ഏപ്രിൽ ഒന്നിനാണ് ഛണ്ഡിഗഢിലെ ബിജെപി ഓഫീസിന് സമീപം ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഐഎസ്ഐയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗവും ചണ്ഡീഗഡ് പൊലീസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലൂടെയാണ് ഭീകര ശൃംഖലയെ തകർത്തത്. പോർച്ചുഗൽ, ജർമനി രാജ്യങ്ങളുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.
ആക്രമണം നടത്തിയ രണ്ട് പേർക്കായുള്ള അന്വേഷണം വ്യാപകമായിട്ടുണ്ട്. ഓപ്പറേഷനിൽ ഗ്രനേഡും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. നിരവധി ഇടനിലക്കാരും ഉപശൃംഖലകളും ഉൾപ്പെടുത്തി പല ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന സംഘമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് അന്വേഷണസംഘം അറിയിച്ചു.
advertisement
ബൈക്കിലെത്തിയ രണ്ട് പേർ ബിജെപി ഓഫീസിന് പുറത്ത് ഐഇഡി എറിഞ്ഞതിന് ശേഷം കടന്നുകളയുകയായിരുന്നു. അപകടത്തിൽ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും നിരവധി വാഹനങ്ങൾ കേടുപാടുകളുണ്ടായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
അതേസമയം, ആക്രമണത്തിന് പിന്നാലെ ഖാലിസ്ഥാനി ഭീകരൻ സുഖ്ജിന്ദേർ സിംഗ് ബബ്ബർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണത്തിന് ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു.
