സംവരണ വിഭാഗത്തിലുള്ളവർക്ക് പോലും അടിസ്ഥാനപരമായ നിലവാരം ഉറപ്പാക്കാൻ നിയമനാധികാരി എന്ന നിലയിൽ സർക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ക്ലാസ് IV ജീവനക്കാരാണെങ്കിൽ പോലും അടിസ്ഥാന ജോലികൾ കൃത്യമായി ചെയ്യാൻ പ്രാപ്തിയുള്ളവരെ വേണം തിരഞ്ഞെടുക്കാൻ എന്നും പൂജ്യമോ നെഗറ്റീവോ മാർക്ക് വാങ്ങുന്ന ഒരാളെ ഒരു ജോലിക്കും അനുയോജ്യനായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ചില സംവരണ വിഭാഗങ്ങളുടെ കട്ട്-ഓഫ് മാർക്ക് 0.0033 എന്ന നിലയിലായിരുന്നു നിശ്ചയിച്ചിരുന്നതെന്ന് ഹർജിയിൽ പറയുന്നു. എന്തുകൊണ്ടാണ് കുറഞ്ഞ യോഗ്യതാ മാർക്ക് നിശ്ചയിക്കാതിരുന്നതെന്ന് കോടതി ചോദിക്കുകയും സംസ്ഥാന അധികാരികളിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു.
advertisement
ഇക്കാര്യം പരിശോധിച്ച കോടതി, ഒന്നുകിൽ ഇത്തരം തസ്തികകളിലേക്കുള്ള പരീക്ഷ അനാവശ്യമാംവിധം കടുപ്പമുള്ളതായിരുന്നു, അല്ലെങ്കിൽ കൃത്യമായ റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്ന് നിരീക്ഷിച്ചു. മിനിമം മാർക്ക് നിശ്ചയിക്കാതിരുന്നതിന് കൃത്യമായ ന്യായീകരണം നൽകാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗുരുതരമായ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നതിനും നിസ്സാരമായ കട്ട്-ഓഫ് മാർക്കുകൾ നിശ്ചയിച്ചതിന്റെ കാരണം വ്യക്തമാക്കുന്നതിനും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ വിഷയം ഗൗരവമായി കാണുമെന്നും കർശനമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി. കേസ് അടുത്തതായി മാർച്ച് 9-ന് വീണ്ടും പരിഗണിക്കും.
