കൂനൂരിൽ ഹെലികോപ്റ്റർ തകർന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരിൽ ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ഗുരുതര പരിക്കുകളോടെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. ഇതിനിടെ, ക്യാപ്റ്റൻ വരുൺ സിങ് മുൻപ് സ്കൂൾ പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്തുവന്നു. കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പുന്ന, അവർക്ക് പ്രചോദനമേകുന്ന വാക്കുകളാണ് കത്തിലുള്ളത്.
കത്തിന്റെ പൂർണരൂപംപ്രിയപ്പെട്ട മാഡം,
1. വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്തും നിങ്ങളും നിങ്ങളുടെ കുടുംബവും സ്‌കൂളിലെ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സ്‌കൂളിലെ 2000 ബാച്ചിൽ പഠിച്ച ഒരു പൂർവ വിദ്യാർത്ഥിയാണ് ഞാൻ. വിങ് കമാൻഡർ അവതാർ സിങ് ആയിരുന്നു അന്നത്തെ പ്രിൻസിപ്പൽ. ഇപ്പോഴത്തെ വൈസ് പ്രിൻസിപ്പൽ മിസിസ് വിജയലക്ഷ്‌മി ഞങ്ങളുടെ ഇംഗ്ലീഷ് അദ്ധ്യാപിക ആയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം എന്നെ എൻഡിഎയിലേക്ക് തിരഞ്ഞെടുത്തു. അതിനുശേഷം ഞാൻ വ്യോമസേനയിൽ ഫ്ലൈയിങ് ബ്രാഞ്ചിൽ ചേർന്നു.
2. അത്യന്തം അഭിമാനത്തോടെയും ഭവ്യതയോടെയുമാണ് ഞാൻ ഈ കത്തെഴുതുന്നത്. 2020 ഒക്റ്റോബർ 12 ന് നിർവഹിച്ച ഒരു ധീരകൃത്യത്തിന് ഈ വർഷം ഓഗസ്റ്റ് 15 ന് ഇന്ത്യൻ രാഷ്‌ട്രപതി എന്നെ ശൗര്യചക്ര നൽകി ആദരിച്ചു. സ്‌കൂളിലും എൻഡിഎയിലും പിന്നീട് വ്യോമസേനയിലും എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാ വ്യക്തികൾക്കും ഞാൻ ഈ ബഹുമതി സമർപ്പിക്കുകയാണ്. അദ്ധ്യാപകരുടെയും പരിശീലകരുടെയും സഹപ്രവർത്തകരുടേയുമൊക്കെ അകമഴിഞ്ഞ പിന്തുണയുടെയും നിർദ്ദേശങ്ങളുടെയും ശിക്ഷണത്തിന്റെയും ഫലമായാണ് അന്ന് എനിക്കാ ധീരകൃത്യം നിർവഹിക്കാൻ കഴിഞ്ഞതെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
3. വളരെയധികം മത്സരോത്സുകമായി മാറിയ ഈ ലോകത്ത് വെറും ശരാശരിക്കാരാണ് തങ്ങളെന്ന് കരുതുന്ന കുട്ടികളെ സഹായിക്കാനും പ്രചോദിപ്പിക്കാനും എന്റെ ജീവിതത്തെക്കുറിച്ചുള്ള എന്റെ തന്നെ ചില ചിന്തകൾ നിങ്ങളുമായി പങ്കുവെയ്ക്കണമെന്ന് ഞാൻ കരുതുന്നു.
