വിവിധ രാജ്യങ്ങളുടെ ശക്തിയിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾക്കൊപ്പം ആഗോള ക്രമവും മാറിക്കൊണ്ടിരിക്കുകയാണ്. ചില സമൂഹങ്ങളിലെ രാഷ്ട്രീയത്തിന് ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും സാങ്കേതികവിദ്യ, ഊർജം, സൈനിക ശേഷി, കണക്റ്റിവിറ്റി, വിഭവങ്ങൾ എന്നിവയിലുണ്ടാകുന്ന പുതിയ മുന്നേറ്റങ്ങൾ മത്സരബുദ്ധി വർധിച്ച അന്തരീക്ഷത്തിൽ അപകടസാധ്യതകൾ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ലോകത്ത് മിക്കവാറും എല്ലാ കാര്യങ്ങളും ആയുധമാക്കപ്പെടുകയോ സ്വാധീനത്തിനായി ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ഇത്തരം അന്തരീക്ഷത്തിൽ സുരക്ഷിതമായിരിക്കുക എന്നത് ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇല്ലാത്ത ഒരു ശുഭാപ്തിവിശ്വാസം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും കഴിഞ്ഞ പത്തു വർഷത്തെ മികച്ച പ്രകടനം വരും വർഷങ്ങളിലും ആത്മവിശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യ ഇപ്പോൾ ലോകത്തെ മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണെന്നും ആഗോള ആഘാതങ്ങൾ ഇന്ത്യയുടെ കരുത്തിനെ പരീക്ഷിച്ചുവെങ്കിലും രാജ്യം അതിനെ ദൃഢമായി നേരിട്ടുവെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള പ്രവണതകൾ കണക്കിലെടുത്ത് ദേശീയ ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നത്ര ശേഷികൾ കെട്ടിപ്പടുക്കാൻ ശ്രമിക്കണമെന്നും ചില മേഖലകളിൽ അത് പ്രയാസകരമാണെങ്കിൽ വിശ്വസനീയമായ പങ്കാളിത്തങ്ങളും സ്രോതസ്സുകളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
