ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ഭരണത്തുടർച്ച ഉറപ്പാക്കി മുന്നേറുകയാണ്. ആകെയുള്ള 403 സീറ്റുകളിൽ നിലവിൽ ബിജെപി 260 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ് വാദി പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബിജെപി വിജയം തടയാനായില്ല. 135 സീറ്റുകളിലാണ് സമാജ് വാദി പാർട്ടി സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 3 സീറ്റുകളിലും ബിഎസ്പി രണ്ട് സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
advertisement
പഞ്ചാബിൽ എല്ലാവരെയും ഞെട്ടിച്ച് ആം ആദ്മി പാർട്ടി വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. 117 സീറ്റുകളിൽ 93ലും ആം ആദ്മി സ്ഥാനാര്‍ഥികൾ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ കോൺഗ്രസ് 16 സീറ്റുകളിലൊതുങ്ങി. ശിരോമണി അകലാദിൾ ആറ് സീറ്റുകളിലും ബിജെപി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നി രണ്ടു സീറ്റുകളിലും പരാജയപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു അമൃതസർ ഈസ്റ്റ് മണ്ഡലത്തിൽ തോറ്റു. പുതിയ പാർട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം സഖ്യം രൂപീകരിച്ച് മത്സരിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗ പട്യാലയിൽ പരാജയപ്പെട്ടു. ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലും ആം ആദ്മി തരംഗത്തിൽ കടപുഴകിവീണു.
ഉത്തരാഖണ്ഡിലും ബിജെപി ഭരണത്തുടർച്ച നേടി. 70 സീറ്റുകളിൽ 47 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 19 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. എന്നാൽ ഭരണത്തുടർച്ച നേടുമ്പോഴും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആറായിരം വോട്ടുകൾക്ക് പിന്നിലാണ്. കോണ്ഡഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും ലാൽകുവാൻ മണ്ഡലത്തിൽ പരാജയപ്പെട്ടു.
മണിപ്പൂരിൽ 60 സീറ്റുകളില്‍ 24 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുന്നു. നാഷണൽ പീപ്പിൾസ് പാർട്ടി 7 സീറ്റുകളിലും നാഗ പീപ്പിൾസ് ഫ്രണ്ട് 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ഗോവയിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ആകെയുള്ള 40 സീറ്റുകളിൽ 20 എണ്ണത്തിലും ബിജെപി ലീഡ് ചെയ്യുന്നു. 12 സീറ്റുകളിൽ കോൺഗ്രസും 2 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും 2 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും മുന്നിട്ടുനിൽക്കുകയാണ്. പ്രമോദ് സാവന്ത്, വിശ്വജീത് റാണെ എന്നീ ബിജെപി നേതാക്കളിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.