പാൻ-ഇന്ത്യൻ സിനിമകളിൽ ശക്തമായ പശ്ചാത്തല സംഗീതം കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ കാട്ടാളനിലും അത്ഭുതങ്ങൾ സൃഷ്‌ടിക്കുമെന്ന സൂചന നൽകിക്കൊണ്ട് ഒരു വീഡിയോയിലൂടെ കാട്ടാളന്‍റെ സംഗീത സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. മെയ് മാസമാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.
ഇന്ത്യൻ സിനിമാ സംഗീതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് രവി ബസ്രൂർ. ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കാണേണ്ട ആക്ഷൻ രംഗങ്ങൾക്ക് അദ്ദേഹം അതിശയകരമാം വണ്ണം ശബ്‍ദവിന്യാസം നൽകും. കന്നഡ സിനിമയെ ആഗോളതലത്തിൽ എത്തിക്കുന്നതിൽ രവിയുടെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്.
advertisement
കെ.ജി.എഫ്, സലാർ തുടങ്ങിയ സിനിമകളിലെ സംഗീതം തന്നെ അതിന് ഉദാഹരണമാണ്. 'മാർക്കോ'യിലൂടെ മലയാളത്തിലും വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചു. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന യഷ് ചിത്രമായ ടോക്സിക് ആണ് വരൻ പോകുന്ന അദ്ദേഹത്തിൻ്റെ മറ്റൊരു വമ്പൻ പ്രോജക്റ്റ്.
ക്യൂബ്സ് എൻ്റർടൈൻമെൻ്റുമായുള്ള രവി ബസ്രൂറിൻ്റെ രണ്ടാമത്തെ സഹകരണമാണിത് എന്ന പ്രത്യേകതയുമുണ്ട്. രവി ബസ്രൂറിൻ്റെ സംഗീതം കാട്ടാളൻ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും, എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് കാട്ടാളൻ പാക്കപ്പായത്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്നു. ടീസർ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയുമാകും ചിത്രത്തിന്റെ നിർമിതി. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ഒരുമിക്കുന്നത്.
പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നു.
സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലായിരുന്നു തുടക്കം. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളൻ' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്.
ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.
ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
