രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഭീകരർ തിരിച്ചറിയൽ രേഖകൾക്കായി വ്യാജ ആധാർ കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇവരിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ട, ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ക്ഷേത്രങ്ങൾ, മറ്റ് പ്രധാന മതസ്ഥലങ്ങൾ എന്നിവടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന.
advertisement
ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 12 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന് സമാനമായ മറ്റൊരു വൻ ദുരന്തമാണ് ഈ അറസ്റ്റിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിവാക്കിയത്. തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ തന്നെ ഡൽഹി പൊലീസിന് കൈമാറും. സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും പ്രധാന നഗരങ്ങളിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
