കോവിഡ്- ലോക്ക്ഡൗൺ സാഹചര്യങ്ങൾ വന്നതിന് ശേഷം ഇതാദ്യമായാണ് തൃണമൂൽ നേതാവിന്‍റെ നേതൃത്വത്തിൽ ഒരു പ്രതിഷേധ റാലി അരങ്ങേറുന്നത്. കേന്ദ്ര സർക്കാരിനെ എല്ലാ ഭാഗത്തു നിന്നും ആക്രമിച്ച മമത, ബിജെപിയാണ് ഏറ്റവും വലിയ മഹാമാരി എന്നാണ് ആരോപിച്ചത്. 'കോവിഡ് 19 അല്ല ഏറ്റവു വലിയ മഹാമാരി. ബിജെപിയാണ്. ദളിതർക്കും പിന്നോക്ക വിഭാഗങ്ങളിൽപെടുന്നവർക്കുമെതിരെ അതിക്രമം അഴിച്ചുവിടുന്ന ഏറ്റവും വലിയ മഹാമാരി.. ഇങ്ങനെയുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ നമ്മൾ അണിനിരക്കണം' റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത പറഞ്ഞു.
advertisement
'ബിജെപിക്കെതിരെ ശബ്ദം ഉയർത്താൻ ഞങ്ങൾക്ക് ഭയമില്ല. നിങ്ങളുടെ വെടിയുണ്ടകളെയും ഭയമില്ല. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാർ എന്നത് മാറി ജനങ്ങൾക്കെതിരായ, ദളിതർക്കെതിരായ കർഷകർക്കെതിരായ സർക്കാരാണുള്ളത്' മമത വ്യക്തമാക്കി.
Also Read-പൊലീസുകാരൻ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി; ഹെഡ് കോൺസ്റ്റബിളിനെതിരെ കേസ്
തന്‍റെ ജാതി മനുഷ്യത്വം ആണെന്ന് പറഞ്ഞ മമത, ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള വിവേചനങ്ങളിൽ വിശ്വസിക്കുന്നില്ലെന്നാണ് അറിയിച്ചത്. അവസാനം വരെ താൻ ദളിതർക്കൊപ്പം നിൽക്കുമെന്നും ഇവർ വ്യക്തമാക്കി. ബിജെപി മഹാമാരിയാണെന്ന് ആവർത്തിച്ച ഇവര്‍ അത് നാടിനെ ഇല്ലാതാക്കിയെന്നും വിമർശിച്ചു. ഹത്രാസ് കേസിൽ യുപി സർക്കാരിനെയും വിമർശിച്ച മമത, ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംഭവം കൈകാര്യം ചെയ്ത രീതി തീർത്തും അപലപനീയമാണെന്നായിരുന്നു കുറ്റപ്പെടുത്തിയത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി തൃണമൂൽ സംഘം യുപിയിലെത്തിയിരുന്നു. എന്നാൽ ഇവരെ പൊലീസ് തടയുകയാണുണ്ടായത്. ഇത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ തൃണമൂൽ അധ്യക്ഷ, പാര്‍ട്ടി എംപി ഉള്ളവരെ പൊലീസുകാർ കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചു.
