പതിനൊന്നു നായകളും ഒരു പൂവൻ കോഴിയുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ മൃഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ അതേ വികാരവിചാരങ്ങൾ അവതരിപ്പിക്കുകയാണ് ചിത്രം. അതെന്തൊക്കെയെന്ന് ചിത്രം കാണുന്നതു വരേയും സസ്‌പെൻസായിത്തന്നെ നിൽക്കട്ടെയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.
Also read: Pookkalam | വിജയരാഘവൻ 100 വയസുകാരനായി അഭിനയിക്കുന്ന ‘പൂക്കാലം’ റിലീസ് പ്രഖ്യാപിച്ചു
നവാഗതനായ ദേവനാണ് തിരക്കഥയും സംവിധാനവും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുകയാണ്. മധ്യവേനൽ അവധിക്കാലത്ത് ആസ്വദിക്കും വിധം മെയ് അഞ്ചിന് ചിത്രം പ്രദർശനത്തിനെത്തുന്നു. ഇത് ഒരു സാധാരണ സിനിമയല്ലാത്തതിനാൽ വലിയ മുന്നൊരുക്കം തന്നെ വേണ്ടി വന്നുവെന്ന് സംവിധായകനായ ദേവൻ.
advertisement
മൂന്നു വർഷങ്ങൾ വേണ്ടി വന്നു ഇതിലെ അഭിനേതാക്കളായ നായകൾക്കും പൂവൻ കോഴിക്കുമുള്ള പരിശീലനം നൽകാൻ. ഒരു സാധാരണ സിനിമ എടുക്കുന്നതിന്റെ പത്തിരട്ടി അധ്വാനമായിരുന്നു ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകനായ ദേവൻ.
മറ്റൊരു കൗതുകം കൂടി ഈ ചിത്രത്തിലുണ്ട്. ഇതിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. അവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്നതാണ് ഈ ചിത്രം.
ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിന്നാലാമത്തെ പുതുമുഖ സംവിധായകനാണ് ദേവൻ. മലയാളത്തിനു പുറമേ തമിഴ്, കന്നഡ ,ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൊത്തം അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം പ്രേഷകർക്കു മുന്നിലെത്തുക.
ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോരുന്ന ഒരു യുണിവേഴ്സൽ ചിത്രമായാണ് ‘വാലാട്ടി’യുടെ നിർമാണം. ഛായാഗ്രഹണം – വിഷ്ണു പണിക്കർ, എഡിറ്റിംഗ് – അയൂബ് ഖാൻ, കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും ഡിസൈൻ – ജിതിൻ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, നിർമ്മാണ നിർവഹണം – ഷിബു ജി. സുശീലൻ, പി.ആർ.ഒ. – വാഴൂർ ജോസ്.
