കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്ത മീന്‍കച്ചവടക്കാരനായ സഫിഖുള്‍ ഇസ്ലാമിനെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് നാട്ടുകാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. കൈക്കൂലി നൽകാൻ വിസമ്മതിച്ച ഇസ്ലാമിനെ പോലീസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പോലീസ് സ്റ്റേഷനു നേര്‍ക്ക് കല്ലെറിഞ്ഞു. ശേഷം, പോലീസുകാരെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന്‍ കത്തിക്കുകയായിരുന്നു. രണ്ടായിരത്തോളം പേരടങ്ങുന്ന സംഘമാണ് പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്.
എന്നാല്‍ പൊതുസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാണ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്നും അടുത്ത ദിവസം തന്നെ വിട്ടയച്ചെന്നും പോലീസ് പറയുന്നു. ശരീരവേദനയെ തുടർന്ന് ഇയാൾ രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയെന്നും ദൗര്‍ഭാഗ്യവശാല്‍ മരിച്ചെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ, രാവിലെ മീന്‍ വില്‍പ്പനയ്ക്ക് പോയ ഇസ്ലാമിനെ പോലീസ് പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പതിനായിരം രൂപയും താറാവിനെയും നല്‍കിയാല്‍ മാത്രമേ ഇസ്ലാമിനെ വിട്ടയയ്ക്കുള്ളുവെന്ന് പോലീസുകാര്‍ പറഞ്ഞതായും ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
സ്റ്റേഷന് ആക്രമിച്ച സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തതായി അസം ഡിജിപി അറിയിച്ചു. കസ്റ്റഡി മരണ ആരോപണത്തെ തുടർന്ന് സ്റ്റേഷൻ ചുമതലയുള്ള പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.