കൗണ്‍സില്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നാഷണല്‍ ഫിസിക്കല്‍ ലാബോറട്ടറിയാണ് ഈ മഷി വികസിപ്പിച്ചെടുത്തത്. നിലവില്‍ മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡാണ് (എംപിവിഎല്‍) ഈ മഷി നിര്‍മ്മിക്കുന്നത്. വോട്ട് ചെയ്ത വോട്ടര്‍മാരുടെ ഇടതുകൈയ്യിലെ ചൂണ്ടുവിരലിലാണ് ഈ മഷി പതിപ്പിക്കുന്നത്. കള്ളവോട്ട് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ മഷി പുരട്ടുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമായി 55 കോടി വിലമതിക്കുന്ന 26.55 ലക്ഷം കുപ്പി മഷി വിതരണം മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മഷി ഉപയോഗിക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്.
advertisement
1962 മുതല്‍ കര്‍ണാടകയിലെ ഈ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി മഷി നിര്‍മ്മാണം നടത്തിവരുന്നത്.നിലവില്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 19നാണ് ആരംഭിക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതാണ്.
മുന്നില്‍ ഉത്തര്‍പ്രദേശ്
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 25.98 ലക്ഷം കുപ്പി മഷിയാണ് എത്തിച്ചതെന്ന് എംപിവിഎല്‍ അറിയിച്ചു. ഏകദേശം 36 കോടി വിലമതിക്കുന്ന നിര്‍മ്മാണമാണ് അന്ന് നടന്നത്. അന്ന് ഏറ്റവും കൂടുതല്‍ മഷി എത്തിച്ചത് ഉത്തര്‍പ്രദേശിലേക്കായിരുന്നു. 3.64 ലക്ഷം കുപ്പി മഷിയാണ് അന്ന് ഉത്തര്‍പ്രദേശിലെത്തിച്ചത്. ഏറ്റവും കുറവ് മഷി ഉപയോഗിച്ചത് ലക്ഷദ്വീപായിരുന്നു. 125 കുപ്പി മഷി മാത്രമാണ് അന്ന് ലക്ഷദ്വീപിലുപയോഗിച്ചത്.
''നിലവിലെ കണക്ക് അനുസരിച്ച് 26.55 ലക്ഷം മഷി കുപ്പികള്‍ വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും അയച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മഷി അയച്ചത് ഉത്തര്‍പ്രദേശിലേക്കാണ്. 3.58 ലക്ഷം മഷികുപ്പികളാണ് ഉത്തര്‍പ്രദേശിലേക്ക് എത്തിച്ചത്. ലക്ഷദ്വീപിലേക്കാണ് ഏറ്റവും കുറവ് മഷി അയച്ചത്. 110 കുപ്പി മഷിയാണ് ലക്ഷദ്വീപിലേക്ക് അയച്ചത്,'' എന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കെ മുഹമ്മദ് ഇര്‍ഫാന്‍ പറഞ്ഞു.
10 മില്ലി മഷി ഉപയോഗിച്ച് ഏകദേശം 700 പേരുടെ വിരലുകളില്‍ അടയാളം പതിക്കാന്‍ സാധിക്കും. ഒരു പോളിംഗ് സ്റ്റേഷനില്‍ സാധാരണ 1500 വോട്ടര്‍മാര്‍ വരെയാണ് എത്താറുള്ളത്.
നിലവില്‍ തെരഞ്ഞെടുപ്പിനായി രാജ്യത്താകമാനം 12 ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
വോട്ടെടുപ്പിന് മാത്രമല്ല മഷി ഉപയോഗിക്കുന്നത്. കാനഡ, ഘാന, നൈജീരിയ, മംഗോളിയ, മലേഷ്യ, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, മാലിദ്വീപ് തുടങ്ങിയ 25 രാജ്യങ്ങളിലേക്ക് ഈ മഷി കയറ്റി അയക്കാറുണ്ടെന്നും ഇര്‍ഫാന്‍ പറഞ്ഞു.
വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത രീതിയിലാണ് വോട്ടെടുപ്പില്‍ മഷി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചാണ് മഷി വിതരണം നടത്തുന്നത്.
