ഗുജറാത്തിലെ മോർബിയിൽ മാച്ചു നദിക്ക് (Machchhu river) കുറുകെയുള്ള തൂക്കുപാലം തകർന്നു വീണ് സ്ത്രീകളും കുട്ടികളുമടക്കം നൂറ്റിമുപ്പതോളം ആളുകൾ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
143 വർഷം പഴക്കമുള്ള തൂക്കുപാലമാണ് തകർന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. നവീകരണത്തിനു ശേഷം ഗുജറാത്തി പുതുവത്സര ദിനമായ ഒക്ടോബർ 26 നാണ് പാലം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തത്.
Also Read- \1\6പാലം യുവാക്കൾ മനഃപൂർവം കുലുക്കി; പിന്നാലെ ഗുജറാത്തിലെ തൂക്കുപാലം തകരുന്നതിന്റെ ദൃശ്യം പുറത്ത്
230 മീറ്റർ നീളമുള്ള മാച്ചു നദിയ്ക്ക് കുറുകെയുള്ള പാലത്തിന് വലിയൊരു ചരിത്രം തന്നെയുണ്ട്. അതേക്കുറിച്ച് കൂടുതലറിയാം.
143 വർഷം പഴക്കമുള്ള വിനോദ സഞ്ചാര കേന്ദ്രം
ഗുജറാത്തിലെ മോർബി നഗരത്തിലുള്ള മാച്ചു നദിയിൽ സ്ഥിതി ചെയ്യുന്ന 230 മീറ്റർ നീളമുള്ള തൂക്കുപാലം ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഈ പാലം കാണാൻ എത്താറുണ്ടായിരുന്നു. ഉത്തരാഖണ്ഡിലെ ഗംഗയിലുള്ള രാമൻ ജൂല, ലക്ഷ്മൺ ജൂല പാലങ്ങൾക്കു സമാന്തരമായാണ് ഈ പാലവും നിർമിച്ചിരിക്കുന്നത്. 143 വർഷം മുമ്പ് മോർബിയുടെ മുൻ ഭരണാധികാരി സർ വാഗ്ജി താക്കൂർ നിർമിച്ചതാണ് ഈ പാലമെന്ന് ചരിത്ര രേഖകൾ പറയുന്നു. കൊളോണിയൽ സ്വാധീനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിർമാണം. ദർബർഗഡ് കൊട്ടാരത്തെ നസർബാഗ് കൊട്ടാരവുമായി (അന്നത്തെ രാജകൊട്ടാരങ്ങൾ) ബന്ധിപ്പിക്കുന്നതിനാണ് പാലം നിർമിച്ചത്.
1879 ഫെബ്രുവരി 20ന് അന്നത്തെ മുംബൈ ഗവർണറായിരുന്ന റിച്ചാർഡ് ടെമ്പിളാണ് ഈ തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. പാലം നിർമിക്കാനുള്ള എല്ലാ വസ്തുക്കളും ഇംഗ്ലണ്ടിൽ നിന്നാണ് എത്തിച്ചത്. നിർമാണത്തിന് 3.5 ലക്ഷം രൂപ ചെലവായി. 2001ലെ ഗുജറാത്ത് ഭൂകമ്പത്തിൽ പാലത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
നവീകരണം
ഇക്കഴിഞ്ഞ മാർച്ചു മുതൽ, മാച്ചു പാലം നവീകരിക്കുന്നതിനായി ആറ് മാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബർ 26 ന്, അതായത് അപകടം നടക്കുന്നതിന് അഞ്ചു ദിവസം മുൻപാണ് വീണ്ടും തുറന്നത്. രണ്ടുകോടി രൂപ ചെലവിലാണ് പാലത്തിന്റെ നവീകരണം പൂർത്തിയാക്കിയത്. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തെങ്കിലും നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം അധികൃതർ പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല.
''അത് സർക്കാർ ടെൻഡർ ആയിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് നവീകരണം നടത്തിയ ഒരെവ ഗ്രൂപ്പ് അതിന്റെ വിശദാംശങ്ങൾ നൽകേണ്ടതുണ്ടായിരുന്നു. ഗുണനിലവാര പരിശോധനയും നടത്തേണ്ടതായിരുന്നു. എന്നാൽ അങ്ങനെ ചെയ്തില്ല. സർക്കാരിന് ഇതേക്കുറിച്ച് അറിയില്ലായിരുന്നു'', മോർബി മുനിസിപ്പാലിറ്റി ചെയർമാൻ സന്ദീപ് സിംഗ് സാല എൻഡിടിവിയോട് പറഞ്ഞു.
ചെറുപ്പക്കാർ പാലം കുലുക്കി
ഞായറാഴ്ച ആയതിനാലും ദീപാവലി തിരക്ക് കഴിഞ്ഞിട്ടില്ലാത്തതിനാലും പാലത്തിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. എന്നാൽ, ഏതാനും ചെറുപ്പക്കാർ മനഃപൂർവം പാലം കുലുക്കാൻ തുടങ്ങിയെന്നും ഇതുമൂലം ആളുകൾ നടക്കാൻ ബുദ്ധിമുട്ടിയെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇക്കാര്യം ജീവനക്കാരെ അറിയിച്ചെങ്കിലും അവർ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമി
വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
''പാലത്തിന് മുകളിൽ വലിയ ജനത്തിരക്കായിരുന്നു. ഏതാനും ചെറുപ്പക്കാർ മനഃപൂർവം പാലം കുലുക്കാൻ തുടങ്ങി. അപ്പോൾ ഞാനും കുടുംബവും പാലത്തിനു മുകളിലുണ്ടായിരുന്നു. ഇത് അപകടകരമാണെന്ന് തോന്നിയതിനാൽ, പാലത്തിലൂടെ കുറച്ച് ദൂരം നടന്ന ശേഷം ഞങ്ങൾ തിരിച്ചിറങ്ങി'', വിജയ് ഗോസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''ചിലർ പാലം കുലുക്കുന്നുണ്ടെന്ന് അവിടുന്നു പോരുന്നതിനു മുൻപ് ഞാൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ, ടിക്കറ്റ് വിൽപനയിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. തിരക്ക് നിയന്ത്രിക്കാമുള്ള സംവിധാനമില്ലെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾ പോയി മണിക്കൂറുകൾക്ക് ശേഷം പാലം തകർന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags:Bridge Collapsed, Gujarat