ബിഎസ്-3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബിഎസ്-4 ഡീസല്‍ കാറുകള്‍ക്കും ഇക്കഴിഞ്ഞ മാസമാണ് ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഡല്‍ഹിയില്‍ വായുമലിനീകരണം കൂടിയ സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.
പിഴ ചുമത്തിയ രസീതിന്റെ ചിത്രമടങ്ങുന്ന വീഡിയോയാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ബിഎസ് -3 കാറുകളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് ടൊയോട്ട കൊറോള ആള്‍ട്ടിസ്. ഈ വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അല്ലെങ്കില്‍ ഇതുപോലെ വലിയ തുക പിഴയടയ്‌ക്കേണ്ടിവരുമെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.
കുറച്ച് സമയത്തിനുള്ളില്‍ നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുകയും ചെയ്തു. വായുമലിനീകരണം കുറയ്ക്കാനായി എടുക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ സ്വാഗതാര്‍ഹം ആണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നാണ് വേറൊരാള്‍ കമന്റ് ചെയ്തത്.
‘എന്റെ ചില സുഹൃത്തുക്കള്‍ അമേരിക്കയിലെ ഒഹിയോവില്‍ ഉണ്ട്. അവര്‍ ഇപ്പോഴും അവിടെ വിന്റേജ് കാറുകള്‍ ഓടിക്കുന്നു. യാതൊരു നിയന്ത്രണവുമില്ല. അവര്‍ക്കൊന്നും യാതൊരു കുഴപ്പവുമില്ല,’ എന്നായിരുന്നു ഒരാളുടെ കമന്റ്.
Also read-ജനറല്‍ ടിക്കറ്റെടുത്തവര്‍ക്കും സ്ലീപ്പർ യാത്ര അനുവദിക്കാൻ ഇന്ത്യന്‍ റെയില്‍വേ
ഇങ്ങനെപോയാല്‍ ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും കാര്‍ വാങ്ങിക്കേണ്ട സ്ഥിതി വരുമെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. കാറിന്റെ മോഡല്‍ ഒന്നും ഒരു വിഷയമല്ല. എത്രമാത്രം മലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്നായിരുന്നു ഒരാളുടെ കമന്റ്.
രാജ്യ തലസ്ഥാന മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണം കണക്കിലെടുത്ത് നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്‌കൂളുകളില്‍ 8-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ ഉത്തരവിറക്കിയിരുന്നു. ഗൗതം ബുദ്ധ് നഗറിലെ സ്‌കൂള്‍സ് ഡിസ്ട്രിക്റ്റ് ഇന്‍സ്പെക്ടര്‍ ധര്‍മ്മവീര്‍ സിംഗാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2022 നവംബര്‍ 8 വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചത്. 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും കഴിയുന്നത്ര ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
എല്ലാ സ്‌കൂളുകളിലും സ്പോര്‍ട്സ്, മീറ്റിങുകള്‍ പോലെയുള്ള ഔട്ട്ഡോര്‍ ആക്ടിവിറ്റികള്‍ നവംബര്‍ 8 വരെ അനുവദനീയമല്ലെന്നും ഉത്തരവില്‍ പറയുന്നു. ” എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ എല്ലാ സ്‌കൂളുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും കഴിയാവുന്നത്ര ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്, ” സിംഗ് പറഞ്ഞു.
നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1,800 സ്‌കൂളുകള്‍ ഗൗതം ബുദ്ധ് നഗറിലുണ്ടെന്ന് ഓഫീസര്‍ പറഞ്ഞു. ഡല്‍ഹിക്ക് സമീപമുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗങ്ങളായ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും കനത്ത പുക മൂടിയതോടെ വായുഗുണനിലവാര സൂചിക ഗുരുതരമായിരിക്കുകയാണ്.
ഡല്‍ഹിയിലെ വായുമലിനീകരണം തടയാനുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കത്തതിനെ വിമര്‍ശിച്ച് മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണയും രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ഇനിയും നടപ്പാക്കിയില്ലെങ്കില്‍ സുപ്രീം കോടതിക്ക് കര്‍മ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മലിനീകരണം നിയന്ത്രിക്കാനുള്ള മുന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതില്‍ സംസ്ഥാനങ്ങളെ വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍ കേന്ദ്രം എന്ത് നിര്‍ദേശം നല്‍കിയെന്നും ചോദിച്ചു.
നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായില്ല എങ്കില്‍ കോടതിക്ക് കര്‍മ്മസമിതി രൂപീകരിക്കേണ്ടി വരുമെന്നും അന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
അതേസമയം കോടതിയുടെ നിര്‍ദേശങ്ങളെല്ലാം നടപ്പിലാക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. മലിനീകരണം നിയന്ത്രിക്കാനായി എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന വിവരം സമര്‍പ്പിക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി.