ബെംഗളൂരുവില കൊത്തനൂരിലാണ് തെലങ്കാന സ്വദേശികളായ ദമ്പതികൾ ആത്മഹത്യ ചെയ്തത്. ഭാനു ചന്ദർ തൂങ്ങിമരിച്ചതിന് പിന്നാലെ ഭാര്യ ഷാസിയ ഫ്ലാറ്റിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. യുഎസിൽ ജോലി നോക്കിയിരുന്ന ഭാനുവിന് അടുത്തിടെയാണ് ജോലി നഷ്ടമായത്. ഏകദേശം 80 ലക്ഷത്തോളമായിരുന്നു യുവാവിന്റെ വാർഷിക വരുമാനം. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജീവമായതോടെ ഭാനുവിന്റെ ജോലി നഷ്ടമാവുകയായിരുന്നു.
രണ്ടര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇക്കാര്യം ഭാനുവിന്റെ വീട്ടുകാർ മാത്രമാണ് അറിഞ്ഞിരുന്നത്. രഹസ്യവിവാഹവും ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾക്ക് വഴിവച്ചിരുന്നു. ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ വലിയ മാനസിക വിഷമത്തിലായിരുന്നു ഭാനു. ഇന്ത്യയിൽ തിരിച്ചെത്തിയ ഭാനു ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. സാമ്പത്തികമായി ഇരുവരും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.
advertisement
ഷാസിയയും കുടുംബവും ഭാനു ചന്ദറിനെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും യുവാവ് മാനസിക സംഘർഷത്തിൽ തന്നെയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷാസിയ ഒരുപാട് തവണ വിളിച്ചിട്ടും ഭാനു പ്രതികരിച്ചില്ല. തുടർന്ന് അയൽക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി വാതിൽ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് ഭാനുവിനെ കണ്ടത്. തുടർന്ന് 20 മിനിറ്റിന് ശേഷം ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് ചാടി യുവതിയും ജീവനൊടുക്കി.
