മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയ്ക്ക് സമീപം നടന്ന വാഹനപകടത്തിലാണ് ടാറ്റ സൺസ് മുൻചെയർമാൻ കൂടിയായ സൈറസ് മിസ്ത്രി മരിച്ചത്. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സുഹൃത്ത് ജഹാംഗീർ പണ്ടോളും ഈ അപകടത്തിൽ മരിച്ചിരുന്നു.
അമിതവേഗത, പിൻസീറ്റിലിരുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്, പാലത്തിലെ പാരപെറ്റ് ഭിത്തിയിൽ ക്രാഷ് ബാരിയർ ഇല്ലാത്തത് എന്നിവയാണ് അപകടത്തിന്റെ ആഘാതം കൂടാൻ കാരണമായതെന്നും കണ്ടെത്തിയിരുന്നു. ഷോൾഡർ ലെയിനിലേക്ക് നീണ്ടുനിൽക്കുന്ന പാലത്തിന്റെ ഭിത്തിയാണ് അപകടത്തിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
advertisement
”പല പാലങ്ങളും വീതി കൂട്ടാതെ അതേപടി നിലനിർത്തിയിരിക്കുകയാണ്. വാഹനഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച അവശ്യ ഘടകമാണ് ക്രാഷ് ബാരിയറുകൾ. അവ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, വീതി കൂട്ടാതെ നിലവിലുള്ള പാലങ്ങളുടെ റെയിലിംഗ് മാറ്റി സ്ഥാപിക്കുന്നതിന് ബുദ്ധിമുട്ടാണ്. ഇക്കാര്യം ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ബദൽ മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്” എന്നും റോഡ് ആൻഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഫുഡ്പാത്ത് ഉള്ളതും ഇല്ലാത്തതുമായ എല്ലാ പാലങ്ങളിലും കാരേജ്‌വേയുടെ അരികിലായി ക്രാഷ് ബാരിയർ നൽകണമെന്നും മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സൈറസ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കാറോടിച്ചിരുന്നത് മുംബൈയിലെ ഒരു പ്രശസ്ത ഗൈനക്കോളജിസ്റ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കാർ അമിത വേഗത്തിലായിരുന്നുവെന്നും റോങ്ങ് സൈഡിലൂടെയെത്തി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോളെ (55), ഭർത്താവ് ഡാരിയസ് പണ്ടോളെ (60) എന്നിവർ അപകടത്തിൽ രക്ഷപ്പെട്ടു. മിസ്ത്രി (54), ഡാരിയസിന്റെ സഹോദരൻ ജഹാംഗീർ പണ്ടോളെ എന്നിവർ അപകടത്തിൽ മരിച്ചു. മിസ്ത്രിയും ജഹാംഗീറും പിൻസീറ്റിലാണ് ഇരുന്നത്. കാർ ഓടിച്ചിരുന്ന അനഹിതയ്‌ക്കൊപ്പം ഡാരിയസ് മുൻസീറ്റിലാണ് ഉണ്ടായിരുന്നത്. പുറകിലുണ്ടായിരുന്ന മിസ്ത്രി ഉൾപ്പെടെയുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ ആകെയുള്ള ഏഴ് എയർ ബാഗുകളിൽ രണ്ടെണ്ണം അപകട സമയത്ത് പ്രവർത്തിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരുന്നു. എന്നാൽ, ഹൈവേയുടെ ഈ ഭാഗത്ത് വേഗ പരിധി 40 കിലോമീറ്റർ മാത്രമായിരുന്നു.