TRENDING:

Djinn | സിനിമ തുടങ്ങിയത് മുതൽ തടസവും പരിക്കുകളും; 'ജിന്ന്' എന്ന പേരിടരുത് എന്ന് പലരും പറഞ്ഞു: സിദ്ധാർഥ് ഭരതൻ

Last Updated:

'ജിന്ന്' എന്ന് പേരിട്ട ചിത്രം തുടങ്ങിയത് മുതൽ സെറ്റിലും അല്ലാതെയുമായി നടന്ന സംഭവങ്ങളെക്കുറിച്ച് സംവിധായകൻ സിദ്ധാർഥ് ഭരതൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർത്ഥ് ഭരതൻ (Sidharth Bharathan) സംവിധാനം ചെയ്ത ചിത്രമാണ് ജിന്ന് (Djinn). ആ പേര് സൃഷ്ടിച്ച തമാശ നിറഞ്ഞ സംഭവങ്ങളുടെ കെട്ടഴിക്കുകയാണ് സംവിധായകൻ സിദ്ധാർത്ഥും തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥനും. സിനിമയുടെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിലാണ് ഇവർ രസകരമായ ഈ കഥകൾ പറഞ്ഞത്. മലയാള സിനിമയിലെ പലതരം അന്ധവിശ്വാസങ്ങളുടെ പട്ടികയിലെ മറ്റൊന്നുകൂടിയാണ് ഇതോടെ പുറത്ത് വരുന്നത്.
സിദ്ധാർത്ഥ് ഭരതൻ
സിദ്ധാർത്ഥ് ഭരതൻ
advertisement

അഭൗമ ശക്തികളുടെ പേരുകൾ സിനിമക്ക് ഇടുന്നത് പലരും വിലക്കാറുണ്ട്. അതേ ശക്തികൾ സിനിമയിൽ പലതരത്തിൽ ഇടപെടുമെന്നും തടസങ്ങൾ ഉണ്ടാക്കുമെന്നാണ് വിശ്വാസം. ജൂനിയർ മാൻഡ്രേക്ക് എഫക്ട് എന്ന് പൊതുവിൽ പറയുന്ന തരം അനുഭവങ്ങൾ ഉണ്ടാകുമത്രേ.

ഷൂട്ടിംഗ് തുടങ്ങും മുൻപേ തന്നെ ചിലർ ഇതുമായി ബന്ധപ്പെട്ട കഥകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. അതിന് വ്യാപകമായി പ്രചാരം കിട്ടുകയും ചെയ്തു. ആ കഥകളെ വിശ്വാസം തോന്നും വിധം സിനിമ പലതരം പ്രതിസന്ധികളിൽ പെട്ടു. കോവിഡ് തന്നെയായിന്നു ഒന്നാമത്തെ തടസം. പിന്നെ പ്രൊഡക്ഷനിൽ സംഭവിച്ച മറ്റുചില തടസങ്ങൾ. ദാ കണ്ടില്ലേ, അപ്പോഴേ ഞങ്ങൾ പറഞ്ഞതല്ലെ എന്ന മട്ടിൽ കഥയുടെ പ്രചാരകർ ഉടൻ രംഗത്തെത്തും. എന്തായാലും മൂന്ന് വർഷമെടുത്തു സിനിമ തീരാൻ. ഒരു ക്രിസ്തുമസ് ദിനത്തിൽ ഷൂട്ടിംഗ് ആരംഭിച്ച ജിന്ന് മൂന്ന് വർഷത്തിന് ശേഷം മറ്റൊരു ക്രിസ്തുമസ് കാലത്ത് റിലീസാവുകയാണ്.

