ഈ വര്‍ഷം മാത്രം യാചകവൃത്തി ആരോപിച്ച് 24,000 പാക്കിസ്ഥാനികളെയാണ് സൗദി അറേബ്യയില്‍ നിന്നു മാത്രം നാടുകടത്തിയിട്ടുള്ളത്. അതേസമയം, പാക്കിസ്ഥാനില്‍ നിന്നുള്ള മിക്ക പൗരന്മാര്‍ക്കും യുഎഇ വിസ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാക് പൗരന്മാരില്‍ ചിലര്‍ രാജ്യത്ത് എത്തിയതിനുശേഷം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് യുഎഇ വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
പാക്കിസ്ഥാന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ (എഫ്‌ഐഎ) നിന്നുള്ള കണക്കുകള്‍ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി ചൂണ്ടിക്കാണിക്കുന്നു. സംഘടിത ഭിക്ഷാടന സിന്‍ഡിക്കേറ്റുകളെ തകര്‍ക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമായി 66,154 യാത്രക്കാരെ ഈ വര്‍ഷം അധികൃതര്‍ വിമാനത്താവളത്തില്‍ ഇറക്കിവിട്ടിരുന്നു.
advertisement
ഇത്തരം ഭിക്ഷാടന ശൃംഖലകള്‍ പാക്കിസ്ഥാന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്നതായി എഫ്‌ഐഎ ഡയറക്ടര്‍ ജനറല്‍ റിഫത്ത് മുഖ്താര്‍ പറഞ്ഞു. ഈ പ്രവണത ഗള്‍ഫ് രാജ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രകളുമായി ബന്ധപ്പെട്ടും കംബോഡിയ, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടും സമാനമായ കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭിക്ഷാടന കുറ്റം ചുമത്തി 24,000 പാക്കിസ്ഥാനികളെ സൗദി അറേബ്യ ഈ വര്‍ഷം നാടുകടത്തിയിട്ടുണ്ടെന്ന് മുഖ്താര്‍ സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് ഏകദേശം 6,000 പേരെയും അസര്‍ബെയ്ജാന്‍ ഏകദേശം 2,500 പാക്കിസ്ഥാനി യാചകരെയും നാടുകടത്തിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തന്നെ ഈ വിഷയം സൗദി അധികൃതരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉംറ വിസ ചൂഷണം ചെയ്ത് മക്കയിലേക്കും മദീനയിലേക്കും ഭിക്ഷക്കാര്‍ എത്തുന്നത് തടയണമെന്ന് കഴിഞ്ഞ വര്‍ഷം റിയാദ് പാക്കിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രവണത നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഉംറ, ഹജ്ജ് തീര്‍ത്ഥാടകരെ അത് പ്രതികൂലമായി ബാധിക്കുമെന്നും സൗദി അറേബ്യയുടെ മതകാര്യ മന്ത്രാലയം അന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ നിയമ വിദഗ്ദ്ധരും ഈ പ്രതിഭാസത്തെ വിശകലനം ചെയ്തിട്ടുണ്ട്. ഭിക്ഷാടനം അവസാനത്തെ ആശ്രയമല്ലെന്നും മറിച്ച് വളരെ ഘടനാപരമായ ഒരു സംരംഭമാണെന്നും അഭിഭാഷകയായ റാഫിയ സക്കറിയ ഡോണ്‍ പത്രത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ ഭിക്ഷാടന വ്യവസായം വളരെ സംഘടിതമായ ഒന്നാണെന്നും നിരവധിയാളുകളെ അതിലേക്ക് റിക്രൂട്ട് ചെയ്തുകൊണ്ട് വിജയം കൈവരിക്കുന്നതായും അവര്‍ എഴുതി. സംരംഭം വിജയിച്ചതിനാല്‍ ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വിപുലീകരണവും ആരംഭിച്ചതായും അവര്‍ വ്യക്തമാക്കി. ഹജ്ജ് കാലത്ത് ഈ ഭിക്ഷക്കാര്‍ പുണ്യസ്ഥലമായ മക്കയിലും മദീനയിലും കടകള്‍ സ്ഥാപിക്കുന്നു. ഇവർ പണത്തിനായി വിദേശ തീര്‍ത്ഥാടകരെ ഉപദ്രവിക്കുന്നുണ്ടെന്നും റാഫിയ സക്കറിയ ലേഖനത്തില്‍ വിശദമാക്കി.
സര്‍ക്കാര്‍ വൃത്തങ്ങളും സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട യാചകരില്‍ ഭൂരിഭാഗവും പാക്കിസ്ഥാനില്‍ നിന്നുള്ള പൗരന്മാരാണെന്ന് വിദേശ പാക്കിസ്ഥാനികളുടെ സെക്രട്ടറി സീഷാന്‍ ഖന്‍സാദ 2024-ല്‍ പറഞ്ഞിരുന്നു. തടവില്‍ കഴിയുന്നവരില്‍ 90 ശതമാനവും പാക് യാചകരാണെന്നും കണക്കുകള്‍ പറയുന്നുണ്ട്.
