കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തിൽ മരിച്ചു.
advertisement
ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമായിരുന്നു ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെ കമാന‍്റ് ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടത്തിൽ അദ്ദേഹത്തിന് എൺപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇന്ന് രാവിലെയാണ് ക്യാപ്റ്റൻ വരുൺ സിംഗ് മരണപ്പെട്ടതെന്ന് വ്യോമസേനയുടെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു.
കഴിഞ്ഞ വർഷം തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ സാങ്കേതിക തകരാർ ഒഴിവാക്കി വലിയ ദുരന്തത്തിൽ നിന്നും രക്ഷിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി നൽകി ആദരിച്ചിരുന്നു.
