2.23 ലക്ഷം വോട്ടർമാരുള്ള വ്യാര അസംബ്ലി മണ്ഡലത്തിൽ 45 ശതമാനത്തോളം പേർ ക്രിസ്ത്യാനികളാണ്. ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള താപി ജില്ലയിലാണ് ഈ മണ്ഡലം. വയാര സീറ്റ് പൊതുവേ കോൺഗ്രസിന്റെ കോട്ടയായാണ് കണക്കാക്കപ്പെടുന്നത്.
ക്രിസ്ത്യൻ മതം സ്വീകരിച്ച 64 കാരനായ പുനജി ഗാമിത്താണ് 2007 മുതൽ മണ്ഡലത്തിലെ എംഎൽഎ. 2017 ലെ തിരഞ്ഞെടുപ്പിൽ, ബിജെപിയുടെ ചൗധരി അരവിന്ദ്ഭായ് റംസിഭായിയെ 24,414 വോട്ടുകൾക്കാണ് ഗാമിത്ത് പരാജയപ്പെടുത്തിയത്.
advertisement
സാമൂഹിക പ്രവർത്തകനും കർഷകനുമായ മോഹൻ കൊങ്കണി 1995 മുതൽ ഭാരതീയ ജനതാ പാർട്ടി അംഗമാണ്. 2015 ലെ താപി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മാവ്ജി ചൗധരിയെ ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു.
''എന്നിലർപ്പിച്ച വിശ്വാസത്തിന് പാർട്ടിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഡിസംബർ 1 ന് ഞാൻ വ്യാരയിൽ ചരിത്രം സൃഷ്ടിക്കും, അത് തീർച്ചയാണ്. വ്യാരയിലെ രാഷ്ട്രീയ അന്തരീക്ഷം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ 72,000 ക്രിസ്ത്യൻ വോട്ടർമാരുടെ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്'', മോഹൻ കൊങ്കണി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ഡിസംബർ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 89 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും പുറമെ ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളും പ്രചാരണത്തിന് എത്തുന്നുണ്ട്.
Also Read-മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സി.വി ആനന്ദബോസ് പശ്ചിമബംഗാള്‍ ഗവര്‍ണർ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും യഥാക്രമം ഗുജറാത്തിലെ തിരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രിമാരായ വികെ സിംഗ്, ഫഗ്ഗൻ സിംഗ് കുലസ്‌തെ എന്നിവരും റാലികളെ അഭിസംബോധന ചെയ്യാനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
സൗരാഷ്ട്ര, കച്ച്, തെക്കൻ ഗുജറാത്ത് എന്നീ മേഖലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വടക്കു ഭാഗത്തെയും, മധ്യഭാഗത്തെയും 93 സീറ്റുകളിലേക്ക് ഡിസംബർ അഞ്ചിന് വോട്ടെടുപ്പ് നടക്കും.
1995 മുതൽ തുടർച്ചയായി ആറ് തവണ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് വിജയിക്കുന്നത്. ഇത്തവണയും വിജയം ആവർത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനൊപ്പം ഡിസംബര്‍ 8ന് തന്നെ ഗുജറാത്തിലും വോട്ടെണ്ണല്‍ നടത്തും. 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വര്‍ഷം 4.6 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്.