അംബേദ്കറെപ്പറ്റി പറയുമ്പോള്‍ ഭരണാടനാ ശില്‍പി എന്ന പൊതുവായ കാര്യം മാറ്റി വച്ചാല്‍ ദളിത് കീഴാളവിഭാഗങ്ങളെ ഉയര്‍ന്ന് വരാന്‍ സഹായിച്ച ചരിത്രപുരുഷനെന്നു പറഞ്ഞു നിര്‍ത്തുകയാണ് പതിവ്. പക്ഷേ അംബേദ്കറെ കൊണ്ട് ഏറ്റവുമധികം ഗുണം ഉണ്ടായിട്ടുള്ളത് ഇന്ത്യയിലെ സവര്‍ണവിഭാഗങ്ങളില്‍പ്പെട്ട ലിബറല്‍ മധ്യവര്‍ഗത്തിനാണ്.
സ്വാതന്ത്ര്യസമരത്തില്‍ നിന്നും ഭീമാകാരനായ ഗാന്ധിയെ തെല്ലൊന്ന് മാറ്റി നിര്‍ത്തിയാല്‍ കീഴാളപക്ഷത്ത് നിന്നുള്ള അനേകായിരം സമരങ്ങള്‍ കാണാം. അത്തരം സമരങ്ങളെ ഫലത്തില്‍ റദ്ദ് ചെയ്ത് കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നത്. സംവരണം അടക്കം അനവധി നിരവധി വിജയങ്ങള്‍ നേടിയെടുത്ത് കൊണ്ടാണ് ആ വെടിനിര്‍ത്തല്‍ ഉടമ്പടിക്കു മുന്നില്‍ കീഴാളജനത അവരുടെ സമര പരമ്പരകള്‍ക്ക് അവധി നല്‍കുന്നത്.
advertisement
കീഴാളവിഭാഗങ്ങളുടെ അന്നത്തെ ഗതിവച്ച് നോക്കിയാല്‍ ഇന്ത്യ ഒരു ആഭ്യന്തരയുദ്ധത്തില്‍ അന്തഛിദ്രം വന്ന് തകര്‍ന്നു പോകേണ്ടതായിരുന്നു. പക്ഷേ അംബേദ്കറുടെ കണിശത അതിന് തടയിട്ടു. വികാരങ്ങളെ ആളിക്കത്തിക്കാന്‍ ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഒരിക്കലും മടിച്ചിട്ടില്ലാത്ത അംബേദ്കര്‍ ചരിത്രത്തിലെ ഒരു ദശാസന്ധിയില്‍ കാണിച്ച ഈ അമാനുഷികമായ പക്വതയ്ക്ക് ലോകചരിത്രത്തില്‍ പോലും സമാനതകളില്ല.
അംബേദ്കറുടെ സഹായം ഒന്ന് കൊണ്ട് മാത്രം സൃഷ്ടിച്ചെടുത്ത ഭരണഘടന കൊണ്ട് ഏറ്റവും സുഖിച്ചിട്ടുള്ളത് പക്ഷേ സവര്‍ണവിഭാഗങ്ങളില്‍പ്പെട്ട ലിബറല്‍ മധ്യവര്‍ഗമാണെന്നു കാണാം. ഏതൊരു വെടിനിര്‍ത്തലും മുന്‍തൂക്കമുള്ളവരുടെ സുഖാനുഭവമായി തീരുന്നു. അത് അപരിഹാര്യമാണ്. ഇന്ത്യയിലെ കീഴാളവര്‍ഗം അനുഭവിക്കുന്ന കഷ്ടതയുടെയും അപമാനത്തിന്റെയും തോത് വച്ച് നോക്കിയാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സവര്‍ണ ലിബറല്‍ മധ്യവര്‍ഗത്തിന് അവരെ തെരുവില്‍ കണ്ടുമുട്ടേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ വളരെ കുറവാണെന്നു കാണാം. അവര്‍ക്കിടയില്‍ യുക്തിഭദ്രവും കണിശവുമായൊരു ഭരണഘടന നിലനിന്നു പോരുന്നു. അതിന്റെ നടത്തിപ്പുകാരുടെ പക്ഷപാതിത്വമാകട്ടെ മിക്കപ്പൊഴും കീഴാളര്‍ക്ക് അഹിതമായും തീര്‍ന്നു. എന്നുവച്ചാല്‍ സവര്‍ണ ലിബറല്‍ മധ്യവര്‍ഗം അവര്‍ക്കനുവദിക്കപ്പെട്ട ഏറ്റവും മികച്ച സന്ധിയെ പോലും, അറിഞ്ഞൊ അറിയാതെയോ ചൂഷണം ചെയ്ത് തങ്ങളുടെ സേഫ് സോണുകള്‍ക്കുള്ളില്‍ പള്ളി കൊള്ളുന്നു.
ഇപ്പോള്‍ അംബേദ്കര്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകുന്നു. ആഭ്യന്തര ഇന്ത്യയിലെ അദൃശ്യമായ ആ മതിലിന് ഇരുഭാഗത്തുമായി അതിന്റെ ജനത ഒരിക്കല്‍ കൂടി കൂട്ടം കൂടുകയാണ്. ഭരണഘടനയുടെ സൃഷ്ടി ഒരു പാലാഴി മഥനമായിരുന്നെങ്കില്‍ അമൃതകുംഭം ഏകപക്ഷീയമായി തട്ടിക്കൊണ്ട് പോകുന്നത് അനുവദനീയമല്ല. പക്ഷെ ആ മതില്‍ തന്നെ പൊളിച്ച് മാറ്റാനുള്ള തീരുമാനത്തിലേക്കാണ് സവര്‍ണപക്ഷത്തിന്റെ രാഷ്ട്രീയരൂപങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് വശമായിരിക്കുന്ന മൂലധനശക്തിയും സങ്കേതികവിദ്യയും അതിന് വേണ്ടി ചിലവഴിക്കാന്‍ അവര്‍ തയാറാണ്. അതിന്റെ നേതൃത്വമാണെങ്കില്‍ പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും വേണ്ട ഒരുക്കങ്ങളത്രയും പൂര്‍ത്തീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെയൊരു പൊളിച്ചടുക്കല്‍ സംഭവിച്ചെന്നിരിക്കട്ടെ, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ ജാതിജീവിതങ്ങള്‍ ഒരിക്കല്‍ കൂടി മുഖാമുഖം നോക്കി നില്‍ക്കുന്ന സ്ഥിതിവിശേഷം സംജാതമാവും. തന്റെ ശില്‍പം നിരാകരിക്കപ്പെടുന്നത് കണ്ട് നില്‍ക്കാനാകാതെ ഭരണഘടനാശില്‍പിയായ അംബേദ്കര്‍ അന്തര്‍ധാനം ചെയ്യുകയും സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് പരിചയിച്ച രൂക്ഷതയേറിയ ആ പഴയ ഭീംറാവു അയാളുടെ ജനതയാല്‍ പുനരാനയിക്കപ്പെടുകയും ചെയ്‌തേക്കാം.
Also Read ചിദാനന്ദപുരി സന്യാസിവേഷം കെട്ടിയ ആര്‍.എസ്.എസുകാരന്‍; വിമര്‍ശനവുമായി കോടിയേരി