advertisement

ഷൂട്ടിംഗ് ലൊക്കേഷനിൽ സാധാരണ നിലയിൽ സംഭവിക്കുന്ന ചെറിയ തടസങ്ങളേയും ആളുകൾക്ക് സംഭവിക്കുന്ന ചെറിയ പരുക്കുകളേയുമൊക്കെ ജിന്നിന്റെ ഇടപെടലായി പലരും വ്യാഖ്യാനിക്കുമായിരുന്നുവെന്ന് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ പറയുന്നു. പേര് നിശ്ചയിച്ചപ്പോൾ തന്നെ ഇതുമായി മുന്നോട്ട് പോകരുതെന്ന് പലരും ഉപദേശിച്ചു. ഇത്തരം പേരുകളിട്ട മുൻ സിനിമകളിൽ സംഭവിച്ച പലതരം ദാരുണ സംഭവങ്ങളുടെ ലിസ്റ്റുമായി ചിലർ വന്നു. അങ്ങനെയൊക്കെ സംഭവിക്കാതിരിക്കണമെങ്കിൽ പേര് മാറ്റുകയേ രക്ഷയുള്ളു എന്നായിരുന്നു വാദം. പരിഹാര മാർഗം തേടി ജോത്സ്യന്റെ അടുക്കൽ പോയവരുമുണ്ട്. എന്ത് പ്രതിസന്ധി വന്നാലും ഈ പേരിൽ തന്നെ സിനിമ ഇറക്കും എന്നതായിരുന്നു തീരുമാനമെന്ന് സിദ്ധാർത്ഥ് പറഞ്ഞു. നിർമ്മാതാക്കളും ഞങ്ങളോടൊപ്പം തന്നെ നിന്നു.

advertisement

പക്ഷേ, കാര്യങ്ങൾ ആരുടെ കയ്യിലും നിന്നില്ല. ഒഴിഞ്ഞ് പോയെന്ന് കരുതിയ ബാധയായ കോവിഡ് രണ്ടാം തരംഗമായും മൂന്നാം തരംഗമായും ആഞ്ഞടിച്ചു. പണി പൂർത്തിയാകാതെ സിനിമ പെട്ടിയിലിരിപ്പായി. സിനിമ പൂർത്തിയാക്കിയിട്ടും പ്രതിസന്ധികൾ കഴിഞ്ഞില്ല. പലതവണ റിലീസ് നിശ്ചയിക്കപ്പെട്ടെങ്കിലും അതെല്ലാം പല കാരണങ്ങളാൽ മാറിപ്പോയി. സിദ്ധാർത്ഥ് ഭരതൻ ജിന്നിന് ശേഷം ഷൂട്ടിംഗ് ആരംഭിച്ച ചതുരം എന്ന സിനിമ റിലീസായപ്പോഴും ജിന്ന് വെളിച്ചം കണ്ടില്ല. ഒരുപാട് പണിപ്പെട്ട് ചിത്രീകരിച്ച മനോഹരമായൊരു ചിത്രം റിലീസാകാതെ ഇരിക്കുന്നത് അഭിനേതാക്കളേയും വിഷമിപ്പിച്ചു. ഗിരീഷ് ഗംഗാധരന്റെ ഏറ്റവും മികച്ച ക്യാമറാ വർക്കാണ് ജിന്ന്. സൗബിന്റെ അദ്ഭുതകരമായ പ്രകടനം. എല്ലാവരും വിഷമത്തിലായത് ഇത്തരം കാര്യങ്ങൾ കൊണ്ടുകൂടിയാണെന്ന് സിദ്ധാർത്ഥ് പറഞ്ഞു.

advertisement

സിനിമയുടെ ഹാർഡ് ഡിസ്‌കുമായി പോയ ഒരാൾക്ക് ചെറിയ ഒരു അപകടം സംഭവിച്ചപ്പോഴാണ് ജിന്ന് വിശ്വാസികൾ ആദ്യം പ്രതികരിച്ചത്. ആ ഹാർഡ് ഡിസ്‌ക് കയ്യിൽ വാങ്ങിയ അതേ ദിവസം സിനിമയുടെ തിരക്കഥാകൃത്ത് ഷട്ടിൽ കോർട്ടിൽ വീണ് പരുക്കേറ്റു. അതോടെ പലർക്കും പേടിയായി തുടങ്ങി.

Also read: Djinn | ‘ചതുരം’ റിലീസിന് പിന്നാലെ സിദ്ധാർഥ് ഭരതന്റെ ‘ജിന്ന്’ പ്രദർശനത്തിനെത്തുന്നു; നായകൻ സൗബിൻ ഷാഹിർ

