പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതും വ്യോമപാതകളിൽ നിയന്ത്രണം വന്നതുമാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചത്. യുഎഇ വിമാനത്താവള അധികൃതരുടെ നിർദ്ദേശപ്രകാരം ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ നിശ്ചയിച്ചിരുന്ന ഒട്ടേറെ സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സ്ഥിരീകരിച്ചു. തിരക്കേറിയ സമയങ്ങളിൽ സാധാരണ ഷെഡ്യൂളിന് പുറമെ നടത്തുന്ന അധിക സർവീസുകളും താൽക്കാലികമായി വെട്ടിക്കുച്ചതായും എയർ ഇന്ത്യ അറിയിച്ചു.
ദുബായിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോയും അറിയിച്ചു. പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ദുബായ് സർവീസുകളെ ബാധിച്ചേക്കാമെന്നും വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് യാത്രാവിവരങ്ങൾ പരിശോധിക്കണമെന്നും ഇൻഡിഗോ എക്സിലൂടെ യാത്രക്കാർക്ക് നിർദ്ദേശം നൽകി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതരുമായി സഹകരിച്ച് യൂറോപ്പിലേതടക്കമുള്ള വിമാന ശൃംഖലകൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ഇൻഡിഗോ വ്യക്തമാക്കി.
advertisement
യുഎഇ അധികൃതരുടെ നിർദ്ദേശാനുസരണം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാർച്ച് 15-ലെ തങ്ങളുടെ പ്രത്യേക സർവീസുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡൽഹി-ദുബായ് റൂട്ടിൽ എയർ ഇന്ത്യ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. ബാക്കി നാല് വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസും ഡൽഹി-ദുബായ് റൂട്ടിൽ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. നിശ്ചയിച്ചിരുന്ന മറ്റ് അഞ്ച് വിമാനങ്ങളും റദ്ദാക്കി. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ അഞ്ച് വിമാനങ്ങളും ഇന്നത്തെ ദിവസം റദ്ദാക്കിയിട്ടുണ്ട്.
അതേസമയം ഷാർജയിൽ നിന്നുള്ള സർവീസുകൾക്ക് തടസ്സമുണ്ടാവില്ലെന്നാണ് നിലവിലെ വിവരം. ഡൽഹി, കണ്ണൂർ, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നീ നഗരങ്ങളെ ഷാർജയുമായി ബന്ധിപ്പിക്കുന്ന വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാനങ്ങളും സർവീസ് നടത്തുമെങ്കിലും ഇത് അന്നത്തെ സാഹചര്യങ്ങൾക്കും വിമാനത്താവളത്തിലെ സൗകര്യങ്ങൾക്കും അനുസരിച്ചായിരിക്കും.
വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് അധിക തുക നൽകാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും തിരികെ വാങ്ങാനോ (റീഫണ്ട്) അവസരമുണ്ട്. സാഹചര്യം വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതിനാൽ യാത്രക്കാർ എയർലൈനുകളുമായി നിരന്തരം ബന്ധപ്പെടാനും നിർദ്ദേശമുണ്ട്
