അനധികൃത കുടിയേറ്റം ആരോപിച്ച് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുന്ന രണ്ടാമത്തെ ബാച്ച് ഇന്ത്യക്കാരാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ വിമാനം ഇന്ത്യയില്‍ എത്തിയത്. വിമാനത്തില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരും 33 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും എട്ട് പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും മൂന്ന് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും രണ്ട് പേര്‍ വീതം ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവടങ്ങളില്‍നിന്നുള്ളവരും ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വീതമാണ് ഉണ്ടായിരുന്നത്.
advertisement
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അമൃത്സറിലെ അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. അമേരിക്ക നാടുകടത്തിയ പഞ്ചാബ് സ്വദേശികളെ സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് തന്റെ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ''അവരെ തങ്ങളുടെ നാടുകളിലേക്ക് കൊണ്ടുപോകുന്നതിന് ഞങ്ങളുടെ വാഹനങ്ങള്‍ തയ്യാറാണ്,'' മുഖ്യമന്ത്രി പറഞ്ഞു.
കൈവിലങ്ങ് വിവാദം
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി യുഎസ് വ്യോമസേനയുടെ ആദ്യവിമാനം അമൃത്സറില്‍ എത്തിയത്. 104 ഇന്ത്യന്‍ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ കൈകാലുകള്‍ യാത്രയിലുടനീളം ബന്ധിക്കപ്പെട്ടിരുന്നു. അമൃത്സറില്‍ ഇറങ്ങിയതിന് ശേഷം മാത്രമാണ് അവരുടെ കൈകാലുകളിലെ വിലങ്ങ് അഴിച്ചതെന്നും നാടുകടത്തിയ നിരവധിപേര്‍ അവകാശപ്പെട്ടു.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി ഈ വിഷയം അമേരിക്കയിൽ ഉന്നയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ കുടിയേറ്റക്കാരോട് 'മാലിന്യത്തേക്കാള്‍ മോശമായാണ്' പെരുമാറിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.