4. പന്ത്രണ്ടാം ക്ലാസിൽ ഒന്നാം ഡിവിഷൻ മാത്രം നേടിയ ഒരു ശരാശരി വിദ്യാർത്ഥി ആയിരുന്നു ഞാൻ. കായിക ഇനങ്ങളിലും മറ്റു പഠനേതര പ്രവർത്തനങ്ങളിലും ശരാശരി പ്രകടനം മാത്രമാണ് ഞാൻ കാഴ്ച വെച്ചിരുന്നത്. എന്നാൽ, വിമാനങ്ങളോടും വ്യോമയാന മേഖലയോടും എനിക്ക് വലിയ താത്പര്യം ഉണ്ടായിരുന്നു. ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ക്വിസ് മത്സരത്തിൽ ഞാൻ രണ്ടു തവണ സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. രണ്ടും മൂന്നും സ്ഥാനങ്ങൾ ആ മത്സരങ്ങളിൽ നേടാനും എനിക്ക് കഴിഞ്ഞു.
5. എൻഡിഎയിൽ നിന്ന് ഒരു ഓഫീസർ കേഡറ്റായാണ് ഞാൻ പുറത്തിറങ്ങിയത്. എൻഡിഎയിൽ തന്നെ നിയമനം ലഭിക്കാൻ മാത്രം മികച്ച പ്രകടനം ഞാൻ പഠനത്തിലോ കായിക ഇനങ്ങളിലോ പുലർത്തിയിരുന്നില്ല. എഎഫ്എയിൽ എത്തിയപ്പോഴാണ് വ്യോമയാന മേഖലയോടുള്ള എന്റെ താത്പര്യം സഹപാഠികളെ അപേക്ഷിച്ച് എനിക്ക് മുൻതൂക്കം നൽകുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അപ്പോഴും എന്റെ ശരിയായ ശേഷികളിൽ എനിക്ക് ആത്മവിശ്വാസം കുറവായിരുന്നു.
Also Read-
Helicopter Crash| കൂനൂർ ഹെലികോപ്റ്റർ അപകടം: മലയാളി സൈനികൻ പ്രദീപിന്റെ സംസ്കാരം ഇന്ന്6. ഒരു ശരാശരിക്കാരൻ മാത്രമാണ് ഞാൻ എന്നായിരുന്നു എന്റെ വിശ്വാസം. അതിനാൽ മികവ് പ്രകടിപ്പിക്കാൻ ശ്രമിക്കേണ്ട കാര്യമില്ലെന്ന് ഞാൻ കരുതി. ഒന്നിലും മികവ് പ്രകടിപ്പിക്കാൻ അന്നെനിക്ക് കഴിയുന്നുമില്ലായിരുന്നു. എന്നാൽ, ഒരു ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയി മാറിയതോടെ മനസും ഹൃദയവും പൂർണമായും സമർപ്പിച്ചാൽ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് കഴിയാവുന്നത്ര മികച്ച രീതിയിൽ ഞാൻ പ്രവർത്തിക്കാൻ തുടങ്ങി.
7. ഈ ഘട്ടത്തിലാണ് എന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാര്യങ്ങൾ മാറിമറിയാൻ തുടങ്ങിയത്. വിമാനം പറപ്പിക്കലോ മറ്റെന്ത് ജോലിയോ ആവട്ടെ എന്റെ കഴിവുകൾ മുഴുവൻ പുറത്തെടുത്ത് അവ നിർവഹിക്കാൻ ഞാൻ തീരുമാനിച്ചു. വൈകാതെ വലിയ വെല്ലുവിളികൾ നിറഞ്ഞ ഫ്ലൈയിങ് ഇൻസ്ട്രക്റ്റേഴ്സ് കോഴ്‌സിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. കോഴ്‌സിനൊടുവിൽ അഞ്ചിൽ രണ്ടു ട്രോഫികൾ സ്വന്തമാക്കാനും എനിക്ക് കഴിഞ്ഞു.
