മലയാള സിനിമയിലെ ഏറ്റവും വിജയിച്ച സംവിധാന കൂട്ടായ്മയായിരുന്നു സിദ്ധീഖ്-ലാൽ. ഒന്നിനു പുറകേ മറ്റൊന്നായി അഞ്ച് ഹിറ്റുകൾ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സിദ്ധീഖ്-ലാൽ എന്ന് സ്ക്രീനിൽ തെളിയുമ്പോഴേ ഉയരുന്ന കയ്യടികൾ. 80 കളുടെ അവസാനവും 90 കളിലും മലയാളികളിലും മലയാളി എവിടെയുണ്ടോ അവിടെയെല്ലാം സിദ്ധീഖ്-ലാൽ താരങ്ങളായി.
Also Read- പ്രിയ ചങ്ങാതിയുടെ അവസാന നിമിഷങ്ങളിലും ഒപ്പം നിന്ന് ലാൽ
ബാലകൃഷ്ണന്റേയും ഗോപാല കൃഷ്ണന്റേയും മത്തായിച്ചനും അവരെ തേടിയെത്തിയ ഉറുമീസ് തമ്പാനും റാംജീ റാവും, ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിൻ കിനാക്കളുമായി ഇൻ ഹരിഹർ നഗർ, ആനപ്പാറേലച്ചമ്മയും അഞ്ഞൂറാനും നിറഞ്ഞാടിയ ഗോഡ്ഫാദർ, കൃഷ്ണമൂർത്തിയും കെകെ ജോസഫും എത്തിപ്പെട്ട വിയറ്റ്നാം കോളനി, ചിരിപ്പിക്കുകയും ഒടുവിൽ കരയിക്കുകയും ചെയ്ത കന്നാസിന്റേയും കടലാസിന്റേയും കാബൂളിവാല. അങ്ങനെ എണ്ണം പറഞ്ഞ അഞ്ച് സൂപ്പർ ഹിറ്റുകൾ. കാബൂളിവാലയ്ക്കു ശേഷം ഇരുവരും പിരിഞ്ഞു.
advertisement
Also Read- സിദ്ദിഖ് ലാലിന്‍റെ ഗോഡ് ഫാദർ; മലയാളത്തിൽ ഏറ്റവുമധികം കാലം തിയറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമകളിലൊന്ന്
ഇരുവരും പിണക്കത്തിലായി എന്നായിരുന്നു അക്കാലത്ത് പ്രചരിച്ച കഥകൾ. മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ ചിത്രീകരണത്തിനിടെയുണ്ടായ പ്രശ്നങ്ങളാണ് കാരണമെന്നും കഥകളുണ്ടായി. എന്നാൽ ഇതിനെ കുറിച്ച് ഒരിക്കലും സിദ്ധീഖും ലാലും മറുപടി പറഞ്ഞിട്ടില്ല. ചോദ്യങ്ങളോടെല്ലാം ഇരുവരും ഒഴിഞ്ഞു മാറി.
Also Read- ഹിറ്റുകള്‍ മാത്രം സമ്മാനിച്ച സിദ്ധിഖ്-ലാല്‍ വിജയക്കൂട്ടുകെട്ട്
ലാൽ എന്ന നടനെയും നിർമാതാവിനേയും സ്റ്റുഡിയോ മുതലാളിയേയും മലയാള സിനിമയ്ക്ക് നഷ്ടമാകാതിരിക്കാനാണ് അന്നത്തെ തീരുമാനം എന്ന് പിന്നീട് പറഞ്ഞ് സിദ്ധീഖ് പുഞ്ചിരിച്ചു. ലാൽ ആകട്ടെ കുറച്ചു കൂടി വ്യക്തമായി പറയും, കാരണമുണ്ട്, പക്ഷേ, അത് തുറന്നു പറഞ്ഞതു കൊണ്ട് ആർക്കും ഒരു ഗുണവും ഇല്ലെന്ന്.
എന്തിനാണ് ആരെയെങ്കിലും വേദനിപ്പിക്കുന്നത്? മയൂര പാർക്കിലെ 205ാം നമ്പർ മുറിയിൽ ഇരുന്ന് ഞങ്ങൾ എടുത്ത തീരുമാനം രണ്ടുപേർക്കും ഗുണം ചെയ്തതാണ്. തീരുമാനമെടുത്ത ദിവസം വീട്ടുകാരേയും ഫാസിലിനേയും അറിയിച്ചതും രണ്ടുപേരും ചേർന്നാണ്. പക്ഷേ, പിരിയാനുണ്ടായ കാരണം അത് ഞങ്ങളോടു കൂടി മണ്ണടിയട്ടെ. സിദ്ധീഖ് ഒരിക്കൽ പറഞ്ഞു.
പിരിഞ്ഞെങ്കിലും ഇരുവരുടേയും സിനിമാ ഉദ്യമങ്ങളിൽ പരസ്പര സഹായികളായി തുടർന്നു. ഇന്ന് സിദ്ധീഖ് മറയുമ്പോൾ ആ കാരണം പറയേണ്ടവരിൽ ഒരാൾ ഇല്ലാതാകുന്നു. ചോദ്യം അവശേഷിപ്പിച്ച്..