രാജ്യത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സാമൂഹിക നിയന്ത്രണത്തിന് ക്രമേണ അയവ് വരുത്തുന്നതിനുള്ള ഒരു ചുവടുവെയ്പ്പാണ് സൗദിയുടെ ഈ നീക്കം. ജിദ്ദയിലും ദമാമിലും മദ്യ വില്പനശാലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് വിവരം. അതേസമയം പദ്ധതി സംബന്ധിച്ച് സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മദ്യം വാങ്ങുന്നതിനുള്ള വ്യവസ്ഥകളും സര്‍ക്കാര്‍ വിപുലീകരിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ ആദ്യത്തെ മദ്യ വില്പനശാല തുറന്നത്. റിയാദിലാണ് ആദ്യ സ്റ്റോര്‍. ഇവിടെ വളരെ നിയന്ത്രിതമായ രീതിയിലാണ് മദ്യ വില്പന. തുടക്കത്തില്‍ വിദേശ നയതന്ത്രജ്ഞര്‍ക്ക് മാത്രമായിരുന്നു മദ്യം നല്‍കിയിരുന്നത്. ഇപ്പോള്‍ പ്രീമിയം റെസിഡന്‍സി പ്രോഗ്രാമിന് കീഴില്‍ പ്രത്യേക പെര്‍മിറ്റ് കൈവശമുള്ള ചില അമുസ്ലീം താമസക്കാര്‍ക്കും മദ്യം നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
advertisement
ഈ റെസിഡന്‍സി പദവിയുള്ള ഒരാള്‍ അടുത്തിടെ റിയാദിലെ സ്‌റ്റോറില്‍ നിന്നും മദ്യം വാങ്ങിയതായി ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സൗദി ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിദഗ്ദ്ധരായ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയെ പിന്തുണയ്ക്കുന്നതിനുമുള്ള പരിഷ്‌കരണ നടപടികളിലൊന്നാണ് കൂടുതല്‍ നഗരങ്ങളില്‍ മദ്യ വില്പനശാലകള്‍ തുറക്കാനുള്ള തീരുമാനവും.
ദീര്‍ഘകാല വിദേശ താമസക്കാര്‍ക്കായി രാജ്യം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള ഒരു നീക്കം കൂടിയാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പരിഷ്‌കരണങ്ങള്‍ കിരീടാവകാശി നടപ്പാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുക, ലിംഗപരമായ വിവേചന നിയമങ്ങള്‍ ലഘൂകരിക്കുക, സംഗീതകച്ചേരികള്‍, സിനിമാ, പൊതുവിനോദപരിപാടികള്‍ എന്നിവ അനുവദിക്കുക തുടങ്ങി സുപ്രധാന സാമൂഹിക പരിഷ്‌കാരങ്ങള്‍ സൗദിയില്‍ നടപ്പാക്കിയിട്ടുണ്ട്. മത പോലീസിന്റെ അധികാരം നിയന്ത്രിക്കുകയും ചെയ്തു.
ആഗോളതലത്തില്‍ കൂടുതല്‍ വിശാലവും മത്സരാധിഷ്ഠിതവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള മുന്നേറ്റത്തെയാണ് പുതിയ മദ്യനയം സൂചിപ്പിക്കുന്നത്.
