തമിഴ്നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങളിലെ ഭൂരിഭാഗം തിയേറ്ററുകളില്‍ ലിയോ പ്രദര്‍ശനത്തിനെത്തും 1000 കോടി കളക്ഷന്‍ പ്രതീക്ഷിക്കുന്ന ചിത്രത്തിന് അപ്രതീക്ഷിതമായി മറ്റൊരു വെല്ലുവിളി ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും ഉയരുന്നുണ്ട്. ഒക്ടോബര്‍ 19ന് ലിയോക്കൊപ്പം മറ്റൊരു പ്രധാന സിനിമയും റിലീസ് ചെയ്യാന്‍ പ്രൊഡ്യൂസര്‍മാര്‍ മടിക്കുമ്പോള്‍ തെലുങ്ക് സൂപ്പര്‍ താരം ബാലയ്യയുടെ പുതിയ ചിത്രം അതേദിവസം തന്നെ തിയേറ്ററിലെത്തും.
advertisement
നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനാകുന്ന ‘ഭഗവന്ത് കേസരി’യുടെ റിലീസും ഒക്ടോബര്‍ 19നാണ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഒക്ടോബര്‍ 8ന് പുറത്തുവിട്ടിരുന്നു. ബാലയ്യയുടെ മാസ് ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
അഖണ്ഡ, വീരസിംഹ റെഡ്ഡി എന്നീ ഹിറ്റുകള്‍ക്ക് ശേഷം ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ബാലയ്യ വിജയ് ചിത്രത്തിന്‍റെ കളക്ഷനില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നിരുന്നു.
തെന്നിന്ത്യ മൊത്തം വമ്പന്‍ റിലീസിനൊരുങ്ങുന്ന ലിയോയുമായുള്ള ക്ലാഷ് റിലീസ് ബാലയ്യയുടെ മാര്‍ക്കറ്റിനെ ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തമിഴില്‍ വാരിസും, തുനിവും ഒന്നിച്ച് ഇറങ്ങിയപ്പോള്‍ തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യയുമായി മത്സരിച്ചാണ് വീര സിംഹ റെഡ്ഡി വിജയിച്ചത് എന്ന കണക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബാലയ്യ ഫാന്‍സ് ഇതിന് മറുപടി നല്‍കുന്നത്.