ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പും സമാനമായ സംഭവങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നു. 2015ല്‍ ആണ് മതചിഹ്നങ്ങളെ അപമാനിച്ച സംഭവം ഉണ്ടായത്. അന്ന് ഇതിന് എതിരെ വന്‍പ്രക്ഷോഭം നടക്കുകയും തുടര്‍ന്ന് ഫരീദ്‌കോട്ട് ജില്ലയിലെ ബെഹ്ബല്‍ കലാനില്‍ ( Behbal Kalan) നടന്ന പോലീസ് വെടിവെപ്പില്‍ 2 പ്രക്ഷോഭകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2017 ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ എസ്എഡി-ബിജെപി സംഖ്യത്തിന്റെ ( SAD-BJP alliance) നാണംകെട്ട തോല്‍വിക്ക് കാരണമായ ഒരു പ്രധാന ഘടകം ഇതായിരുന്നു.
advertisement
ആരാധനാലയത്തില്‍ അശുദ്ധി വരുത്താനും മതചിഹ്നങ്ങളെ അപമാനിക്കാനുമുള്ള ശ്രമം ഏറ്റവും നിര്‍ഭാഗ്യകരവും ഹീനമവുമായ പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ( Charanjit Singh Channi) അപലപിച്ചു. ഈ കേസുമായി മുന്നോട്ട് പോകുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയും സഹകരണവും ഉറപ്പു നല്‍കുന്നതായി എസ്ജിപിസി പ്രസിഡന്റിനെ വിളിച്ച് അദ്ദേഹം അറിയിക്കുകയും ചെയ്തു.
'സച്ച്ഖണ്ഡ് ശ്രീ ഹര്‍മന്ദര്‍ സാഹിബില്‍ അശുദ്ധിവരുത്താനുള്ള ഹീനമായ ശ്രമം ശരിക്കും ഞെട്ടിപ്പിക്കുന്നതും അത്യന്തം വേദനാജനകവുമാണെന്ന് ' അകാലിദള്‍ രക്ഷാധികാരിയും അഞ്ച് തവണ മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത് ലോകമെമ്പാടുമുള്ള സിഖ് ജനതയുടെ മനസ്സില്‍ തീവ്രവേദനയും രോഷവും ഉണ്ടാകാന്‍ കാരണണായതായും മനുഷ്യരാശിയുടെ ഏറ്റവും വിശുദ്ധമായ ആരാധനാലയത്തില്‍ ഒരു വ്യക്തിക്ക് ഇത്തരമൊരു വേദനാജനകവും ലജ്ജാകരവുമായ കുറ്റകൃത്യം ചെയ്യാന്‍ കഴിയുമെന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ ഗൂഢാലോചനയും അന്വേഷിക്കുകയും പുറത്തു കൊണ്ടു വരികയും അതിനു പിന്നിലുള്ളവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ബാദലിന്റെ മകനും എസ്എഡി പ്രസിഡന്റുമായ സുഖ്ബീര്‍ സിംഗ് ബാദലും സംഭവത്തില്‍ അപലപിച്ചു. ഇത് ഒരു വ്യക്തിയുടെ മാത്രം പ്രവൃത്തിയാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണെന്നും സുഖ്ബീര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് എതിരെയും സുഖ്ബീര്‍ രൂക്ഷ വിമര്‍ശനം നടത്തി. 'ഇത്തരമൊരു ഗൂഢാലോചന നടക്കുന്നതിന്റെ ശക്തമായ സൂചനകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് വിശുദ്ധ സരോവറില്‍ ഗുട്ക സാഹിബ് എറിഞ്ഞ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അതിനുശേഷം, ഇന്നത്തെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളിലേക്ക് നയിച്ച ശക്തമായ ഗൂഢാലോചനയെക്കുറിച്ച് സംസ്ഥാന ഏജന്‍സികള്‍ അറിയാതെയിരിക്കില്ല. എന്നാല്‍, ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യം സംഭവിക്കാതിരിക്കാന്‍ ആരും ഒന്നും ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്താണ് ചെയ്യുന്നത്?' അദ്ദേഹം ചോദിച്ചു.
