ഇതോടെ ഇത്തരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിൽ സമാനമായ കുറ്റങ്ങൾക്ക് അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
സമൂഹ മാധ്യമം ദുരുപയോഗം ചെയ്ത കുറ്റത്തിനാണ് 20-ഉം 24-ഉം വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബഹ്‌റൈന് നേരെ നടന്ന ഇറാൻ ആക്രമണത്തോട് അനുതാപം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതാണ് അറസ്റ്റിലായവരിൽ ഒരാൾക്ക് എതിരെയുള്ള കുറ്റം. ഒരു സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് രണ്ടാമത്തെയാൾ പിടിയിലായത്. ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
advertisement
ഇറാനിയൻ ആക്രമണത്തെ അനുകൂലിക്കുന്ന രീതിയിലെ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച എട്ടുപേരെ കഴിഞ്ഞ ദിവസം ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പിടികൂടിയിരുന്നു. ജനങ്ങളിൽ ഭീതി പടർത്തുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ തകർന്നു കിടക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇത്തരത്തിൽ നിർമ്മിച്ചത്. ഇത് പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ വലിയ തോതിൽ പരിഭ്രാന്തിയുണ്ടാക്കാൻ കാരണമായി.
രാജ്യത്തോടുള്ള വഞ്ചനയും നിലവിലുള്ള മൂല്യങ്ങളുടെയും തത്വങ്ങളുടെയും നഗ്നമായ ലംഘനവുമാണ് ഈ വ്യക്തികളുടെ പ്രവൃത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
