ഏറ്റവുമധികം കാലം ഇന്ത്യ ഭരിച്ച, ഏറ്റവുമധികം സംസ്ഥാനങ്ങളിൽ അധികാരമുണ്ടായിരുന്ന കോൺഗ്രസ്, ഇന്ന് അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ 137 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസിനും പത്തുവർഷത്തെ മാത്രം പാരമ്പര്യമുള്ള ആം ആദ്മി പാർട്ടിയും ഇന്ന് തുല്യരാണ്. ഇരു പാർട്ടികൾക്കും രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഭരണമുള്ളത്. ആം ആദ്മി പാർട്ടിക്ക് നിലവിൽ ഡൽഹിയിലും ഇനി പഞ്ചാബിലും ഭരണത്തിലേറുകയാണ്. എന്നാൽ കോൺഗ്രസ് ഭരണത്തിലുള്ള രണ്ടു സംസ്ഥാനങ്ങളിൽ ഒന്ന് രാജസ്ഥാനും മറ്റൊന്ന് ഛത്തീസ്ഗഢിലുമാണ്. മഹാരാഷ്ട്ര, തമിഴ്നാട് സർക്കാരുകളിൽ പങ്കാളിത്തമുണ്ടെന്നത് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാവുന്ന മറ്റൊരു കാര്യം.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ കോൺഗ്രസിന് അധികാരമുണ്ടായിരുന്നു. ഗോവയിലെയും മണിപ്പൂരിലെയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാൽ ഇന്നത്തെ ഫലം വന്നതോടെ കോൺഗ്രസ് പഞ്ചാബിൽ അടിതെറ്റി വീണു. ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അടുത്തകാലം വരെ കോൺഗ്രസിന് സ്വാധീനമുണ്ടായിരുന്ന കേരളത്തിലും കർണാടകത്തിലും ഭരണത്തിൽ തിരിച്ചുവരാനായില്ല. കേരളത്തിൽ നിന്ന് 19 ലോക്സഭാംഗങ്ങളുണ്ടെന്നത് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനാകുന്നത്.
കോൺഗ്രസിന്‍റെ തകർച്ചയിൽനിന്ന് രാജ്യത്തെ പുതു രാഷ്ട്രീയ ശക്തിയായി ഉയരുകയാണ് ആം ആദ്മി പാർട്ടി. അരവന്ദി കെജ്രിവാളിലൂടെ ഡൽഹിയിൽ അധികാരം പിടിച്ച ആം ആദ്മി പാർട്ടി, അവരുടെ അധിശത്വം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഡൽഹിയോട് ചേർന്ന് കിടക്കുന്ന പഞ്ചാബിൽ വെന്നിക്കൊടി നാട്ടിയതോടെ ആപ്പ് ഇനി കൂടുതൽ സ്ഥലങ്ങളിൽ ബലപരീക്ഷണത്തിന് ഇറങ്ങും. ഒരു സംസ്ഥാന പാർട്ടിയെന്ന നിലയിൽനിന്ന് അവർ ദേശീയ പാർട്ടിയായുള്ള വളർച്ച സ്വപ്നം കാണുന്നു. ഇതിനായി അവർക്ക് പ്രതീക്ഷയേകുന്നത് കോൺഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പ് ലഭ്യമായിരുന്ന ഇടം തന്നെയാണ്. കോൺഗ്രസിന് ബദൽ എന്ന പ്രചാരണം ഏറ്റെടുത്ത് തന്നെയാകും ബിജെപിയെ എതിരിടാൻ ഇനി ആം ആദ്മി പാർട്ടി മുന്നോട്ടുവരിക. അവരുടെ മുന്നേറ്റത്തിൽ കോൺഗ്രസിന്‍റെ നില കൂടുതൽ പരുങ്ങലിലാകുമോയെന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
യുപിയിലും പഞ്ചാബിലും തകർന്നടിഞ്ഞ് കോൺഗ്രസ്: ഗോവയിലും തിരിച്ചടി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് ക്യാംപിൽ കനത്ത നിരാശ. ഭരണത്തിലുണ്ടായിരുന്ന പഞ്ചാബിൽ കോൺഗ്രസ് അടിതെറ്റി വീണു. ഒരുകാലത്ത് തുടർച്ചയായി ഭരിച്ച ഉത്തർപ്രദേശിലും കോൺഗ്രസ് നാമാവശേഷമായി. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ഇത്തവണ പിന്നിൽ പോയി. ഉത്തരാഖണ്ഡിൽ മാത്രമാണ് കോൺഗ്രസിന് നില മെച്ചപ്പെടുത്താനായത്.
വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിന് മൂന്ന് സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. കഴിഞ്ഞ തവണ ഏഴിടത്താണ് കോൺഗ്രസ് ജയിച്ചത്. ഒരു കാലത്ത് കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്ന ഉത്തർപ്രദേശിൽ തിരിച്ചുവരാമെന്ന നേരിയ പ്രതീക്ഷയും അസ്ഥാനത്താക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
Also Read-
Assembly Election 2022 Result | യുപിയിൽ തുടർഭരണം 37 വർഷത്തിന് ശേഷം; ചരിത്രമെഴുതി ബിജെപിയും യോഗി ആദിത്യനാഥും
പഞ്ചാബിലെ തിരിച്ചടിയാണ് കോൺഗ്രസ് ക്യാംപിനെ നിരാശയിലാക്കുന്നത്. ഭരണം കൈയാളിയിരുന്ന സംസ്ഥാനത്ത് പാർട്ടി തകർന്ന് തരിപ്പണമായി. ആകെയുള്ള 117 സീറ്റുകളിൽ 16 ഇടത്ത് മാത്രമാണ് കോൺഗ്രസിന് മുന്നേറ്റമുള്ളത്. അതേസമയം ആം ആദ്മി പാർട്ടി 88 ഇടത്ത് ലീഡ് നേടി ഭരണം ഉറപ്പാക്കിയിട്ടുണ്ട്.
കോൺഗ്രസിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത് ഗോവയിൽ മാത്രമാണ്. എന്നാൽ അവിടെ കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ് ഇത്തവണ പിന്നിലായി. കഴിഞ്ഞ തവണ 17 സീറ്റ് നേടിയിരുന്ന ഗോവയിൽ ഇത്തവണ 14 ഇടത്താണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബിജെപി ഇത്തവണ 19 ഇടത്ത് മുന്നിട്ട് നിൽക്കുന്നുണ്ട്. ആദ്യമായി സാന്നിദ്ധ്യം ഉറപ്പിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് രണ്ടിടത്തും ആം ആദ്മി പാർട്ടി ഒരിടത്തും മുന്നിട്ട് നിൽക്കുന്നു.
Also Read-
Assembly Election 2022 Result | യുപിയിൽ ഇനി യോഗിയും അഖിലേഷും മാത്രം; അപ്രസക്തരായി കോൺഗ്രസും ബി.എസ്.പിയും
ഒരുകാലത്ത് തുടർച്ചയായി ഭരിച്ച മണിപ്പൂരിലും കോൺഗ്രസിന് ശക്തമായ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ് ഇത്തവണ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 12 ഇടത്ത് മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡിൽ മാത്രമാണ് കോൺഗ്രസിന് ആശ്വാസത്തിന് വകയുള്ളത്. അവിടെ ബിജെപിയുടെ സർവ്വാധിപത്യത്തെ ചെറുക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 11 സീറ്റ് മാത്രം നേടിയ കോൺഗ്രസ് ഇത്തവണ 22 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. കഴിഞ്ഞ തവണ 56 സീറ്റുകളുണ്ടായിരുന്ന ബിജെപി ഇത്തവണ 41 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.