അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഫ്ലാറ്റിലെ കോമൺ ഏരിയയിൽ കുട്ടികൾ തീർത്ത പൂക്കളം സിമി നായർ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.
താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം നടന്നത്. ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടത് ചോദ്യം ചെയ്ത് യുവതി തർക്കിക്കുന്നതും ശേഷം പൂക്കളത്തിൽ കയറി നിൽക്കുന്നതും പിന്നീട് പൂക്കളം ചവിട്ടി നശിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നായിരുന്നു യുവതിയുടെ വാദം. പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകുന്നതും കാണാം. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അംഗീകരിക്കുന്നുണ്ടായിരുന്നില്ല.