റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ അപലപിക്കാനുള്ള യുഎൻഎസ്‌സി പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടു നിന്നെങ്കിലും അഭിപ്രായവ്യത്യാസം പരിഹരിക്കാനുള്ള ഏക ഉത്തരമാണ് ചർച്ച എന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. എന്നാൽ ഇതുവരെ, യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തെ ഇന്ത്യ പൂർണമായി അപലപിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്തുകൊണ്ടാകും? റഷ്യൻ യുക്രൈൻ യുദ്ധ വേളയിൽ പോലും നയം വ്യക്തമാക്കുന്നതിൽ ഇന്ത്യ ഇത്ര ജാഗ്രതയോടെ നീങ്ങുന്നത് എന്തുകൊണ്ടാണ്? ഇതിന് പിന്നിലെ അഞ്ച് കാരണങ്ങൾ പരിശോധിക്കാം.
advertisement
- ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ- യുക്രെയ്ൻ പ്രതിസന്ധിയിൽ നയം വ്യക്തമാക്കുന്നതിൽ നിന്നും ചേരി തിരിയുന്നതിൽ നിന്നും ഇന്ത്യയെ കുഴയ്ക്കുന്നത് റഷ്യയുമായി ദീർഘകാലമായുള്ള സൗഹൃദവും അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ പുതിയ സുഹൃത്തുക്കളിൽ നിന്നുള്ള സമ്മർദ്ദവുമാണ്.
- ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ആയുധ വിതരണക്കാരാണ് റഷ്യ. ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി അടക്കമുള്ളവ ഇന്ത്യയിൽ എത്തിയത് റഷ്യയിൽ നിന്നാണ്.
- റഷ്യയിൽ നിർമ്മിച്ച 272 എസ്യു 30 യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. 1,300-ലധികം റഷ്യൻ ടി -90 ടാങ്കുകളും എട്ട് റഷ്യൻ നിർമ്മിത കിലോ ക്ലാസ് അന്തർവാഹിനികളും ഇതിലടങ്ങിയിട്ടുണ്ട്.
- അമേരിക്കയുടെ സമ്മർദ്ദം പോലും വകവയ്ക്കാതെ റഷ്യയുടെ അത്യാധുനിക ദീർഘദൂര സർഫസ് ടു എയർ മിസൈൽ സംവിധാനമായ എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്ന തീരുമാനത്തിൽ ഇന്ത്യ ഉറച്ചുനിന്നിരുന്നു. സർഫസ് ടു എയർ മിസൈൽ സംവിധാനം വാങ്ങുന്നതിനായി 2018ൽ റഷ്യയുമായി 5 ബില്യൺ ഡോളറിന്റെ കരാറിലാണ് ഇന്ത്യ ഒപ്പുവച്ചത്.
- യുഎൻ സുരക്ഷാ കൗൺസിലിൽ എല്ലാ വിഷയങ്ങളിലും റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്നുവെന്നത് ശ്രദ്ധേയമാണ്.
യുക്രൈൻ അധിനിവേശത്തിൽ റഷ്യയ്‌ക്കെതിരെ ശക്തമായ പ്രതികരണത്തിന് തയ്യാറാകാൻ ഇന്ത്യയ്‌ക്ക് മേൽ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നുണ്ട്. വ്യാഴാഴ്ച, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ സംഭാഷണത്തിൽ യുക്രെയ്നിനെതിരായി മുൻകൂട്ടി നിശ്ചയിച്ചതും പ്രകോപനപരവും ന്യായീകരിക്കാനാവാത്തതുമായ റഷ്യയുടെ ആക്രമണത്തിനെതിരെ ഒന്നിച്ച് പ്രതികരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയിൽ അമേരിക്ക ഒരു പ്രധാന പങ്കാളിയാണ്. ഇന്ത്യ ചൈന വിഷയത്തിൽ പോലും അമേരിക്ക ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയുടെ സമ്മർദ്ദം ഇന്ത്യയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.
