1950-ലെ ഭരണഘടനാ പട്ടികജാതി ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. ഈ മൂന്ന് മതങ്ങൾ അല്ലാത്ത മറ്റേതെങ്കിലും മതത്തിലേക്ക് മാറുന്ന നിമിഷം ആ വ്യക്തിയുടെ പട്ടികജാതി പദവി ഇല്ലാതാകും. ജനനം കൊണ്ട് ആ സമുദായത്തിൽപ്പെട്ട ആളാണെങ്കിലും മതപരിവർത്തനത്തോടെ ഈ ആനുകൂല്യം നഷ്ടപ്പെടുമെന്ന് കോടതി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ ചിന്താട ആനന്ദ് എന്ന വ്യക്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിലയിരുത്തൽ. ക്രിസ്തുമതത്തിലേക്ക് മാറി പത്തുവർഷത്തിലേറെയായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു ഹർജിക്കാരൻ. തന്നെ മർദ്ദിച്ചവർക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ് എടുക്കണമെന്ന് ആനന്ദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ സജീവമായി ക്രിസ്തുമതം പിന്തുടരുന്നയാളായതിനാൽ എസ്‌സി പദവിക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്ര ഹൈക്കോടതി നേരത്തെ എഫ്‌ഐആർ റദ്ദാക്കിയിരുന്നു. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി ശരിവെച്ചത്.
advertisement
ജാതി വിവേചനമില്ലാത്ത മതങ്ങളിലേക്ക് മാറുന്നതോടെ എസ്‌സി പദവി സ്വയമേവ റദ്ദാക്കപ്പെടുമെന്നും കൈവശം പഴയ ജാതി സർട്ടിഫിക്കറ്റ് ഉണ്ടെന്നത് ഇതിന് പരിഹാരമല്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരൻ തിരികെ തന്റെ പഴയ മതത്തിലേക്കോ സമുദായത്തിലേക്കോ മാറിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇയാൾക്ക് നിയമപരമായ സംരക്ഷണം നൽകാനാവില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
