തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാവിലത്തെ പ്രാർത്ഥനയ്ക്ക് ശേഷം വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ ചുറ്റു മതിൽ ചാടികടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിൽ ഏകദേശം 32 ഓളം വിദ്യാർത്ഥികളെ അധ്യാപകർ ഉടൻതന്നെ പിടികൂടി ഹോസ്റ്റലിൽ തിരിച്ചെത്തിയെങ്കിലും 35 ഓളം വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. തുടർന്ന് അധ്യാപകർ പോലീസിൽ വിവരമറിയിക്കുകയും അന്വേഷണത്തിൽ തുമ്മലപ്പാലത്ത് ദേശീയപാതയ്ക്ക് സമീപത്തുനിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ നരസറോപേട്ട് ഡിഎസ്‌പിയും ചിലക്കലൂരിപേട്ട റൂറൽ സിഐയും സ്‌കൂളിലെത്തി വിദ്യാർഥികളുമായി സംസാരിച്ചു. അധ്യാപകർ മോശമായി പെരുമാറുന്നുവെന്നും പീഡനം സഹിക്കാൻ കഴിയാതെയാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും വിദ്യാർഥികൾ പോലീസിനോട് പറഞ്ഞു. ഹോസ്റ്റലിലെ മോശം ഭക്ഷണത്തെക്കുറിച്ചും തങ്ങൾക്ക് മതിയായ കുടിവെള്ളം ലഭിക്കുന്നില്ലെന്നും അധികൃതർ അമിതമായി സ്കൂൾ ഫീസ് ഈടാക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ പോലീസിനോട് പരാതിപ്പെട്ടു. സ്കൂളിൽ അധ്യാപകർ തങ്ങളെ കളിക്കാൻ അനുവദിക്കുന്നില്ലെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു.
advertisement
അതേസമയം വിദ്യാർഥികൾ ഉന്നയിച്ചിരിക്കുന്ന പരാതികൾ അന്വേഷിക്കുമെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കും എന്നും ഡിഎസ്‌പി ഉറപ്പ് നൽകിയിട്ടുണ്ട്. അച്ചടക്കം പാലിക്കണമെന്നും അധികൃതരുടെ അനുമതിയില്ലാതെ സ്കൂൾ വിട്ട്പോകരുതെന്നും അദ്ദേഹം വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.