ഹിറ്റുകള്‍ മാത്രം സമ്മാനിച്ച സിദ്ധിഖ്-ലാല്‍ വിജയക്കൂട്ടുകെട്ട്
- Published by:Arun krishna
- news18-malayalam
Last Updated:
1989ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ്ങിലൂടെ സിദ്ധിഖ്-ലാല്‍ സംവിധായക കൂട്ടുകെട്ടിന്‍റെ ആദ്യ സംരംഭം
സൂപ്പര്‍ താരങ്ങളുടെ നെടുനീളന്‍ ഡയലോഗുകളോ ആവേശം കൊള്ളിക്കുന്ന മാസ് ആക്ഷന്‍ രംഗങ്ങളോ ഇല്ലാതെ സ്വാഭാവിക നര്‍മ്മം നിറച്ച സിനിമകളിലൂടെ മലയാള സിനിമയെ വഴിനടത്തിയ ഹിറ്റ് കൂട്ടുക്കെട്ടായിരുന്നു സിദ്ധിഖ്-ലാല്‍. കലാഭവനില്‍ ആബേലച്ചന്‍റെ ശിക്ഷണത്തില്‍ മിമിക്രി കലാകാരന്മാരായി അരങ്ങ് തകര്‍ക്കുമ്പോഴും പിന്നീട് സംവിധായകന്‍ ഫാസിലിനൊപ്പം സംവിധാന സഹായികളായി സിനിമയിലേക്ക് നടന്നുകയറുമ്പോഴും അവര്‍ ഒന്നിച്ചുണ്ടായിരുന്നു.
1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ സഹസംവിധായകരായി സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.
1989ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ്ങിലൂടെ സിദ്ധിഖ്-ലാല്‍ സംവിധായക കൂട്ടുകെട്ടിന്‍റെ ആദ്യ സംരംഭം വെള്ളിത്തിരയിലെത്തി. പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിങ്ങനെ തുടര്‍വിജയങ്ങള്‍.
advertisement
മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്.
ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ട്സ് എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്‌സ് 2001ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.
advertisement
സിദ്ധിഖിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ബോഡിഗാര്‍ഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം സൂപ്പര്‍ ഹിറ്റായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ധിഖായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 08, 2023 10:24 PM IST