TRENDING:

Vaazha II review | കുട്ടികൾ എങ്ങനെ 'വാഴകൾ' ആയി മാറുന്നു? എഴുതിത്തള്ളും മുൻപേ തിരിഞ്ഞുനോക്കുക; 'വാഴ II' റിവ്യൂ

Last Updated:

ഒരേസമയം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തെന്ന് പ്രേക്ഷകർ പറയുന്നെങ്കിൽ, ഈ സിനിമ ഏറ്റുപിടിച്ച സാമൂഹിക പ്രതിബദ്ധത കാണാതെ പോകരുത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#Meera Manu
വാഴ II
വാഴ II
advertisement

Vaazha II review | വിളിക്കുന്നവർക്ക് വളരെ രസവും കേൾക്കുന്നവർക്ക് തീരെ രസവും ഇല്ലാത്ത ഒരു പേരുണ്ട് നമ്മുടെ നാട്ടിൽ; 'വാഴ'. വാഴപ്പഴവും വാഴക്കൂമ്പും വാഴത്തടയും വിശാലമായ വാഴയിലയും തന്നിരുന്ന സ്ത്രോതസ് എന്ന നിലയിലല്ല, നട്ടാലും ഗുണമില്ല എന്നർത്ഥം വരുന്ന ആക്ഷേപമാണ് 'വാഴ'. ഒരു വീട്ടിൽ പ്രതീക്ഷയ്‌ക്കൊത്ത് വളരാത്ത ഒരു മകനുണ്ടെങ്കിൽ അവനെ കുത്താൻ നാട്ടുകാർക്കും ബന്ധുജനങ്ങൾക്കും ഇതിലും വലിയൊരായുധം വേറെയില്ല. ആ പേരിൽ മലയാള സിനിമയ്ക്കും കിട്ടി രണ്ടു നല്ല ചിത്രങ്ങൾ. രാജമൗലി സ്കെയിൽ സംവിധായകനും ബാഹുബലി, കട്ടപ്പ ടൈപ്പ് നായകനും വില്ലനും 'ബ്രഹ്മാണ്ഡം' കൂട്ടിക്കെട്ടി പണമിറക്കിയ നിർമാതാവും ഇല്ലാതെ, യൂട്യുബിലും ഇൻസ്റ്റയിലും കണ്ടു പരിചയിച്ച ഒരുപിടി യുവാക്കളെ ചേർത്തുപിടിച്ച് സിനിമയെ സ്നേഹിക്കുന്നവർ ഒരുക്കിയ സിനിമ.

advertisement

അടിച്ചുകേറി വന്ന ഒന്നാം ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗമായ 'വാഴ II : ബയോപിക്ക് ഓഫ് എ ബില്യൺ ബ്രോസ്' (Vaazha 2: Biopic of a Billion Bros) തിയേറ്ററിൽ എത്തുമ്പോൾ ആദ്യഭാഗം പോലെത്തന്നെ പ്രേക്ഷകരെ നിരാശരാക്കാത്ത നല്ല വശങ്ങൾ ഏറെയുള്ള ചിത്രമായി മാറുകയാണ്. ഒരേസമയം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തെന്ന് പ്രേക്ഷകർ പറയുന്നെങ്കിൽ, ഈ സിനിമ ഏറ്റുപിടിച്ച സാമൂഹിക പ്രതിബദ്ധത കാണാതെ പോകരുത്.

