230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളേജിലേയും മെഘാനി നഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്‌സുകളും ഹോസ്റ്റലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. അതേസമയം 290 ല്‍ ഏറെ പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക്‌ബോക്‌സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ പിൻഭാഗം കത്താതിരുന്നതിനാലാണ് വേഗത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്താനായത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്സിൽ നിന്ന് കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്.
advertisement
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിന് തൊട്ടു പിന്നാലെ വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആർ രൂപാണി (69) അന്തരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു രൂപാണി.
അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ നായരും (39) ഉൾപ്പടുന്നു. ഒമാനിൽ നഴ്‌സായിരുന്ന രഞ്ജിതയ്‌ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.