'ദര്‍ബാര്‍ സാഹിബില്‍ ശ്രീ ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിക്കാന്‍ ശ്രമിച്ച ഭയാനകമായ സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇത്രയും നിന്ദ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ മനുഷ്യനെ പ്രേരിപ്പിച്ചതിന്റെ കാരണം സര്‍ക്കാര്‍ കണ്ടെത്തണം ' മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.
സംഭവം അത്യന്തം അപലപനീയമാണെന്നും സമഗ്രമായി അന്വേഷിക്കണം എന്നും പഞ്ചാബ് ബി ജെ പി അധ്യക്ഷന്‍ അശ്വനി ശര്‍മ്മ പറഞ്ഞു. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നടന്ന ഇത്തരം കേസുകളില്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും ശര്‍മ്മ കുറ്റപ്പെടുത്തി.
പഞ്ചാബില്‍ സജീവമായി പ്രചാരണം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സംഭവത്തില്‍ നിരാശ രേഖപ്പെടുത്തി. ''ആളുകള്‍ ഞെട്ടലിലാണ്. ഇതൊരു വലിയ ഗൂഢാലോചനയായിരിക്കാം. കുറ്റവാളികള്‍ക്ക് ഏറ്റവും ശക്തമായ ശിക്ഷ നല്‍കണം' അദ്ദേഹം പറഞ്ഞു.
സി സി ടിവി ദൃശ്യങ്ങളില്‍ കാണുന്നത് മതചിഹ്നങ്ങള്‍ അപമാനിക്കാന്‍ എത്തിയ വ്യക്തിയുടെ പെരുമാറ്റം സാധാരണമാണെന്നും അയാള്‍ ഒറ്റയ്ക്കായിരുന്നുവെന്നും അകാലി നേതാവ് വിര്‍സ സിങ് വാല്‍തോഹ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ആ മനുഷ്യനെ കീഴടക്കിയില്ലെങ്കില്‍, ശ്രീകോവിലില്‍ പ്രവേശിച്ച് ഗുരു ഗ്രന്ഥ് സാഹിബിന്റെ അരികിലുണ്ടായിരുന്ന മഹാരാജ രഞ്ജിത് സിങ്ങിന്റെ വാള്‍ കൈക്കലാക്കിക്കൊണ്ട് കടുത്ത ഈശ്വര നിന്ദ ചെയ്യുമായിരുന്നുവെന്ന് വല്‍തോഹ കൂട്ടിച്ചേര്‍ത്തു. ദേശവിരുദ്ധ, പഞ്ചാബ് വിരുദ്ധ, സിഖ് വിരുദ്ധ ശക്തികള്‍ അല്ലെങ്കില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ പഞ്ചാബിന്റെ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപ മുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ സംഭവത്തെ 'വളരെ അപലപനീയം' എന്നാണ് വിശേഷിപ്പിച്ചത്. ആരാധനാലയത്തില്‍ അശുദ്ധി വരുത്തിയ ആള്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള വിവരങ്ങള്‍ അയാളില്‍ നിന്നും വേര്‍തിരിച്ചെടുക്കാമായിരുന്നു, അങ്ങനെ സത്യം പുറത്തു വരുമായിരുന്നു. എന്നാല്‍, മതനിന്ദ വിഷയത്തില്‍, സിഖ് സമുദായത്തിലെ അംഗങ്ങള്‍ വികാരപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ മുമ്പ് ഉണ്ടായിട്ടുള്ള കേസുകളില്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ബി.ജെ.പി ആരോപണം അദ്ദേഹം തള്ളി കളഞ്ഞു. ശനിയാഴ്ച സുവര്‍ണ്ണ ക്ഷേത്രത്തില്‍ പോലീസിന് പ്രവേശിക്കാന്‍ പോലും അനുവാദമില്ലാത്ത സംഭവം നടന്നതായി രണ്‍ധാവ പറഞ്ഞു.
രണ്ട് മാസത്തിനുള്ളില്‍, മതനിന്ദ ആരോപിച്ച് ഒരാളെ ആള്‍കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഒക്ടോബറില്‍, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ, ലഖ്ബീര്‍ സിങ് എന്നയാളെ, മതനിന്ദ നടത്തിയതിന്റെ പേരില്‍ സിംഗു അതിര്‍ത്തിയില്‍ വെച്ച് അടിച്ചു കൊന്നിരുന്നു.