ആരെങ്കിലും നട്ട് വേണമല്ലോ ഒരു വാഴ ഒരിടത്ത് വളർന്നു തുടങ്ങാൻ. അക്കേഷ്യ പോലെ അത്രവേഗം പടർന്നു കയറി കാടാവുകയില്ല താനും. അത് വളർന്നു വന്ന് 'പാഴ്' എന്ന് വിളിക്കുന്ന അവസ്ഥയിൽ എത്തിയെങ്കിൽ, ഘടകങ്ങൾ പലതാണ്. അവഗണനയുടെ ഇടയിൽ വളർന്ന ബാല്യം, സ്വന്തം മക്കൾക്കിടെ ഇരട്ടത്താപ്പ് വച്ചുപുലർത്തുന്ന 'മാതൃകാ' (നാട്ടുകാരുടെ സർട്ടിഫിക്കറ്റിന്‌ വേണ്ടി) 'മാതാപിതാ രത്നങ്ങൾ', സ്നേഹവും അനുകമ്പയും പരിഗണനയും ഒരല്പമെങ്കിലും കിട്ടുന്നിടത്തേക്ക് ചായുന്ന കുട്ടി മനസുകൾ, രാവിലെ സ്‌കൂളിലേക്ക് ഇറങ്ങുന്ന മക്കൾ പഠിക്കുന്നുണ്ടോ, പഠിച്ചോ അതുമല്ലെങ്കിൽ പഠനത്തിൽ പ്രയാസമുണ്ടോ എന്ന് ചോദിയ്ക്കാൻ നിൽക്കാതെ ഫീലിംഗ് 'നൊന്തു പെറ്റത് പോരെ കുഞ്ഞേ' ആറ്റിട്യൂട് പിടിക്കുന്ന ഡാഡി മമ്മീസ് (പോഷ് കുടുംബം ഒന്നുമല്ല, സാധാരണവീടുകളുടെ കാര്യമാണ് കേട്ടോ), എവിടെയും താൻ പരിഗണിക്കപ്പെടുന്നില്ല എന്നാകുമ്പോൾ ലഹരിക്കടിമകളാവുന്നവർ, മനസ് ആഗ്രഹിക്കുന്നതൊന്നും കിട്ടാതാവുന്ന ജീവിതലക്ഷ്യം മറന്നുപോകുന്ന, 'വാഴകളായി' വളരുന്നവർ. ഇവിടേയ്ക്ക് തിരിയുന്ന ക്യാമറ ഈ ചിത്രം കുടുംബസമേതം വേണം വന്നിരുന്ന് കാണാൻ എന്നോർമപ്പെടുത്തും.

advertisement

നർമവും വൈകാരികതയും കൂട്ടിക്കലർത്തി ഇരുത്തി ചിന്തിക്കേണ്ട ഒരു വിഷയത്തെ പ്രതിഫലിപ്പിക്കുക എന്ന ഉത്തരവാദിത്ത ബോധം ഈ ചിത്രത്തിന് പിന്നിലുണ്ട്. ആദ്യ ഭാഗത്തിൽ പഠിക്കാത്ത ഉഴപ്പന്മാരുടെ കഥ പറഞ്ഞുവെങ്കിലും, ഇവിടെ അവരുടെ മാനസിക സംഘർഷങ്ങളിലേക്ക്, നാടും വീടും വിദ്യാലയും അദ്ധ്യാപകരും ചേരുന്ന എക്കോ സിസ്റ്റത്തിൽ അവർ നേരിടുന്ന വിവേചനത്തിന്, മാറ്റിനിർത്തപ്പെടലുകൾക്ക്, ഒരേ തൂവൽപ്പക്ഷികൾ ഒന്നിച്ചു പറക്കാൻ ഇടയാവുന്ന സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നു.

മുതിർന്ന താരങ്ങളായ അജു വർഗീസ്, വിജയ് ബാബു, ബിജുക്കുട്ടൻ, സംവിധായകൻ അൽഫോൺസ് പുത്രൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിട്ടു പോലും സോഷ്യൽ മീഡിയയിലൂടെ കടന്നുവന്ന യുവനടന്മാർ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ചിത്രമാണിത്. സവിൻ സ എന്ന പണിപഠിച്ച സംവിധായകനും ഒപ്പം കൂടിയതും, സിനിമയുടെ ആസ്വാദന തലം മറ്റൊരു നിലയിലെത്തി. ആദ്യ വരവിൽ മക്കളുടെ അച്ഛന്മാരുടെ മാനസിക സംഘർഷമായിരുന്നു വിഷയമെങ്കിൽ, നാട്ടിൽ 'വാഴയായി' മുദ്രകുത്തപ്പെടുന്നവരുടെ ജീവിതം അവരിലൂടെ തുറന്നു കാട്ടാനുള്ള ശ്രമവും അതിന്റെ ഫലവും ഇവിടെ കാണാം.