ഒടുവിൽ, ഡിസംബർ 30ന് സിനിമ റിലീസ് ചെയ്യാൻ തീരുമാനമായതിന് ശേഷം സിദ്ധാർത്ഥിന് ചെറിയ പരുക്ക് പറ്റി. കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഡോർ തുറന്നപ്പോൾ അത് വന്ന് നെറ്റിയിൽ ഇടിച്ച് മുറിവേൽക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ നെറ്റിയിൽ ഇപ്പോഴും ഉണങ്ങാത്ത ആ മുറിവിന്റെ പാടുണ്ട്. തന്റെ അശ്രദ്ധ കൊണ്ട് സംഭവിച്ച അപകടം എന്ന് തന്നെയാണ് അദ്ദേഹം കരുതുന്നത്. പക്ഷേ ജിന്ന് വിശ്വാസികൾ അങ്ങനെയല്ല കരുതുന്നതെന്നും സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു. സൂക്ഷിക്കണമെന്ന് പലരും തന്നെ ഉപദേശിക്കാൻ തുടങ്ങി.

advertisement

ചെന്നൈയിൽ ആയിരുന്നു സിനിമയുടെ ടെയിൽ എൻഡ് ഷൂട്ട് ചെയ്തത്. അത് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍. അതിനിടയിൽ ഒരാൾ ജിന്ന് എന്ന് എഴുതിയിട്ടുള്ള ഒരു ടീഷർട്ട് തന്നു. എയര്‍പോര്‍ട്ടില്‍ വച്ച് സഹയാത്രികന്‍ ചോദിച്ചു, ഈ ടീഷർട്ട് കൊണ്ട് വിമാനത്തില്‍ കയറണോ എന്ന്. വിമാനം എയർ ടർബുലൻസിൽ പെട്ടപ്പോഴൊക്കെ അയാളുടെ നോട്ടം കണ്ട് രാജേഷ് ചിരിച്ചു. താൻ ആ ടീഷർട്ട് കൊണ്ടുവരികയും ഇപ്പോഴും വീട്ടിൽ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും സംഭവിച്ചില്ലെന്നും രാജേഷ് പറഞ്ഞു.

ജിന്ന് എന്നത് നല്ലതും ചീത്തയുമുണ്ടെന്നാണ് ചിലരുടെ വിശ്വാസം. അതിനെ നമുക്ക് കാണാൻ കഴിയുന്നത് അത് മറ്റൊരു ശരീരത്തിൽ കയറുമ്പോൾ മാത്രമാണെന്നും ഇവർ കരുതുന്നു. മൃഗമായോ മനുഷ്യനായോ ഇതിനെ കാണാൻ പറ്റും. സിനിമയിൽ സർറിയൽ ഭാവത്തിൽ ഇത്തരം സീനുകൾ കടന്നുവരുന്നുണ്ട്. സിനിമയിൽ പ്രതിസന്ധികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനെ അന്ധവിശ്വാസവുമായി ബന്ധിപ്പിക്കാൻ നിന്നാൽ അതിനേ സമയമുണ്ടാകൂ. എല്ലാ പ്രതിസന്ധികളേയും മറികടന്ന് സിനിമ തീയേറ്ററിൽ എത്തുന്നു എന്നതിൽ സന്തോഷമുണ്ട്. സിനിമയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായ ഇത്തരം സംഭവങ്ങളെയെല്ലാം രസകരമായ അനുഭവമായാണ് കാണുന്നതെന്നും രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.

സ്ട്രൈറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവർ നിർമ്മിച്ച ജിന്ന് ഡിസംബർ 30 റിലീസ് ചെയ്യും. സൗബിൻ ഷാഹിർ നായകനായ ചിത്രം ലാലപ്പൻ എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജാഫർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു.

കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ ആണ്. സംഗീതം പ്രശാന്ത് പിള്ള. മൃദുൽ വി നാഥ്‌, ചിത്രാംഗത കുറുപ്പ്, ബിജോയി ബിച്ചു, നദീം, ജോഷ്വിൻ ജോയ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. ജംനീഷ് തയ്യിൽ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എഡിറ്റർ- ദീപു ജോസഫ്, ആർട്ട് – ഗോകുൽ ദാസ്, അഖിൽ രാജ്, കോസ്റ്റ്യും- മഷർ ഹംസ, മേക്കപ്പ്- ആർ.ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്ങ് സ്ട്രാറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ. സ്‌ട്രൈറ്റ് ലൈൻ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Djinn | സിനിമ തുടങ്ങിയത് മുതൽ തടസവും പരിക്കുകളും; 'ജിന്ന്' എന്ന പേരിടരുത് എന്ന് പലരും പറഞ്ഞു: സിദ്ധാർഥ് ഭരതൻ
Open in App
Home
Video
Impact Shorts
Web Stories