ജമ്മു കശ്മീരിന്റെ സമഗ്ര വികസനം ഉറപ്പാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാർലമെന്റിൽ വാഗ്ദാനം ചെയ്തതുപോലെ ജമ്മു കശ്മീരിന്റെ ഭാവി ചർച്ച ചെയ്യപ്പെട്ടു. മണ്ഡല പുനർനിർണയവും സമാധാനപരമായ തിരഞ്ഞെടുപ്പും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലുകളാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മണ്ഡല പുനർനിർണയത്തിന് ശേഷം തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്ന് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടതായി പങ്കെടുത്തവരിൽ ഭൂരിഭാഗവും ഈ ആശയത്തോട് സന്നദ്ധരാണെന്നുമാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയും ഇതിനോട് അനുകൂലമായ സമീപനം സ്വീകരിച്ചു. ജമ്മു കശ്മീർ ചരിത്രത്തിൽ ആദ്യമായി ബ്ലോക്ക് ലെവൽ തിരഞ്ഞെടുപ്പ് നടന്നതായും ജില്ലാ വികസന കൗൺസിലുകളിലൂടെ പുതിയ തലത്തിലുള്ള ജനാധിപത്യം സൃഷ്ടിക്കപ്പെട്ടുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് പോളിംഗ് പഞ്ചായത്തുകളെയും ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാളും 51% കൂടുതലാണ്, നിലവിലെ 4,483 സർപഞ്ചുകളിൽ 3,650 പേർ തിരഞ്ഞെടുക്കപ്പെട്ടു. വികസനത്തിനായി മൂവായിരം കോടി രൂപയുടെ സാമ്പത്തിക അധികാരം പഞ്ചായത്തുകൾക്ക് കൈമാറിയതായി കേന്ദ്രം അറിയിച്ചു.
യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കണമെന്ന് കേന്ദ്രം രാഷ്ട്രീയ പാർടി പ്രതിനിധികളോട് പറഞ്ഞു. സ്കിൽ ഇന്ത്യയുടെ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ കോവിഡ് വാക്സിനേഷൻ വളരെ സുഗമമായി നടത്തിവരുന്നു.
ജനാധിപത്യം എത്രത്തോളം സുഗമമായി പുനഃസ്ഥാപിക്കാമെന്നതിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇത് താഴ്വരയിലെ വികസനത്തിലും സഹായകരമാകുമെന്നും വെളിപ്പെടുത്തുന്നു. ആർട്ടിക്കിൾ 370 വിഷയം കശ്മീർ മുൻ ഉപമുഖ്യമന്ത്രി നിർമ്മൽ സിങ് ചൂണ്ടിക്കാട്ടിയപ്പോൾ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ പാർട്ടികൾ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ തടവുകാരുടെ മോചനം ഉറപ്പാക്കാൻ നടപിട എടുക്കുമെന്ന് പ്രധാനമന്ത്രി സർവ്വകക്ഷിയോഗത്തിൽ ഉറപ്പ് നൽകി.
കശ്മീരിലെ മുന്‍കാല നാല് മുഖ്യമന്ത്രിമാരടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ 14 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്രത്തെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പങ്കെടുത്തു.
