നിയമപ്രകാരം ചോദ്യപേപ്പർ ചോർത്തുകയോ ഉത്തരക്കടലാസിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഏതൊരു വ്യക്തിക്കും മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ തടവും ഒരുകോടി രൂപയില്‍ കുറയാത്ത പിഴയും ലഭിക്കും. നിയമം അനുസരിച്ചുള്ള വ്യവസ്ഥകൾ ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
advertisement
നീറ്റ് പരീക്ഷയിലും നെറ്റ് പരീക്ഷയിലും നടന്ന ക്രമക്കേടുകളെത്തുടർന്ന് ഉണ്ടായ ആശങ്കകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പരീക്ഷകളുടെ സുതാര്യതയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. ഒപ്പം സർക്കാരിലും സംവിധാനങ്ങളിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്ലബ്ലിക് എക്സാമിനേഷൻ ആക്ട് ഈ വർഷം ഫെബ്രുവരി 5 നാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ലോക്സഭ പാസാക്കിയ ബിൽ ഫെബ്രുവരി ആറിന് രാജ്യസഭയും അംഗീകരിച്ചിരുന്നു. ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അനുമതി നൽകുകയും ബിൽ നിയമമായി മാറുകയും ചെയ്തിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ യുജിസി - നെറ്റ് 2024 പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ വ്യാഴാഴ്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.