'അണ്ണാത്തെ ചിത്രം ചെയ്യുമ്പോൾ ഞാൻ ശിവയോട് പറഞ്ഞിരുന്നു എനിക്ക് വേണ്ടി ഒരു പീരിയഡ് സിനിമ ചെയ്യാന്‍. ശിവയും കെ ഇ ജ്ഞാനവേലും ഒന്നിച്ചാൽ അത് നല്ലതായിരിക്കുമെന്നും പറഞ്ഞു. കങ്കുവ എനിക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്, തുടർന്ന് സ്റ്റുഡിയോ ഗ്രീനിലേക്കും സൂര്യയിലേക്കും പോയി' രജനികാന്ത് പറഞ്ഞു.
സൂര്യയുടെ കഴിവും പെരുമാറ്റവും എല്ലാം എല്ലാവർക്കും അറിയുന്നതാണ്. സൂര്യയെ പോലൊരു ജെന്റിൽമാൻ ഇൻഡസ്ട്രിയിൽ വേറെയില്ല. വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ സൂര്യയുടേത്. ബ്രഹ്മാണ്ഡ ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും രജനികാന്ത് കൂട്ടിച്ചേർത്തു. നവംബർ 14 നാണ് കങ്കുവ തിയേറ്ററുകളിൽ എത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കെ ഇ ജ്ഞാനവേലും വംശി പ്രമോദും ചേർന്നാണ്. ഇരട്ട റോളുകളിലാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് കങ്കുവയിൽ നായികയായി എത്തുന്നത്. ബോബി ഡിയോളാണ് കങ്കുവയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവൈ സരള, ജഗപതി ബാബു, യോഗി ബാബു. ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഓഡിയോ ലോഞ്ചിൻ്റെ അതിഥിയാകാൻ സൂര്യയുടെ അച്ഛൻ ശിവകുമാർ രജനികാന്തിനെ സമീപിച്ചെങ്കിലും നടന് അതിന് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, തൻ്റെ പ്രിയ സുഹൃത്തിൻ്റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം സൂര്യയെ ആശംസിച്ച് ഒരു വീഡിയോ പങ്കുവച്ചു. “ശിവകുമാർ ഒരു മാന്യനാണ്, സിംഹത്തിൻ്റെ കുട്ടിക്ക് പൂച്ചയാകാൻ കഴിയില്ല. അതുകൊണ്ട് തന്നെ സൂര്യയും അച്ഛനെ പോലെയാണ്. ചിത്രം വൻ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു,” അദ്ദേഹം പറഞ്ഞു.അതേസമയം, ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ചും സൂര്യ വാചാലനായി . സൂരറൈ പോട്ര്, ജയ് ഭീം എന്നിവയിൽ അഭിനയിച്ച ശേഷം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സൂര്യയുടെ തിരിച്ചുവരവ് ചിത്രമാണ് കങ്കുവ".
ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതിനെ കുറിച്ച് സൂര്യ പറയുന്നത് ഇങ്ങനെ , “ഈ കഴിഞ്ഞ 27 വർഷത്തിൽ, എനിക്ക് നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാൽ സൂര്യൻ ഉദിക്കണമെങ്കിൽ ആദ്യം അസ്തമിക്കേണ്ടതുണ്ട്. എനിക്ക് സന്തോഷമുണ്ട്, എനിക്ക് വീഴ്ച സംഭവിച്ചു ,ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരു വലിയ തിരിച്ചുവരവ് ഉണ്ടാകുമായിരുന്നില്ല. അമ്പെയ്ത്തിൽ പോലും, ലക്ഷ്യത്തിലെത്താൻ മുന്നോട്ട് കുതിക്കുന്നതിന് മുമ്പ് നിങ്ങൾ അമ്പ് പിന്നിലേക്ക് വലിക്കേണ്ടതുണ്ട്. കങ്കുവ അത് ചെയ്യും" സൂര്യ പറഞ്ഞു .