മോഹൻലാലിന്റെ 'ദൃശ്യം' പോലെ കുടുംബകഥയുടെ ഉള്ളിൽ സംഭവിച്ച ക്രൈം ത്രില്ലർ മാത്രമല്ല, തികച്ചും ക്രൈം സ്വഭാവം മുറ്റിനിൽക്കുന്ന 'അഞ്ചാം പാതിരായും' കോടികൾ വാരിക്കൂട്ടി തിയേറ്ററുകൾ നിറഞ്ഞോടിയത് മാറ്റത്തിന്റെ തിരയടിയുടെ ഭാഗമായാണ്.
Also read: സൈക്കോ കില്ലർമാർ സാഹചര്യ സൃഷ്‌ടിയോ? അപൂർവ സഹോദര ബന്ധത്തിൽ നിന്നും ആ കഥ ചികഞ്ഞെടുത്ത് 'ഏക'
കുറ്റാന്വേഷണ കഥയെന്ന് പറയുമ്പോൾ ഒരു പ്രേക്ഷകന്റെ മനസ്സിൽ ഓടിയെത്താൻ സാധ്യതയുള്ള ഇമേജുകളുടെ പൊളിച്ചെഴുത്താണ് അടുത്തിടെ പുറത്തിറങ്ങിയ 'സോളമൻ' എന്ന ഹ്രസ്വചിത്രം. ഒരു കേസും, വിചാരണയും, കുറ്റവാളിയും, അന്വേഷകനുമൊക്കെ ഇവിടെയുമുണ്ട്. ഒരു മുറിക്കുള്ളിൽ അന്വേഷകനും കുറ്റവാളിയും തമ്മിൽ നടക്കുന്ന സംഭാഷണമാണ് ഈ ചെറുചിത്രത്തിന്റെ പശ്ചാത്തലം. പക്ഷെ കാലങ്ങൾക്കുമുമ്പേയുള്ള മലയാള സിനിമ പറഞ്ഞു പഠിപ്പിച്ച, 'അഞ്ചാം പാതിരായിലെ'അൻവർ ഹുസ്സൈൻ- ബെഞ്ചമിൻ കൂടിക്കാഴ്ച വരെ എത്തിനിൽക്കുന്ന പശ്ചാത്തലം അല്ല ഇവിടെ.
advertisement
ഈ ഇൻവെസ്റ്റിഗേഷൻ ഷോർട്ട് ഫിലിമിൽ നായകനും വില്ലനും ഒരാൾ തന്നെ. നാടകരംഗത്ത് നിന്നും സിനിമയിലെത്തി, 'ഒഴിവുദിവസത്തെ കളി'യിലൂടെ ശ്രദ്ധേയനായ അരുൺ നായരാണ് വില്യംസ് എന്ന കുറ്റാന്വേഷകനും, സോളമൻ എന്ന കുറ്റവാളിയുമായി നിമിഷങ്ങളുടെ വ്യത്യാസത്തിൽ മിന്നിമായുന്നത്. ഏകാംഗ നാടകം ചെയ്ത അനുഭവസമ്പത്തും, അഭിനയത്തിനായി പുറപ്പെടുംമുമ്പ് അന്വേഷകനായി സേവനമനുഷ്‌ഠിച്ചതിന്റെ പരിചയവും അരുൺ നായരെ സംബന്ധിച്ച് ഈ ഹ്രസ്വചിത്രത്തിന് മുതൽക്കൂട്ടാവുന്നു.
സോളമൻ എന്ന വെബ് സീരീസിന്റെ ആദ്യ എപ്പിസോഡാണിത്. ഡോ: വിഷ്ണു അശോകൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് അശോകൻ സുകുമാരൻ.