'ഞാനിപ്പോൾ അങ്ങേയറ്റം കൃതജ്ഞതാഭരിതനാണ്... എന്നോടൊപ്പം ഇവിടെയുള്ള മറ്റ് നോമിനികളേക്കാൾ മുകളിലാണ് ഞാൻ എന്ന് തോന്നുന്നില്ല. കാരണം ഞങ്ങൾ ഒരേ പ്രണയം പങ്കുവെക്കുന്നു. അത് സിനിമയോടുള്ള പ്രണയമാണ്. ഈ തരത്തിലെ പ്രകടനത്തിന് അവസരമുള്ള ഈ കലാരൂപം എനിക്ക് ഏറ്റവും അസാധാരണമായ ജീവിതം സമ്മാനിച്ചു. അതില്ലായിരുന്നു എങ്കിൽ ഞാൻ എന്താകുമായിരുന്നു എന്ന് ആലോചിക്കാനേ വയ്യ...
അതിനേക്കാളുപരി ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ കഴിഞ്ഞു എന്നതാണ് എനിക്കും എന്റെ സഹപ്രവർത്തകർക്കും ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം എന്നാണ് തോന്നുന്നത്. നാമെല്ലാവരും അഭിമുഖീകരിക്കുന്നതും, അലോസരപ്പെടുത്തുന്നതുമായ ചില പ്രശ്നങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുകയായിരുന്നു,
advertisement
നമ്മൾ ചില വ്യത്യസ്ത വിഷയങ്ങൾ ഏറ്റെടുക്കണം എന്ന് തോന്നുകയോ തോന്നിപ്പിക്കുകയോ ചെയ്യുന്നു എന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് . എന്നാൽ ഞാൻ അതിലെല്ലാം അടങ്ങിയ പൊതുകാര്യമാണ് കാണുന്നത്. ലിംഗ അസമത്വം, വംശീയത, ലൈംഗിക ന്യൂനപക്ഷ അവകാശം, തദ്ദേശീയരുടെ അവകാശം, മൃഗാവകാശം എന്നിങ്ങനെ എന്തിനെക്കുറിച്ചായാലും നാം സംസാരിക്കുന്നത് അനീതിക്ക് എതിരെയുള്ള പോരാട്ടത്തെക്കുറിച്ചാണ്.
ഒരു ദേശം, ഒരു ജനത, ഒരു വംശം, ഒരു ലിംഗം, ഒരു വർഗം എന്ന ആശയത്തിലൂന്നി അപരനെ അടിച്ചമർത്തി അധീശത്വം നേടാനുള്ള അവകാശമുണ്ടെന്ന അനീതിക്കെതിരായ പോരാട്ടത്തെ കുറിച്ചാണ് നാം സംസാരിക്കുന്നത്.
നാം പ്രകൃതിയിൽ നിന്നും അകന്നു പോയി എന്നു ഞാൻ കരുതുന്നു. നാമാണ് ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു എന്നു കരുതി ജീവിക്കുന്ന, നമ്മെ കുറിച്ചു മാത്രം ചിന്തിച്ച് ജീവിക്കുന്നു എന്ന കുറ്റബോധം നമുക്കുണ്ട്. നമ്മൾ പ്രകൃതിയിലേക്ക് പോകുന്നത് അതിന്റെ വിഭവങ്ങൾ കൊള്ളയടിക്കാനാണ്. ഒരു പശുവിനെ കൃത്രിമമായി ബീജധാരണം നടത്തി അതിന്റെ കുഞ്ഞിനെ മോഷ്ടിക്കുന്നത് നമ്മുടെ അവകാശമായാണ് നാം കരുതുന്നത്. വേദനയോടെയുള്ള അതിന്റെ വിലാപത്തിന് എന്ത് മറുപടിയാണുള്ളത് ? പിന്നീട നാം ആ കുഞ്ഞിന് അവകാശപ്പെട്ട പാൽ കവർന്നെടുത്ത് നമ്മുടെ കാപ്പിയിലും മറ്റും ഉപയോഗിക്കുന്നു.
സ്വയം മാറുക എന്ന ആശയത്തെ നാം ഭയപ്പെടുന്നു. കാരണം അതിനായി എന്തൊക്കെയോ ബലികൊടുക്കേണ്ടി വരുമെന്ന് നാം കരുതുന്നു. നാം എന്തൊക്കെയോ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഭയപ്പെടുന്നു.
ALSO READ: ആൻഡ് ദി ഓസ്കാർ ഗോസ് ടു: ഓസ്കാർ ജേതാക്കളെ പരിചയപ്പെടാം
എന്നാൽ മനുഷ്യകുലം കലാപരമായും സൃഷ്ടിപരമായും അതിന്റെ ഔന്നത്യത്തിലാണ്. അതുകൊണ്ട് പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങൾക്കും ഗുണപ്രദമാകുന്ന രീതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കാനും വികസിപ്പിക്കാനും നടപ്പിലാക്കാനും നമുക്ക് കഴിയും.
ഇക്കാലമത്രയും ഞാൻ എന്റെ ജീവിതത്തിൽ ഒരു തെമ്മാടിയായിരുന്നു. ഒരു സ്വാർത്ഥനായിരുന്നു . പലപ്പോഴും ക്രൂരനുമായിയിരുന്നു. ഒപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളവനായിരുന്നു. എനിക്ക് രണ്ടാമതൊരു അവസരം നൽകിയതിന് ഇവിടെ കൂടിയിട്ടുള്ള പലരോടും എനിക്ക് അങ്ങേയറ്റം കടപ്പാടുണ്ട്.
ALSO READ: പാരസൈറ്റ് മികച്ച ചിത്രം; വാക്വീൻ ഫീനിക്സ് നടൻ; റെനെ സെൽവെഗർ നടി
മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മൾ ഏറ്റവും മികച്ചവരാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. പഴയ തെറ്റുകളുടെ പേരിൽ പരസ്പരം റദ്ദ് ചെയ്യുമ്പോഴല്ല മറിച്ച് വളരാനായി പരസ്പരം സഹായിക്കുമ്പോഴാണ്. വിജ്ഞാനം പങ്കുവെക്കുമ്പോഴാണ്; പരസ്പരം വീണ്ടെടുക്കാനായി അന്യോന്യം മാർഗനിർദേശം നൽകുമ്പോഴാണ്,നാം മികച്ചതാകുന്നത്.
എന്റെ സഹോദരൻ (റിവർ ) പതിനേഴു വയസ്സുള്ളപ്പോഴാണ് ഈ വരികൾ എഴുതിയത്;
' സസ്നേഹം സുരക്ഷയിലേക്ക് ദ്രുതഗമനം ചെയ്യൂ,
നിങ്ങളെ സമാധാനം പിന്തുടരും'....
