ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ കണക്കനുസരിച്ച്, 'ജനനായകൻ' റിലീസ് ചെയ്തിരുന്നെങ്കിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 150 മുതൽ 200 കോടി രൂപ വരെ കളക്ഷൻ ലഭിക്കുമായിരുന്നു. എന്നാൽ ചിത്രം വൈകിയതോടെ പൊങ്കൽ റിലീസായെത്തിയ ശിവകാർത്തികേയന്റെ 'പരാശക്തി' , ജീവയുടെ 'ടി.ടി.ടി' എന്നീ ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കിയത്. കാർത്തിയുടെ 'വാ വാത്തിയാർ' പൂർണ്ണമായും പരാജയപ്പെട്ടു.
സിനിമകൾ കൃത്യസമയത്ത് റിലീസ് ചെയ്യാത്തത് തമിഴ്നാട്ടിലെ സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് ജി.കെ സിനിമാസ് ഉടമ റൂബൻ മതിവാണൻ പറയുന്നു. ബോളിവുഡിലേതിന് സമാനമായി സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ അടച്ചുപൂട്ടുകയും മൾട്ടിപ്ലക്സുകൾ വിപണി കീഴടക്കുകയും ചെയ്യുന്ന സാഹചര്യം തമിഴ്നാട്ടിലും ഉണ്ടായേക്കാം. 2025 നവംബർ മുതൽ തമിഴ് സിനിമ നേരിടുന്ന ഈ വരൾച്ച 'ജനനായകൻ' എത്തുന്നതോടെ മാറുമെന്ന് കരുതിയ തിയേറ്റർ ഉടമകൾ ഇപ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.
advertisement
നിയമതർക്കങ്ങൾ പരിഹരിച്ച് ഫെബ്രുവരി പകുതിയോടെ ചിത്രം റിലീസ് ചെയ്താലും മറ്റൊരു ഭീഷണി മുന്നിലുണ്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്താൽ രാഷ്ട്രീയ പ്രമേയമുള്ള ചിത്രങ്ങളുടെ പ്രദർശനം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞേക്കാം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഐ.പി.എൽ പരീക്ഷാ സീസൺ ആയതിനാൽ വലിയ ചിത്രങ്ങൾ സാധാരണയായി റിലീസ് ചെയ്യാറില്ല. 'ജനനായകൻ' വൈകുന്നത് ഈ മാസങ്ങളിൽ റിലീസ് ചെയ്യാനിരുന്ന ചെറിയ ചിത്രങ്ങളുടെ ഷെഡ്യൂളിനെയും ബാധിച്ചിട്ടുണ്ട്.
