കാർഷിക നിയമങ്ങൾ പിൻവിലക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിംഗുവിൽ യോഗംചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡിയാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്ത് അയക്കാൻ തീരുമാനിച്ചത്.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ.
1. എല്ലാ കാർഷിക ഉൽപ്പനങ്ങൾക്കും കൃഷിച്ചെലവ് അടിസ്ഥാനമാക്കിയുള്ള താങ്ങുവില അവകാശമാക്കി മാറ്റണം.
2. വൈദ്യുതി നിയമ ഭേദഗതി ബിൽ, 2020/2021 കരട് പിൻവലിക്കുക
3. വായൂ മലിനീകരണ നിയമപ്രകാര കർഷകർക്കുള്ള ശിക്ഷാ വ്യവസ്ഥകൾ നീക്കം ചെയ്യുക
4. കർഷക സമരത്തിന്റെ പേരിലുള്ള കേസുകൾ ഉടൻ പിൻവലിക്കണം.
advertisement
5. ലഖിംപൂർ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണം
6. സമരത്തിനിടെ മരിച്ച 700 കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകണം. രക്തസാക്ഷി സ്മാരകം നിർമിക്കാൻ സിന്ധു അതിർത്തിയിൽ ഭൂമി നൽകണം.
അടുത്ത ശനിയാഴ്ച വീണ്ടും യോഗം ചേർന്ന് കത്തിനുള്ള മറുപടി വിലയിരുത്തും. ഈ യോഗത്തിൽ സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതിലും തീരുമാനം ഉണ്ടാകും. 27-ാം തീയതി വരെ നേരത്തെ നിശ്ചയിച്ച സമരപരിപാടികൾ തുടരാനും സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി തീരുമാനിച്ചു. അതേസമയം കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കി.
നിയമം റദ്ദാക്കൽ ബില്ലിന് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകും. കൃഷി മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണമന്ത്രാലയവും ബില്ലുകൾ തയ്യാറാക്കി വരികയാണ്. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ബില്ലുകൾക്ക് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് കാർഷിക നിയമങ്ങൾ റദ്ദാക്കാനാണ് കേന്ദ്ര നീക്കം.