8. തുടർന്ന് വളരെ പ്രത്യേകതകൾ നിറഞ്ഞതും കഠിന പ്രയത്നം ആവശ്യമുള്ളതുമായ എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റ് കോഴ്സിൽ പങ്കെടുക്കാൻ ഞാൻ സ്വമേധയാ തയ്യാറായി. നാല് ഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയോടു കൂടിയ ഈ കോഴ്‌സിൽ 59 പൈലറ്റുമാരിൽ 7 പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിഞ്ഞുള്ളു. 11 മാസം നീണ്ടുനിന്ന ഈ കോഴ്‌സിലെ കർക്കശ നിയമങ്ങളും പ്രതികൂല സാഹചര്യങ്ങളും അസഹനീയമായതോടെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു പൈലറ്റ് പാതിവഴിക്ക് അത് ഉപേക്ഷിച്ച് പിൻവാങ്ങുകയുമുണ്ടായി.
9. അതിനുശേഷം വിദേശത്തെ മഹനീയമായ സ്റ്റാഫ് കോളേജിലേക്കും എനിക്ക് പ്രവേശനം ലഭിച്ചു. അവിടെ നിന്ന് മടങ്ങിയതിന് ശേഷം എനിക്ക് തേജസ് എയർക്രാഫ്റ്റ് സേനാവിഭാഗത്തിൽ നിയമനം ലഭിച്ചു. ഒരു എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റ് എന്ന നിലയിലുള്ള യോഗ്യത ആയിരുന്നു വെല്ലുവിളി നിറഞ്ഞതും അതോടൊപ്പം ആവേശകരവുമായ ഈ നിയമനത്തിലേക്ക് നയിച്ചത്.
10. ഐഎസ്‌ആർഒയുടെ ഗഗൻയാൻ പദ്ധതിയ്ക്ക് വേണ്ടി ആദ്യം തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിൽ ഞാനും ഉൾപ്പെട്ടിരുന്നു. എന്നാൽ, മെഡിക്കൽ കാരണങ്ങളാൽ അന്തിമ ഘട്ടത്തിലേക്ക് കടക്കാൻ എനിക്ക് കഴിഞ്ഞില്ല. രാഷ്ട്രപതിയുടെ ആദരവ് നേടിത്തന്ന സംഭവം നടക്കുമ്പോൾ എന്റെ വിമാനത്തിന് ഗുരുതരമായ യന്ത്രത്തകരാർ ഉണ്ടായി. വിമാനം ഉപേക്ഷിക്കാനായിരുന്നു എസ്ഓപിയുടെ നിർദ്ദേശം. എന്നാൽ, ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ വിമാനത്തിനോ പൗരന്മാർക്കോ യാതൊരു നാശനഷ്ടവും വരാത്ത വിധത്തിൽ വിമാനം നിലത്തിറക്കാൻ എനിക്ക് കഴിഞ്ഞു.
11. സ്വയം മേനി നടിക്കാനോ അനുമോദനം ആഗ്രഹിച്ചോ അല്ല മേൽപ്പറഞ്ഞ കാര്യങ്ങൾ ഞാൻ ഈ കത്തിൽ സൂചിപ്പിച്ചത്. എന്റെ ജീവിതാനുഭവങ്ങളെ സംബന്ധിച്ച ചില ചിന്തകൾ കുട്ടികളുമായി പങ്കുവെയ്ക്കുന്നത് അവരെ ഭാവിയിൽ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
12. "ശരാശരിക്കാരൻ ആവുക എന്നതിൽ തെറ്റൊന്നുമില്ല. എല്ലാ കുട്ടികൾക്കും സ്‌കൂളിൽ പഠനത്തിൽ മികവ് കാട്ടാൻ കഴിഞ്ഞെന്ന് വരില്ല. എല്ലാവർക്കും 90 നു മുകളിൽ മാർക്കും ലഭിക്കില്ല. അതിന് കഴിഞ്ഞാൽ നിങ്ങൾ അഭിനന്ദനീയമായ കാര്യമാണ് ചെയ്തത് എന്ന കാര്യത്തിലും സംശയമില്ല. പക്ഷേ, സ്‌കൂൾ കാലഘട്ടത്തിലെ ശരാശരി പ്രകടനം ജീവിതത്തിലെ മുന്നോട്ടുള്ള വഴികളിലേക്കുള്ള അളവുകോലല്ല. കല, സംഗീതം, ഗ്രാഫിക് ഡിസൈൻ, സാഹിത്യം എന്ന് തുടങ്ങി നിങ്ങൾക്ക് താത്പര്യം തോന്നുന്ന മേഖലകൾ പിന്തുടരുക. നിങ്ങൾ എന്ത് കാര്യം ചെയ്യുമ്പോഴും അതിൽ പൂർണമായി സ്വയം സമർപ്പിക്കുക, പരമാവധി കഴിവുകൾ പുറത്തെടുക്കുക. എനിക്ക് കൂടുതൽ പരിശ്രമിക്കാമായിരുന്നു എന്ന ചിന്തയോടെ ഉറങ്ങാൻ പോകുന്ന അവസ്ഥ ഒഴിവാക്കുക.
13. ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നോ അക്കാര്യത്തിൽ മികവ് പുലർത്താൻ കഴിയില്ലെന്ന ചിന്ത ഒഴിവാക്കുക. ഒന്നും എളുപ്പത്തിൽ കൈവരില്ല. സമയവും നമ്മുടെ സുഖസൗകര്യങ്ങളും ത്യജിക്കേണ്ടത് ആവശ്യമായി വന്നേക്കും. ഞാൻ ഒരു ശരാശരിക്കാരൻ മാത്രമായിരുന്നു, പക്ഷേ ഇന്ന് ദുഷ്കരമായ നിരവധി നാഴികക്കല്ലുകൾ പിന്നിടാൻ എനിക്ക് കഴിഞ്ഞു. ജീവിതത്തിൽ എന്ത് നേടണമെന്നതിനെ നിർണയിക്കുന്ന ഘടകം പന്ത്രണ്ടാം ക്ലാസിലെ മാർക്ക് ആണെന്ന് കരുതരുത്. നിങ്ങളിൽ സ്വയം വിശ്വാസം പുലർത്തുക. അതിനുവേണ്ടി പരിശ്രമിക്കുക".
14. ഈ കഥയുടെ ചില ഭാഗങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തൽ കുട്ടികളുമായി പങ്കുവെയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും, സാമൂഹ്യമായ സമ്മർദ്ദങ്ങളും പഠനത്തിലെ വെല്ലുവിളികളും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥയും കൊണ്ട് ജീവിതം സങ്കീർണമായിതോന്നുന്ന കൗമാരപ്രായക്കാർ ഇത് കേൾക്കണമെന്ന് ഞാൻ കരുതുന്നു.
15. ഒരു കുട്ടിയിലെങ്കിലും അവനവനിൽ വിശ്വാസമർപ്പിക്കാനുള്ള പ്രചോദനം നൽകാൻ കഴിഞ്ഞാൽ നിങ്ങൾക്ക് ഈ കത്തെഴുതുന്നതിന് പിന്നിലെ ലക്ഷ്യം നിറവേറപ്പെടും.
16. എനിക്ക് ലഭിച്ച അംഗീകാരങ്ങൾ സ്‌കൂൾ വിദ്യാഭ്യാസ കാലം മുതൽ എനിക്ക് ലഭിച്ചിട്ടുള്ള ശിക്ഷണത്തിന്റെയും മാർഗനിർദ്ദേശങ്ങളുടേയുമൊക്കെ ഫലമാണെന്ന് ഒന്നുകൂടി ഞാൻ ആവർത്തിക്കുന്നു. ഞാൻ ഇപ്പോഴും എന്റെ അധ്യാപകരെ അത്യാദരവോടു കൂടിയാണ് കാണുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഞാൻ എത്തിനിൽക്കുന്ന സ്ഥാനത്തിന് ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ സ്വന്തം
വരുൺ സിങ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.