപ്പർഹിറ്റായി.
ഇന്ത്യൻ രാഷ്ട്രീയത്തിലും ശ്രദ്ധേയമായ സ്ഥാനമുണ്ട് ഋഷി കപൂർ നായകനായ ആദ്യ ചിത്രത്തിന്. അടിയന്തരാവസ്ഥ പിൻവലിച്ചു കഴിഞ്ഞ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജയിൽ മോചിതരായ പ്രതിപക്ഷ നേതാക്കൾ 1977 മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ രാം ലീല മൈതാനത്ത് റാലി നിശ്ചയിച്ചു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, എ.ബി.വാജ്‌പേയ്, എൽ. കെ . അദ്വാനി, ജോർജ് ഫെർണാണ്ടസ്, ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖർ അണി നിരക്കുന്ന റാലിയെ നേരിടാൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി കണ്ട സമാധാനപരമായ മാർഗമായിരുന്നു ബോബി സിനിമ . ദൂരദർശൻ കൗതുകമായിരുന്ന കാലമാണ്. റാലി നടക്കുന്ന സമയം ദൂരദർശനിൽ ബോബി സംപ്രേക്ഷണം ചെയ്യുക. വാർത്താ വിതരണ മന്ത്രി വിസി ശുക്ല, ഇന്ദിര ഗാന്ധിയുടെ ആഗ്രഹം പോലെ സിനിമ സംപ്രേക്ഷണം ചെയ്തു. ആ പ്രശസ്തമായ ഗാനത്തിലെ നായികാ നായകന്മാരെപോലെ ജനങ്ങൾ ആ സമയം വീട്ടിനുള്ളിൽ അടച്ചു പൂട്ടിയിരിക്കുമെന്ന് ഇന്ദിര ഗാന്ധി കരുതി.
എന്നാൽ അന്ന് അങ്ങനെ ഇന്ദിര ഗാന്ധി ആഗ്രഹിച്ചതു പോലെ നടന്നില്ലെങ്കിലും ആ ഗാന രംഗത്തിലെ നായകൻ വിടപറയുമ്പോൾ ഇന്ത്യ മുഴുവൻ മുറിക്കുള്ളിൽ അടച്ചിരിപ്പാണ്. തരള ഹൃദയനായ ആ കാമുകന്റെ ആഗ്രഹം പോലെയല്ല അടച്ചിരിക്കുന്നവരുടെ മനസ് എന്ന് മാത്രം.
Also Read- Rishi Kapoor | നടൻ ഋഷി കപൂർ അന്തരിച്ചു; വിടവാങ്ങിയത് ബോളിവുഡ് ഇതിഹാസം
ഒന്നിച്ച് യാത്ര ചെയ്യുന്ന ഋഷി കപൂറും ഇർഫാൻ ഖാനും; ഹൃദയസ്പർശിയായ ചിത്രം വൈറൽ
