ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ കലാപത്തില്‍ ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. ബന്ധുക്കളെ നഷ്ടപ്പെട്ടവരും വീടുകളും തൊഴിലിടങ്ങളും നഷ്ടപ്പെട്ടവരും അതിലേറെ. വിവിധ കോളനികളിൽ വീടുകൾക്കുള്ളിൽ ഒളിച്ചിരുന്ന നൂറുകണക്കിന് മുസ്ലീം കുടുംബങ്ങളിൽ ബിഎസ്എഫ് ജവാൻ മുഹമ്മദ് അനീസിന്റെ കുടുംബവുമുണ്ട്.
ഫെബ്രുവരി 25ന് അക്രമികള്‍ മുസ്ലീങ്ങളുടെ ഭവനങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. വീടിന് പുറത്ത് ജവാന്‍ ആണെന്ന് തിരിച്ചറിയുന്നതിന് സ്ഥാപിച്ചിരുന്ന നെയിം പ്ലേറ്റ് അക്രമികളെ പിന്തിരിപ്പിക്കുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. പ്രാർഥിക്കുകയും ചെയ്തിരുന്നു.
advertisement
ഹൗസ് നമ്പർ 76. മുഹമ്മദ് അനീസ്. ബിഎസ്എഫ് ജവാൻ എന്ന് നെയിം പ്ലേറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ അക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാൻ അത് മതിയായിരുന്നില്ല.
ആദ്യം വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്ക് തീവെച്ചു. നിമിഷങ്ങൾക്കകം തന്നെ അക്രമികൾ വീടിനു നേരെ കല്ലേറും നടത്തി. പാകിസ്ഥാനി ഇവിടെ വരൂ. നിനക്ക് പൗരത്വം നൽകാം- ഇങ്ങനെ വിളിച്ചു കൊണ്ട് ഗ്യാസ് സിലിണ്ടർ വീടിനു നേരെ വലിച്ചെറിഞ്ഞ് തീ കത്തിക്കുകയായിരുന്നു.
2013ൽ ബിഎസ്എഫിൽ ചേർന്ന അനീസ് മൂന്ന് വർഷത്തോളം ജമ്മുകശ്മീരില്‍ ജോലി നോക്കിയിട്ടുണ്ട്. അക്രമം നടക്കുമ്പോൾ അനീസിനൊപ്പം അച്ഛന്‍ മുഹമ്മദ് മുനിസ്, അമ്മാവൻ മുഹമ്മദ് അഹമ്മദ്, ബന്ധു നേഹ പർവീൺ എന്നിവരും വീട്ടിലുണ്ടായിരുന്നു. അടുത്ത് എന്ത് സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ അവർ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പാരാമിലിറ്ററി സംഘം ഇവരെ സഹായിച്ചു.
പാരാമിലിട്ടറി സംഘവും ഇവരുടെ സഹായത്തിനായി എത്തി. വീട് നിന്നിടത്ത് ഇപ്പോള്‍ കെട്ടിടത്തിന്റെ കരിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇവര്‍ താമസിക്കുന്ന പ്രദേശത്ത് 35-ഓളം വീടുകള്‍ അക്രമികള്‍ തീവെച്ചുനശിപ്പിച്ചു. ഒരാളുടെ വീട് മാത്രമാണ് ആക്രമണത്തില്‍ നിന്നും ഒഴിവായത്.
വീടിനൊപ്പം ഇത്രയും കാലത്തെ സമ്പാദ്യം മുഴുവനും അനീസിന്റെ കുടുംബത്തിന് നഷ്ടമായി. അടുത്ത മൂന്ന് മാസത്തിനിടെ രണ്ട് വിവാഹങ്ങൾ നടക്കാനിരുന്ന കുടുംബമായിരുന്നു ഇത്.
ഏപ്രിലിൽ നേഹ പർവീണിന്റെയും മേയിൽ അനീസിന്റെയും വിവാഹങ്ങളായിരുന്നു നടക്കാനിരുന്നത്. പണവും സ്വർണവുമടക്കം ഇക്കാലമത്രയും സമ്പാദിച്ച എല്ലാം നഷ്ടമായതായി കുടുംബം പറഞ്ഞു.
ഹിന്ദുക്കൾ ഏറെയുള്ള പ്രദേശമാണ് ഖജൂരി ഖാസ്. അതേസമയം അയൽക്കാർ ആരും അക്രമങ്ങളിൽ പങ്കാളികളായിരുന്നില്ലെന്ന് അനീസിന്റെ കുടുംബം പറഞ്ഞു. പുറത്തു നിന്നുള്ളവരായിരുന്നു അക്രമികൾ എന്നാണ് ഇവർ പറയുന്നത്. കലാപകാരികളോട് മടങ്ങിപ്പോകാൻ ഇവർ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