advertisement

നാൽവർ സംഘമായ കൂട്ടുകാരിൽ, ഹാഷിർ എന്ന യുവാവിലൂടെയാണ് കഥയുടെ പ്രധാന ഫോക്കസ്. തന്റെ അനുജൻ പിറക്കാൻ കുറച്ചുനാളുകൾ ബാക്കി നിൽക്കേ പിതാവിനെ നഷ്‌ടമായ അവന്റെ വളർച്ചാ കാലത്തിലൂടെ ആരംഭിക്കുന്ന തുടക്കം കണ്ട് പലരും ചിരിച്ചെങ്കിലും, അമ്മയ്ക്കും, വീട്ടിൽ തന്നെക്കാൾ പരിഗണന കിട്ടുന്ന അനുജനും ഇടയിൽ ആരുമില്ലാത്തവനെ പോലെ വളർന്നു വരുന്ന ആ കുട്ടിയുടെ ബാല്യത്തിലൂടെ തിരക്കഥ പറഞ്ഞു വയ്ക്കുന്നത് മറ്റൊന്നുമല്ല,'ടോക്സിക് പേരന്റിംഗ്' എന്ന വിപത്താണ്.

ഇളയകുഞ്ഞിനെ എങ്ങനെ സ്നേഹിക്കണം എന്നറിയാവുന്ന അമ്മ അനുജനെ മുത്തം കൊടുത്ത് സ്‌കൂളിലേക്ക് തന്റെയൊപ്പം പറഞ്ഞുവിടുമ്പോൾ, 'എനിക്ക് മുത്തമില്ലേ' എന്ന മട്ടിൽ ഒരു നോട്ടത്തോടെ അനുജന്റെ കൈപിടിച്ച് നടന്നുനീങ്ങുന്ന മൂത്തവൻ. നീറുന്ന മനസോടെ ജീവിച്ച ആ കുട്ടി വളർന്നു വലുതായി പേടകത്തിൽ കേറി ചന്ദ്രനിൽ പോണം എന്നൊക്കെ പ്രതീക്ഷവെയ്ക്കുന്നത് കൊഞ്ചം ഓവറല്ലേ സാർ?

advertisement

ഇത്തരത്തിൽ പരിഗണന കിട്ടാതെ പോകുന്ന നാല് യുവാക്കൾ ഒത്തൊരുമിച്ച് കൂടി നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ചാൽ, അതിന് അവർ മാത്രമാണോ കാരണക്കാർ? ഈ സമൂഹത്തിൽ അതിന്റെ കാരണം കണ്ടെത്തി ഉന്മൂലനം നടത്തേണ്ടതിന്റെ ആവശ്യകതയാണ് സിനിമയുടെ പ്രമേയം.

'കുട്ടികളേ, ആ വഴിയേ പോയാൽ അവിടൊരു വലിയകുഴിയുണ്ട്, വീണാൽ കൈകാലുകൾ ഒടിഞ്ഞേക്കും' എന്ന് ഉപദേശിച്ചാൽ 'തള്ളവൈബ്', 'തന്തവൈബ്' വിളികൾ ഉയരുന്ന കാലഘട്ടത്തിൽ, ഈ സിനിമ അതിന്റെ സന്ദേശം നൽകുന്നത് മുതിർന്നവരിലൂടെയല്ല, ഇരകളായി മാറിയ കുട്ടികളിലൂടെയാണ്. അവരുടെ ജീവിതത്തിലേക്ക്, സാഹചര്യങ്ങളിലേക്ക് പിടിച്ച കണ്ണാടിയിലൂടെയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'സിനിമ ഫോർ സൊസൈറ്റൽ ചേഞ്ച്'(സാമൂഹിക പരിവർത്തനം സിനിമയിലൂടെ) എന്ന കാഴ്ചപ്പാടാണ് ഏതാണ്ട് മൂന്നു മണിക്കൂർ നീളുന്ന 'വാഴ II : ബയോപിക്ക് ഓഫ് എ ബില്യൺ ബ്രോസ്' മലയാളത്തിനും മലയാളി പ്രേക്ഷകർക്കും നൽകുക. കണ്ടിരിക്കേണ്ട ഒരു സിനിമ എന്ന് ഇന്നലകളിൽ ഒരു ചിത്രത്തെ വിശേഷിപ്പിക്കാമെങ്കിൽ, അതിന് ഉത്തമോദാഹരണമാണ് ഈ സിനിമ.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Vaazha II review | കുട്ടികൾ എങ്ങനെ 'വാഴകൾ' ആയി മാറുന്നു? എഴുതിത്തള്ളും മുൻപേ തിരിഞ്ഞുനോക്കുക; 'വാഴ II' റിവ്യൂ
Open in App
Home
Video
Impact Shorts
Web Stories